മുംബൈ: മുംബൈ നഗരത്തെ നിയന്ത്രണത്തിന്റെ പാതയിലൊതുക്കുന്ന വളയിട്ട കൈകളിലെ വിസില്‍ മുഴക്കത്തിന് അംഗീകാരം. കാര്യക്ഷമതയും ആത്മാര്‍ത്ഥതയും അഴിമതിരഹിത പ്രവര്‍ത്തനവും വനിതാ ട്രാഫിക്കുകളെ മുംബൈ വാസികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും അഭിനന്ദനത്തിന് അര്ഹരാക്കിയിരിക്കുകയാണ്.
മുംബൈ പോലീസിന്റെ ഭരണതലത്തില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി നടത്തിയ അവലോകനത്തിലാണ് വനിതാ ട്രാഫിക്കുകളുടെ ജനപ്രീതി മുംബൈ പോലീസും തിരിച്ചറിഞ്ഞത്. വനിതാ ട്രാഫിക്കുകളുടെ കാര്യക്ഷമതയില്‍ മുംബൈ വാസികള്‍ സംതൃപ്തരാണെന്നും ജോലിയോടുള്ള ആത്മാര്‍ത്ഥതയും അഴിമതിരഹിത പ്രവര്‍ത്തനവും പ്രശംസാര്‍ഹമാണെന്നും ഒരു മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ അറിയിച്ചു. മുംബൈ പോലീസ് ട്രാഫിക് ബ്രാഞ്ചിന് കീഴില്‍ 300 വനിതാ കോണ്സ്റ്റബിള്മാരെക്കൂടി ഉടന്‍ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
സത്യസന്ധരും പൊതുവെ മൃദുഭാഷികളും യാത്രക്കാരോട് മാന്യമായി പെരുമാറാന്‍ സാധിക്കുന്നവരുമാണ് വനിതാ ട്രാഫിക്കുകളെന്നും ഇവരുടെ ഉന്നതമായ സവിശേഷതകള്‍ പോലീസ് വകുപ്പിന്റെ പ്രതിഛായ ഉയര്‍ത്തിയതായും ഐപിഎസ് ഓഫീസര്‍ അറിയിച്ചു. 800 വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രാദേശിക വിഭാഗത്തില്‍ പുതിയതായി നിയമിക്കുമെന്നും ജോലിസമയത്ത് ഇവരുടെ കുട്ടികളുടെ സംരക്ഷണത്തിനായി ശിശുസംരക്ഷണശാലകളുള്പ്പെടെയുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പുരുഷ പോലീസുദ്യോഗസ്ഥരുടെ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ക്ക് ‘ചുവപ്പ് സിഗ്നല്‍’ കാണിക്കാനും തീരുമാനമായി. മൂന്നും നാലും കോണ്സ്റ്റബിള്മാരുള്ള ഉന്നത പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക വസതികളില്‍നിന്നും കോണ്‍സ്റ്റബിള്‍മാരെ പിന്‍വലിക്കും. ഇത്തരം നിയമലംഘനങ്ങള്‍ അനുവദിക്കില്ല. ജോലി സമയത്ത് അസുഖം നടിക്കുക, മദ്യപിക്കുക തുടങ്ങിയ കൃത്യങ്ങളില്‍ ഏര്‍പ്പെട്ട 1500 കോണ്‍സ്റ്റബിള്‍മാരെ തരംതാഴ്ത്തുവാനും തീരുമാനമായിട്ടുണ്ട്. പോലീസുദ്യോഗസ്ഥര്‍ ജനങ്ങളോട് സൗഹാര്‍ദ്ദപരമായി പെരുമാറണം. ജനങ്ങളോട് മാന്യമായി ഇടപഴകാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ക്ക് കുറ്റകൃത്യനിരക്ക് കുറയ്ക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: