ന്യൂദല്‍ഹി: അഴിമതിക്കെതിരായ പോരാട്ടത്തിന്റെ പേരില്‍ പകപോക്കലിനില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ പ്രവര്‍ത്തിക്കണമെന്നും ദല്‍ഹിയില്‍ സിവില്‍ സര്‍വീസസ് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി തുടച്ചുനീക്കുന്നതോടൊപ്പം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് സധൈര്യം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും നിര്‍ഭയമായി പ്രവര്‍ത്തിക്കുന്നതിനുമുള്ള സാഹചര്യം രൂപപ്പെടുത്തുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജോലിക്കിടയില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടാകുന്ന തന്റേതല്ലാത്ത പിഴവുകള്‍ പൊറുക്കുകയും അവരെ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാണെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു. പൂര്‍ണമായും അഴിമതിമുക്തമായ ഒരു സിവില്‍ സര്‍വീസ് സമൂഹം വാര്‍ത്തെടുക്കുകയെന്നത് ഏറെക്കുറെ അപ്രാപ്യമാണ്.
എന്നാല്‍ ഘട്ടംഘട്ടമായി അഴിമതി തുടച്ചുനീക്കാന്‍ നമുക്കാവുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ക്ക് മുഴുവന്‍ സമയവും ജോലി ചെയ്യേണ്ടി വരും. ഓരോ തീരുമാനങ്ങളെടുക്കുവാനുള്ള ധൈര്യത്തെ തങ്ങള്‍ പ്രോത്സാഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വന്റ്സ് എടുക്കുന്ന ഓരോ തീരുമാനങ്ങളും സത്യസന്ധവും വസ്തുതാപരവുമായിരിക്കണം. സത്യസന്ധരായ, സിവില്‍ സര്‍വന്റ്സ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വയം രക്ഷ നേടുന്നതിനായി തീരുമാനമെടുക്കാത്ത പക്ഷം, സമൂഹത്തിന് വേണ്ടിയോ രാജ്യത്തിന് വേണ്ടിയോ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചൈനയുമായുള്ള ബന്ധം ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് എടുത്തിരിക്കുന്നതെന്നും, രാജ്യത്തെ സമാധാനത്തിനും പുരോഗതിക്കും ഏറെ പ്രാധാന്യം ചൈനയുമായുള്ള ബന്ധം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1988 ല്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി ചൈന സന്ദര്‍ശിച്ചപ്പോഴും 2003ല്‍ പ്രധാനമന്ത്രി വാജ്പേയി സന്ദര്‍ശിച്ചപ്പോഴും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുകയാണ് ഉണ്ടായത്.
വാജ്പേയിയുടെ സന്ദര്‍ശനവേളയില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള അതിര്ത്തിപ്രശ്നങ്ങള് പരിഹരിക്കാന്‍ സാധിച്ചിരുന്നതിനെക്കുറിച്ചും മന്‍മോഹന്‍സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: