ന്യൂദല്‍ഹി: കോടികള്‍ വാഗ്ദാനം നല്‍കിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വിവാദത്തിലകപ്പെട്ട കരസേനാ മേധാവിക്കെതിരെയുള്ള ആരോപണങ്ങള്‍ അവസാനിപ്പിക്കാനും അതിലൂടെ മുഖം രക്ഷിക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമം. കരസേനാ മേധാവിയുടെ ഓഫീസിന് കളങ്കം വരുത്തുന്ന യാതൊന്നിനും അനുവദിക്കില്ലെന്ന് ഇന്നലെ രാഷ്ട്രപതിഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി.
കരസേനയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് വിശാഖപട്ടണത്ത് പ്രതിരോധമന്ത്രി എ.കെ.ആന്റണിയും വ്യക്തമാക്കി. 2010ല്‍ നിലവാരം കുറഞ്ഞ ആയുധങ്ങള്‍ വാങ്ങാന്‍ 14 കോടി രൂപയുടെ വാഗ്ദാനം ലഭിച്ചെന്ന കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞാഴ്ച രാജ്യത്ത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ഇക്കാര്യം താന്‍ ആ അവസരത്തില്‍തന്നെ പ്രതിരോധമന്ത്രിയോട് വ്യക്തമാക്കിയിരുന്നതായും എന്നാല്‍ എന്തെങ്കിലും നടപടിയെടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടതായും രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം കരസേനാ മേധാവി അറിയിച്ചു. ഇതിന് പാര്‍ലമെന്റില്‍ വ്യക്തമായ വിശദീകരണം നല്കാന് പ്രതിരോധമന്ത്രി പരാജയപ്പെട്ടു. തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആന്റണിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. കരസേനാ മേധാവി വി.കെ.സിംഗിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് സിബിഐ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
പ്രധാനമന്ത്രിക്ക് ജനറല്‍ സിംഗ് അയച്ച അതീവ രഹസ്യസ്വഭാവമുള്ള കത്ത് ചോരാനിടയായതും വിവാദത്തിന് കാരണമായി. കത്ത് ചോര്‍ത്തലിന് പിന്നില്‍ കരസേനാ മേധാവി തന്നെയാണെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും പ്രതിപക്ഷ നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.
കേന്ദ്രസര്‍ക്കാരിനെ കോടതി കയറ്റിയ ആദ്യ കരസേനാ മേധാവിയെന്ന ഖ്യാതിയും വി.കെ.സിംഗിനാണ്. ചില ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഒരുവയസ് കുറവാണ് തനിക്കെന്ന വി.കെ.സിംഗിന്റെ വാദം കഴിഞ്ഞവര്‍ഷത്തിന്റെ അവസാന ഘട്ടത്തില്‍ വിവാദത്തിന് കാരണമായിരുന്നു. കേസ് സുപ്രീംകോടതിയിലുമെത്തി. എന്നാല്‍ വിധി തനിക്കെതിരെയാകുമെന്നതിനാല് അദ്ദേഹം കേസ് പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: