അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും നയരൂപീകരണ വിദഗ്ദ്ധനും ഇന്ത്യന്‍ ടെലികോം വിപ്ലവത്തിന്റെ സൂത്രധാരനുമായ സാംപിട്രോഡ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നു.
ജൂലൈയില്‍ നടക്കുന്ന രാജ്യത്തെ പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പിലാണ് മറ്റു ശക്തരായ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പിട്രോഡയുടെ പേരും ഉയര്‍ന്നു വന്നിരിക്കുന്നത്.
എംഎസ് യൂണിവേഴ്സിറ്റിയില്‍നിന്നും ഊര്ജതന്ത്രത്തില് ബിരുദം നേടിയ സത്യനാരായണ ഗംഗാറാം പിട്രോഡ ഗുജറാത്തിലെ സുരേന്ദ്ര നഗര്‍ ജില്ലയിലെ ഹല്വദ് സ്വദേശിയാണ്. രാഷ്ട്രപതി സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ വിജയിക്കുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തുന്ന ആദ്യത്തെ ഗുജറാത്തി എന്ന ബഹുമതി പിട്രോഡയ്ക്ക് ലഭിക്കും.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന്റെ ക്ഷീണം അനുഭവിക്കുന്ന കോണ്‍ഗ്രസിന് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മറ്റുള്ളവരുടെ പിന്തുണ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെയാണ് എല്ലാവരും സ്വീകരിക്കുന്ന ഒരാളെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതും വിജയിക്കുമെന്ന് വിശ്വസിക്കുന്നതും.
ന്യൂനപക്ഷസമുദായം, ദളിത് വിഭാഗക്കാര്‍, ഒബിസി തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ള സ്ഥാനാര്‍ത്ഥിത്വത്തിന് വ്യക്തമായ രാഷ്ട്രീയമുണ്ടായിരിക്കും. എന്നാല്‍ രാഷ്ട്രീയത്തിനതീതമായ രാജ്യതന്ത്രജ്ഞനായ രാഷ്ട്രത്തിന്റെ ആഗോള പ്രതിനിധിയായ ഒരാള്‍ രാഷ്ട്രപതി സ്ഥാനത്ത് എത്തണമെന്ന ആഗ്രഹവും പ്രബലമാണ്. ഈ പരിഗണനയാണ് പിട്രോഡയ്ക്ക് ലഭിക്കുന്നത്.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്സഭാ സ്പീക്കര്‍, മീരകുമാര്‍, ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി, ഡോക്ടര്‍ കരണ്‍ സിങ് തുടങ്ങിയവരാണ് മുന്‍നിരയിലുള്ള മറ്റു സ്ഥാനാര്‍ത്ഥികള്‍. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സാം പിട്രോഡയുടെ പേര് രാഷ്ട്രീയ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രചാരണ വേളയില്‍ രാഹുല്‍ഗാന്ധിയെ അനുഗമിച്ചെത്തിയപ്പോഴാണ് പിട്രോഡയെ ഏവരും ശ്രദ്ധിച്ചു തുടങ്ങിയത്. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ടെലികോം-കമ്പ്യൂട്ടര്‍ വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ പിട്രോഡ അമേരിക്കയില്‍നിന്നും ഇന്ത്യയിലെത്തിയത്.
പ്രധാനമന്ത്രിയുടെ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഇന്നവേഷന്‍ ഉപദേഷ്ടാവാണ് സാം പിട്രോഡ ഇപ്പോള്‍. ഒന്നാം യുപിഎ സര്‍ക്കാരിന്റെ വിജ്ഞാന കമ്മീഷന് ചെയര്‍മാനുമായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: