പെന്ഷന് പ്രായം അമ്പത്തിയാറാക്കി വര്‍ധിപ്പിച്ച് വിരമിക്കല്‍ തീയതി ഏകീകരണം പിന്‍വലിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ യുവജനസംഘടനകള്‍ പ്രക്ഷോഭത്തിലാണ്. പെന്ഷന് പ്രായം അമ്പത്തിയാറാക്കി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 13,000 സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കാനും എല്ലാ തസ്തികകളിലും പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുവാനുമാണ് സര്‍ക്കാര്‍ നീക്കം. മാര്‍ച്ച് 31ന് 13678 പേര് വിരമിക്കുന്ന സാഹചര്യത്തില്‍ 10686 ഒഴിവുകള്‍ പിഎസ്സി വഴി നിയമനം നടത്താനും ബാക്കി 2992 തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യാനുമാണ് പദ്ധതി. സര്‍ക്കാര്‍ അധ്യാപകര്‍ക്ക് പ്രത്യേക പാക്കേജാണ് ബാധകമാക്കുന്നത്. നിയമന ഉത്തരവ് വൈകിയാലും ഏപ്രില്‍ ഒന്നുമുതല്‍ ശമ്പളം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. പെന്ഷന് പ്രായം അമ്പത്തിയാറാക്കുന്നതിനെ എതിര്‍ക്കുന്ന ഇടതുപക്ഷ യുവജന സംഘടനകള്‍ ഇടതുഭരണമുള്ള ത്രിപുരയിലും അവര്‍ അധികാരത്തിലിരുന്ന പശ്ചിമബംഗാളിലും പെന്ഷന് പ്രായം അമ്പത്തിയെട്ടാക്കിയതിനെപ്പറ്റി നിശബ്ദരാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്ഷന് പ്രായം അറുപതാക്കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ജീവനക്കാര്‍ ഈ നടപടിയില്‍ സന്തുഷ്ടരാണ്. അവധിയില്‍ പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരിച്ചുവരുമ്പോള്‍ പ്രമോഷന് വൈകുമെന്ന ആശങ്കയും ഉയര്‍ത്തിയിട്ടുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 4,30,084 പേര്‍ക്ക് സര്‍ക്കാരില്‍ പുതിയ നിയമനം ലഭ്യമാക്കിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് ന്യായീകരണമില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. പെന്ഷന്, കുടുംബ പെന്ഷന്, ഗ്രാറ്റിവിറ്റി മുതലായവയിലുണ്ടായ കുറവ് നികത്തി പൂര്‍ണ പെന്ഷന് വാങ്ങുന്നവരുടെ എണ്ണം കൂട്ടാനാണ് സര്‍ക്കാര്‍ നീക്കം. 3700 കോടി വരുന്ന പെന്ഷന് ആനുകൂല്യത്തില്‍ ഈ നടപടി വഴി 50 ശതമാനം ലാഭിക്കാനാകും. കേരളത്തില്‍ ഇന്ന് ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോള്‍ പെന്ഷന് വാങ്ങുന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ അവര്‍ക്കും പെന്ഷന് പരിഷ്ക്കരണം ആവശ്യമായി വരും. കേരളത്തിലൊഴികെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പെന്ഷന് പ്രായം 58ഉം 60ഉം മറ്റുമാക്കി ഉയര്‍ത്തിക്കഴിഞ്ഞു. ആയുര്‍ദൈര്‍ഘ്യം കൂടിയ സാഹചര്യത്തിലും ഇപ്പോള്‍തന്നെ പെന്ഷന് വാങ്ങുന്നവരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പെന്ഷന് കൂട്ടേണ്ട സാഹചര്യവും വിലയിരുത്തി പെന്ഷന് പ്രായവര്‍ധന പരിഗണിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: