പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മുന്നണികള്‍ ജനദ്രോഹപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് ഭാരതീയ ജനതാപാര്‍ട്ടി പഞ്ചായത്ത് സമിതി കുറ്റപ്പെടുത്തി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പ്ലൈവുഡ് കമ്പനികള്‍ക്കാണ് ഇപ്പോഴത്തെ ഭരണപക്ഷമായ യുഡിഎഫ് അനുമതി നല്‍കുന്നത്. ഇവര്‍ ഭരണത്തില്‍ വന്നിട്ട് കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ഏറ്റവും ജനവാസ കേന്ദ്രമായ 12-ാം വാര്‍ഡിലെ മുട്ടത്തുമുകള്‍ പ്രദേശത്ത് നിരവധി കമ്പനികളാണ് ഉയരുന്നതെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
പ്രതിപക്ഷത്തുള്ള ഇടതു മുന്നണിയാണ് ഇതിനുമുമ്പ് ഇത്തരം കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. എന്നതിനാല്‍ അവരും ഈ നീക്കത്തിന് കൂട്ടുനില്‍ക്കുകയാണ്. ഗ്രാമസഭകളുടെ എതിര്‍പ്പിനെപ്പോലും ഇവര്‍ അവഗണിക്കുകയാണെന്നും ഇത്തരം ജനദ്രോഹ പരമായ കാര്യങ്ങളില്‍ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു കാരണവശാലും അശമന്നൂര്‍ പഞ്ചായത്തില്‍ പുതിയ കമ്പനികള്‍ അനുവദിക്കരുതെന്നും 12-ാം വാര്‍ഡിലെ ധര്‍മ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ബിജെപി പഞ്ചായത്ത് സെക്രട്ടറി സന്തോഷ് ആവശ്യപ്പെട്ടു.
















