ലാഹോര്‍: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ പത്തൊന്‍പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മത പരിവര്‍ത്തനം നടത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട ആളുകള്‍ പ്രതിഷേധവുമായി ലാഹോര്‍ പ്രസ്ക്ലബിലെത്തി. റിംഗിള്‍ കുമാരിയെന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സിന്ധ് പ്രവിശ്യയിലെ ഗോട്കി ജില്ലയിലെ ഒരു പ്രമുഖ വ്യക്തിയുടെ മകനാണ് യുവതിയെ തട്ടിക്കൊണ്ട് പോയത്. പെണ്‍കുട്ടിയുടെ നൂറുകണക്കിന് ബന്ധക്കളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.
മുസ്ലീങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പ്രദേശത്ത് നിന്നും തങ്ങള്‍ക്ക് ഭീഷണി ഉള്ളതായി അവര്‍ പറഞ്ഞു. ഭീഷണികാരണം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സമീപത്തുള്ള ഒരു ഗുരുദ്വാരയില്‍ അഭയം തേടിയിരിക്കുകയാണ്. തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാര്‍ പെണ്‍കുട്ടിയെ കണ്ടെത്തണമെന്ന് പാക് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ മതം മാറ്റിയതാണെന്നും അവളെ രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്നും ബന്ധുക്കള്‍ കോടതിയില്‍ ബോധിപ്പിച്ചു.
പാര്‍ലമെന്റിലെ ദേശീയ അസംബ്ലി അംഗമായ അബ്ദുള്‍ ഹഖ് ആണ് തട്ടിക്കൊണ്ടുപോകലിനു പിന്നില്‍. പ്രദേശത്തെ മജിസ്ട്രേറ്റിനെ നിര്‍ബന്ധിച്ച് തട്ടിക്കൊണ്ടുപോയവര്‍ക്ക് അനുകൂലമാക്കിയെന്നും റിംഗിളിനെക്കുറിച്ച് എഴുതിനല്‍കിയ തെളിവുകള്‍ മാറ്റിവെച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പെണ്‍കുട്ടിയുടെ അച്ഛന് നന്ദലാല്‍ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനാണ്. പ്രദേശിക പാര്‍ലമെന്റ് അംഗത്തിന്റെ മകനായ മിയാന്‍ അസ്ലമും സുഹൃത്ത് നവീദ് ഷായും ചേര്‍ന്ന് വീട്ടില്‍ നിന്നാണ് മകളെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മെട്രിക്കുലേഷന്‍ പരീക്ഷ ജയിച്ച റിംഗ്ലിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. തുടക്കത്തില്‍ മിര്‍പുര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. പിന്നീട് റിംഗിളിനെയും തട്ടിക്കൊണ്ടുപോകാന്‍ കൂട്ടുനിന്ന നവീദ് ഷായെയും മജിസ്ട്രേറ്റ് ഹസന് അലിയുടെമുമ്പില് ഹാജരാക്കി.
തനിക്ക് ഇസ്ലാം ആകേണ്ട എന്നും രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുവാനാണ് താല്പര്യം എന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. എന്നാല്‍ ജഡ്ജി പെണ്‍കുട്ടിയെ വുമണ്‍സ് ഹോമിലേക്കും നവീദ ഷായെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിലും വിട്ടു. പിന്നീട് റിംഗിളിനെ വീണ്ടും മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ കോടതിയില്‍ വിളിപ്പിക്കാതെ റിംഗിളിനെ ഹഖിന്റെ ആളുകള്‍ക്ക് നല്‍കുകയായിരുന്നു.
ആയുധധാരികളായ അനവധി പേര് കോടതിക്ക് പുറത്തുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബക്കാരെ കോടതിയില്‍ കയറ്റാതിരിക്കാനായിരുന്നു ഇത്. കോടതിയുടെ തീരുമാനം അംഗീകരിക്കാന്‍ ഹഖ് നിര്‍ബന്ധിക്കുകയായിരുന്നു. പ്രതിഷേധിച്ചാല്‍ തന്റെ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നന്ദലാല്‍ പറഞ്ഞു. ഭീഷണികാരണമാണ് താന്‍ സിന്ധില്‍ നിന്നും ഓടിപോയതെന്നും നന്ദലാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: