മനുഷ്യാത്മാവ് നിത്യനും അമൃതനും പൂര്ണനും അനന്തനുമാണ്. മരണമെന്നുപറയുന്നത് ഒരു ശരീരത്തില്‍നിന്ന് മറ്റൊരു ശരീരത്തിലേക്ക് കേന്ദ്രം മാറുകമാത്രണാണ്. പൂര്‍വകര്‍മ്മങ്ങള്‍ വര്‍ത്തമാനത്തെയും വര്‍ത്തമാനം ഭാവിയേയും നിര്‍ണയിക്കുന്നു. ജനനത്തില്‍ നിന്ന് ജനനത്തിലേക്കും മരണത്തില്‍നിന്ന് മരണത്തിലേക്കും സംസരിച്ച് ജീവന് മേല്പ്പോട്ടോ കീഴ്പ്പോട്ടോ പൊയ്ക്കൊണ്ടിരിക്കുന്നു. ഇവിടെ വേറൊരു ചോദ്യം : ഇങ്ങനെയെങ്കില്‍ മനുഷ്യന്റെ കഥയെന്ത്? കൊടുങ്കാറ്റില്‍പ്പെട്ട ചെറുതോണിയോ അവന്? സദാ ക്ഷോഭിച്ച്, സദാ പറയുന്ന നിഷ്കരുണമായ കാര്യാകാരണധാരയില് കഴിവറ്റു തുണയറ്റുഴലുന്ന കെടുതോണിയോ അവന്? വിധവയുടെ കണ്ണീരോ അനാഥരോദനമോ ഗൗനിക്കാതെ, ഒക്കെത്തകര്ത്തുരുണ്ടുപോകുന്ന കാരണചക്രത്തിന്റെ അടിയിലകപ്പെട്ട ക്ഷുദ്രശലഭമോ മനുഷ്യന്. എന്തായാലും മോക്ഷമാര്‍ഗ്ഗം ഒന്നേയുള്ളൂ. ഇരുളിനെല്ലാം അപ്പുറത്ത്, മായയ്ക്കപ്പുറത്ത്, ആദിത്യവര്ണ്ണനായ പുരാണപുരുഷനെ ഞാന്‍ കണ്ടിരിക്കുന്നു. അവനെ അറിഞ്ഞാല്‍മാത്രമേ നിങ്ങള്‍ മരണപരമ്പരയില്നിന്ന് വിമുക്തമാവൂ. നിങ്ങള്‍ അമൃതാനന്ദത്തിന്റെ അരുമക്കിടാങ്ങളാണ്. നിങ്ങളെ പാപികളെന്ന് വിളിക്കാന്‍ ഹിന്ദു കൂട്ടാക്കുകയില്ല. ഈശ്വരസന്താനങ്ങളാണ് നിങ്ങള്‍. അമൃതാനന്ദത്തിന്റെ പങ്കാളികള്‍, ദിവ്യന്മാര്, പരിപൂര്‍ണര്‍!
അല്ലയോ ഭൂലോകദേവന്മാരേ, നിങ്ങള്‍ പാപികളോ? അങ്ങനെ വിളിക്കുന്നത് പാപമാണ്. മനുഷ്യസ്വഭാവത്തിന് പെട്ട മാനഹാനിയാണിത്. അല്ലയോ സിംഹങ്ങളേ, എഴുന്നേറ്റ് വരുവിന്‍, ആടെന്ന ഭ്രാന്തി കുടഞ്ഞുകളയുവിന്‍. മരണം തീണ്ടാത്ത ആത്മാക്കളാണ് നിങ്ങള്‍. മുക്തന്മാര്, ധന്യന്മാര്, നിത്യന്മാര്. ജഡമല്ല, നിങ്ങള്‍, ദേഹമല്ല നിങ്ങള്‍, ജഡം നിങ്ങളുടെ ദാസന്. നിങ്ങള്‍ ജഡത്തിന്റെ ദാസന്മാരല്ല.
ഇങ്ങനെയാണ് വേദങ്ങള്‍ ഉദ്ഘോഷിക്കുന്നത്. അല്ലാതെ നീക്കുപോക്കില്ലാത്ത നിയമങ്ങളുടെ ഒരു കൊടുംചട്ടക്കൂടല്ല, അറുതിയറ്റ കാര്യകാരണക്കല്‍ത്തുറുങ്കുമല്ല. പിന്നെയോ, ഈ നിയമങ്ങളുടെയെല്ലാം തലപ്പത്തും സര്വവസ്തുവിലും ശക്തിയും പരമാണുപര്യന്തം വ്യാപിച്ച് ഒരു പരമപുരുഷന് നിലകൊള്ളുന്നു. ‘അവന്റെ കല്പനകൊണ്ട് കാറ്റുവീശുന്നു, തീ എരിയുന്നു, കാര്‍മേഘം പെയ്യുന്നു. മൃത്യു ഭൂമിയിലെങ്ങും നീളെ നടക്കുന്നു.’ ഈ ലോകത്തിലോ വരും ലോകത്തിലോ കിട്ടാവുന്ന ഫലങ്ങള്‍ കൊതിച്ച് ഈശ്വരനെ പ്രേമിക്കുന്നത് നന്ന്. എന്നാല്‍ അതിലും നന്ന്, പ്രേമത്തിനുവേണ്ടി ഭഗവാനെ പ്രേമിക്കുന്നത്.
ആത്മാവ് ദിവ്യമാണ്,
ജഡത്തിന്റെ കെട്ടില്‍ പെട്ടുപോയെന്ന് മാത്രം. ഈ കെട്ടുപൊട്ടിയാല്‍ പൂര്‍ണതയായി. ഇതാണ് വേദാനുശാസനം. അതിന് അവര്‍ പറയുന്ന പേര് മുക്തിയെന്നാണ്. – സ്വാതന്ത്ര്യം, അപൂര്‍ണതയുടെ ബന്ധനത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, മൃത്യുവില്‍ നിന്നും ദുഃഖത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: