കൊച്ചി: ദേശീയോഗ്രഥനത്തിനും ഭാരതത്തിന്റെ അഖണ്ഡതയ്ക്കുംവേണ്ടി ജനഗണമനയുമായി ബൈക്കിലേറി 14 സംസ്ഥാനങ്ങളിലൂടെ 6320 കിലോമീറ്റര്‍ ദൂരം പിന്നിട്ട് തിരിച്ചെത്തിയ നാല്‍വര്‍ സംഘത്തിന് ആവേശോജ്വല സ്വീകരണം. ജനഗണമനയുടെ നൂറാം വാര്‍ഷികം ഭാരതം ആഘോഷിക്കുന്നവേളയില്‍ പള്ളുരുത്തിക്കാരായ പി.എസ്.വിപിന്‍, പി.എ.സുരേന്ദ്രന്, എം.ബി.സിംലേഷ്, കെ.ഡി.സാബു എന്നിവരാണ് കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ ജസ്റ്റിസ് കൃഷ്ണയ്യരുടെ വസതിയായ ‘സദ്ഗമ’യില്‍ നിന്നും യാത്രതിരിച്ചത്. ഇന്ദ്രപ്രസ്ഥത്തിലേക്കായിരുന്നു യാത്ര. ഭാരതത്തിന്റെ സ്പന്ദനം മനസ്സിലാക്കാന്‍ ഈയാത്ര സഹായിച്ചുവെന്ന് യാത്രയ്ക്ക് നേതൃത്വം കൊടുത്ത പി.എസ്.വിപിന്‍ പറഞ്ഞു. ഹിന്ദിയിലും, മറാഠിയിലും, കന്നടയിലും ജനഗണമന പ്രിന്റ് ചെയ്ത ആയിരക്കണക്കിന് കാര്‍ഡുകളും യാത്രാവേളയില്‍ ഭാരത്തിലുടനീളം വിതരണം ചെയ്തതും വലിയൊരു കാര്യമായി കരുതുകയാണെന്ന് യാത്രാനായകനായ വിപിന്‍ പറയുമ്പോള്‍ ഭാരതഗ്രാമങ്ങളിലെ ദാരിദ്ര്യവും, ഭക്ഷ്യക്ഷാമവും നിരക്ഷരതയും തങ്ങളെ ഞെട്ടിച്ചുവെന്നും ഇവര്‍ പറയുന്നു. പലയിടങ്ങളിലും അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് മനസ്സിലാക്കാന്‍ ഈയാത്ര ഉപകരിച്ചു.
ഇരുന്നൂറിലധികം സ്കൂളുകള്‍ യാത്രവേളയില്‍ സംഘം സന്ദര്‍ശിച്ചു. ഇവിടെ അവര്‍ക്കൊപ്പം ജനഗണമന പാടുകയും രാഷ്ട്ര ചേതനയുടെ സന്ദേശം പകരുകയും ചെയ്തു. രാജസ്ഥാന് പോലുള്ള സംസ്ഥാനങ്ങള്‍ കുടിവെള്ള ശേഖരണ പദ്ധതി ഊര്‍ജ്ജിതമായി നടപ്പാക്കിയത് തങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. രണ്ടു ബൈക്കുകളിലായി നടത്തിയ യാത്രയില്‍ പെട്രോളിനുവേണ്ടിമാത്രം ഒരു ലക്ഷത്തോളം രൂപ ചിലവായതായി ഇവര്‍ പറഞ്ഞു. യൂത്ത് കൗണ്‍സില്‍ ഓഫ് കൊച്ചിന് ട്രസ്റ്റിന്റെ പ്രവര്‍ത്തകരായ ഇവര്‍ നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറുപതിലേറെ ക്യാംപെയ്നുകളും സംഘടിപ്പിച്ചു. ലഘുനാടകങ്ങള്‍, കവിതകള്‍ ഇവയിലൂടെ ദേശീയോദ്ഗ്രഥന സന്ദേശവും നല്കി. 35 ദിവസം നീണ്ടുനിന്ന യാത്ര ഇന്നലെ കൊച്ചിയില്‍ എത്തിയപ്പോള്‍ കളക്ടര്‍ ഷെയ്ക്ക് പരീത്, മേയര്‍ ടോണിചമ്മണി എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. പള്ളുരുത്തിയില്‍ നടത്തിയ സ്വീകരണയോഗത്തില്‍ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
കെ.കെ.റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: