വിവാദം; അത് കേരളത്തില്‍ പെട്ടെന്ന് പൊട്ടിമുളയ്ക്കുന്ന വ്യവസായമാണ്. ലക്ഷ്യം കണ്ടാല്‍ വന്ന പോലെ കെട്ടടങ്ങുകയും ചെയ്യും. വിവാദങ്ങള്‍ പലതും രാഷ്ട്രീയ നേട്ടത്തിനുള്ളതാണ്. അതില്‍ ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടിന്റെ മിടുക്ക് മറ്റൊരു നേതാവിനും അവകാശപ്പെടാനില്ല. ഇന്ന് വിവാദം മുഹമ്മദ് നബിയുടെ തലമുടിയാണല്ലോ. ഇതു പോലുള്ള വിവാദം രണ്ടരപതിറ്റാണ്ടു മുമ്പ് കേരളം കണ്ടതാണ്. അന്ന് ശരീഅത്താണ് വിവാദത്തിലായത്. മുസ്ലീം സമുദായത്തിലെ ബഹുഭാര്യാത്വം, അതായിരുന്നു വിഷയം. “ശരീഅത്ത് നിയമപ്രകാരം നാലു പെണ്ണിനെ വരെ കെട്ടാം” എന്ന് ഒരു കൂട്ടര് വാദിച്ചപ്പോള്‍ അത് പറ്റില്ലെന്ന് മറുവിഭാഗം. ബഹുഭാര്യാത്വം പാടില്ലെന്ന് നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടത് അന്നത്തെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യം സിപിഎമ്മിന് അനുകൂലമാക്കാനായിരുന്നു. അതിന്റെ പേരില്‍ മതം അപകടത്തിലെന്ന മുദ്രാവാക്യവുമായി നാടാകെ പ്രകടനങ്ങളായിരുന്നു. ‘രണ്ടും കെട്ടും നാലും കെട്ടും, ഇയ്യെമ്മെസ്സിന്റെ മോളേം കെട്ടും’ എന്നത് മുസ്ലീം ലീഗുകാര്‍ വിളിച്ച മുദ്രാവാക്യങ്ങളിലൊന്നാണ്.
ഒരുപാട് തെറിവിളികളും ആക്ഷേപങ്ങളും കേട്ടെങ്കിലും ഇടതുപക്ഷത്തിനനുകൂലമായ അന്തരീക്ഷം കേരളത്തിലുണ്ടാക്കാന്‍ അന്നു കഴിഞ്ഞു. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു വിജയത്തിന് ഒരു ഘടകം അതാണ്. മുസ്ലീം ലീഗിന്റെ അന്നത്തെ ഭരണത്തിലെ ദുഃസ്സ്വാധീനം പൊതുസമൂഹത്തെ മടുപ്പിച്ചിരുന്നു എന്നതാണ് വസ്തുത. ഇന്ത്യാ ഗവണ്മെന്റ് കരിമ്പട്ടികയില്‍ പെടുത്തിയ രണ്ടു കുവൈറ്റികളെ വിമാനത്താവളത്തില്‍ ലീഗ് മന്ത്രി സ്വീകരിച്ചത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നല്ലോ. ദേശീയപതാക വച്ച കാറില്‍ കുവൈറ്റികളെ കേരളമാകെ കൊണ്ടു നടക്കുകയും ചെയ്തിരുന്നു. അന്തരീക്ഷം അനുകൂലമാക്കാന്‍ ഇ.എം.എസിന് കഴിഞ്ഞതു പോലെ തന്നെ അന്നത്തെ വിവാദം ലീഗിനും തുണയായി. ഒരു വ്യാഴവട്ടത്തോളം രണ്ടായി പിളര്‍ന്നു നിന്ന ലീഗിന്റെ യോജിപ്പിന് വിവാദം കാരണമായി. അടിയന്തരാവസ്ഥയില്‍ പത്തൊന്‍പതുമാസം ഒരുമിച്ചു ജയിലില്‍ കിടന്നതും ഇ.കെ.നായനാരുടെ ആദ്യമന്ത്രിസഭയില്‍ ഒന്നിച്ചിരുന്നതുമെല്ലാം വൃഥാവിലായി. ‘ശരീഅത്തി’ന്റെ സംരക്ഷണത്തിന് പിണക്കങ്ങളെല്ലാം സബൂറാക്കി ഒന്നിക്കുന്നതിന് യൂണിയന് ലീഗും അഖിലേന്ത്യാ ലീഗും തീരുമാനിച്ചു. കാര്യം കണ്ടപ്പോള്‍ ശരീഅത്ത് ശരി തന്നെ എന്നു സമ്മതിച്ച് നമ്പൂതിരിപ്പാട് തടിയൂരി.
ഇന്ന് നമ്പൂതിരിപ്പാടില്ല. അദ്ദേഹത്തിന്റെ കൗശലമുള്ള സഖാക്കളുമില്ല. കളിക്കാനറിയില്ലെങ്കിലും കളത്തിലിറങ്ങി മസിലും പെരുപ്പിച്ചു കാണിക്കാനൊരു മോഹം. അതാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുമ്പു വരെ കാന്തപുരം മൗലവിയുമായി അടുത്ത സൗഹൃദത്തിലായിരുന്നു സിപിഎം നേതൃത്വം. ടി.കെ.ഹംസയാണതിന് കാര്‍മികത്വം വഹിച്ചു പോന്നത്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമെല്ലാം എ പി സുന്നിയുടെ കാരന്തൂര്‍ മര്‍ക്കസില്‍ വിശിഷ്ടാതിഥികളായിരുന്നു. മര്‍ക്കസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടികള്‍ക്കെല്ലാം അഹമിഹയാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. കാന്തപുരത്തിന്റെ താടിയും മുടിയും ! ഹാ എത്ര മനോഹരമെന്ന് വാഴ്ത്തിപ്പാടിയ സഖാക്കള്‍ ചുവടു മാറ്റിയത് പെട്ടെന്നാണ്. മര്‍ക്കസിലെ ചില നടപടികള്‍ അന്ധവിശ്വാസവും വിശ്വാസക്കച്ചവടവും വളര്‍ത്തുന്നതാണെന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്.
കാരന്തൂര്‍ മര്‍ക്കസിലെ മുഹമ്മദ് നബിയുടെ ‘തിരുകേശ’മാണ് (തലയിലെ രോമം) വിവാദത്തിനാധാരം. നബിയുടെ എന്തും ഏതും വിശ്വാസികള്‍ക്ക് രോമാഞ്ചമുണ്ടാക്കുന്നത് സ്വാഭാവികം. വിശ്വാസം അതാണല്ലോ എല്ലാം. നബിയുടെ രോമവും കള്ളമെന്നു പറഞ്ഞാലോ ! വിശ്വാസത്തെ തൊട്ടുകളിച്ചാല്‍ തൊട്ടവനെ തട്ടുക എന്നത് ഇന്ത്യയിലെയും കേരളത്തിലെയും മാത്രമല്ലല്ലോ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ പൊതുസ്വഭാവമാണ്. ഏറ്റവും ഒടുവില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വാര്‍ത്ത തന്നെ കണ്ടില്ലേ. മാലിന്യങ്ങള്‍ കത്തിച്ച കൂട്ടത്തില്‍ ഖുറാനും പെട്ടു പോയതിന് പൊട്ടിപ്പുറപ്പെട്ട ലഹള നിരവധി പേരുടെ ജീവന് അപഹരിച്ചു. അമേരിക്കന്‍ പട്ടാളത്തിനെതിരെ ജിഹാദിനിറങ്ങിയത് അവിടെ ചോരച്ചാലാണുണ്ടാക്കിയത്. ഒബാമയ്ക്ക് പരസ്യമായി മാപ്പും പറയേണ്ടി വന്നു. നബിയുടെ കാര്‍ട്ടൂണ്‍ വരച്ചെന്നാരോപിച്ചു തുടങ്ങിയ പോര്‍വിളി കെട്ടടങ്ങിയിട്ടില്ല. ഒരു കഥയില്‍ കള്ളന്റെ പേര് മുഹമ്മദായിപ്പോയതിന് അത് പ്രസിദ്ധീകരിച്ച പത്രം ഓഫീസ് ചാമ്പലാക്കുകയും ബാംഗ്ലൂര്‍ നഗരത്തില്‍ ചുടല നൃത്തം കണ്ടതും ഏറെക്കാലം മുമ്പൊന്നുമല്ല. മുസല്മാനായിട്ടും സല്മാന് റുഷ്ദിയെന്ന സാഹിത്യകാരന്റെ തല ഉരുളാന്‍ തക്കം നോക്കിയാണ് ലോകമെമ്പാടുമുള്ള മുസ്ലീം തീവ്രവാദികളിരിക്കുന്നത്. ബംഗ്ലാദേശിലെ സാഹിത്യകാരി തസ്ലീമയുടെ അനുഭവവും നമ്മുടെ മുന്നിലുണ്ട്. ചോദ്യപ്പേപ്പറില്‍ ‘മതനിന്ദ’ ആരോപിച്ച് അതു തയ്യാറാക്കിയ അധ്യാപകന്റെ കൈ വെട്ടിയെടുത്ത സംഭവം കേരളത്തിലാണല്ലോ നടന്നത്. വിശ്വാസത്തിന്റെ സ്വാധീനവും ശക്തിയും തീവ്രമാണ്. പ്രകടിപ്പിക്കുന്ന രീതിക്ക് ഏറ്റ കുറച്ചിലുണ്ടാകാം. എല്ലാ വിശ്വാസങ്ങളെയും മാനിക്കുന്നതാണ് മര്യാദ. പക്ഷേ ഇവിടെ പക്ഷപാതം പ്രകടമാണ്.
ശ്രീരാമന് ദൈവമാണെന്നും അവതാര പുരുഷനാണെന്നും വിശ്വസിക്കുന്ന ശതകോടിയിലധികം ജനങ്ങളുണ്ട്. ശ്രീരാമന് ജനിച്ചത് അയോധ്യയിലാണെന്നും അവിടെ നിലനിന്നിരുന്ന ക്ഷേത്രം പുനരുദ്ധരിക്കണമെന്നുമുള്ളത് വിശ്വാസികളുടെ ആവശ്യവും അവകാശവുമാണ്. പക്ഷേ അത് സര്‍വാത്മനാ അംഗീകരിച്ചു നല്കാന് വൈമുഖ്യം കാട്ടുന്ന സമൂഹത്തില്‍ നിന്നും തന്നെയാണ് നബി തിരുമേനിയുടെ തിരുകേശവും ചര്‍ച്ച ചെയ്യപ്പെടുന്നത്.
കാരന്തൂര്‍ മര്‍ക്കസ് തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടോളമായി. നബിയുടേതെന്ന് പറയുന്ന ‘മുടി’ അവിടെ എത്തിയിട്ട് വര്‍ഷം ഏഴായി. മര്‍ക്കസിന്റെ പ്രവര്‍ത്തനത്തിന് പിന്തുണ വാഗ്ദാനം ചെയ്യുമ്പോഴും മുടിയവിടെ സുരക്ഷിതമായുണ്ടായിരുന്നു. മുടി മുക്കിയ വെള്ളം നല്കി വിശ്വാസം ബലപ്പെടുത്തുന്ന പണിയും തുടര്‍ന്നു കൊണ്ടിരുന്നു. വിശ്വാസത്തിന്റെ പേരില്‍ ചെയ്യുന്നതെല്ലാം പിന്തിരിപ്പനാണെന്ന് അവിശ്വാസികള്‍ക്ക് നിരീക്ഷിക്കാം. പ്രതികരിക്കുകയും ചെയ്യാം.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കപടസന്ന്യാസിമാരെന്ന് ആക്ഷേപിച്ച് തിമിര്‍ത്ത് കൂത്താടിയത് വിസ്മരിക്കാറായിട്ടില്ല. ആശ്രമജീവിതവും ആതുരസേവനവുമെല്ലാം നടത്തുന്നവരെ പോലും പിടിച്ചു കെട്ടാനും താടിയും മുടിയും വെട്ടിക്കളയാനും പാര്‍ട്ടിക്കാര്‍ക്ക് സൗകര്യം ചെയ്തു കൊടുത്തപ്പോള്‍ പല സമുദായക്കാരും ‘ഭ്രാന്തിളകിയത് ആരാന്റമ്മയ്ക്കല്ലെ’ എന്ന മനോഗതിയിലായിരുന്നു. കല്ലെറിയുന്നവരൊന്നും പാപം ചെയ്യാത്തവരല്ലെന്നതാണ് മറ്റൊരു വസ്തുത.
വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങളായി മുദ്രകുത്തി വേട്ടയാടുന്നവര്‍ തന്നെ അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും കെട്ടിപ്പുണരുന്നത് കാണാന്‍ കഴിയും. എന്റെ ഭൗതിക അവശിഷ്ടം ഒരു പുണ്യതീര്ഥത്തിലും നിമജ്ജനം ചെയ്യരുതെന്ന് ഇ.എം.എസ്സോ ഇ.കെ.നായനാരോ എഴുതി വച്ചിട്ടില്ലായിരിക്കാം. അതുകൊണ്ടു തന്നെ അവരുടെ ചിതാഭസ്മം പുണ്യനദികളിലൊഴുക്കിയതിനെ എതിര്‍ക്കാന്‍ പാര്‍ട്ടിക്കാര്‍ക്ക് അവസരമില്ലെന്നു വാദിക്കാം. സഹധര്മിണിക്കു മോക്ഷം കിട്ടാന്‍ ത്രിവേണീ സംഗമത്തില്‍ തന്നെ ചിതാഭസ്മം ഒഴുക്കാന്‍ അനുവാദവും ഒത്താശയും നല്കിയ സമുന്നത നേതാവിന്റെ നടപടി തെറ്റെന്ന് വിലയിരുത്താനും പാര്‍ട്ടിക്കു തോന്നിയിട്ടില്ല. വള്ളിക്കാവിലെ ആശ്രമത്തെയും ശ്രീരാമകൃഷ്ണന്റെയും ചിന്മയാനന്ദന്റെയും ആശ്രമങ്ങളെ പോലും തള്ളിപ്പറയാനും തച്ചു തകര്‍ക്കാനും മുതിര്‍ന്നവര്‍ ഭരണങ്ങാനത്തും മുരിങ്ങൂരിലും ചെന്ന് കൈകൂപ്പി നിന്ന് കണ്ണുകളുയര്‍ത്തി പ്രാര്‍ഥിക്കുന്നതും കേരള സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്.
തിരുകേശത്തിന്റെ പേരില്‍ പള്ളി പണിയുന്നത് ഇസ്ലാമിന്റെ നിയമത്തിന് വിരുദ്ധമല്ലെന്നും വാദിക്കുന്നതിനോട് യോജിക്കുന്നവരാകും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും. അവര്‍ക്ക് ആശീര്‍വാദവും അംഗീകാരവും അനുമതിയും നല്കാന് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ മത്സരിക്കുകയും ചെയ്യും. ലോകത്ത് 60ഓളം രാജ്യങ്ങളില്‍ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന പള്ളികളുണ്ടത്രേ. ഈജിപ്തിലെ ഹുസൈന് മസ്ജിദ്, ചിക്കാഗോയിലെ ജാമിയാ മസ്ജിദ്, കാശ്മീരിലെ ഹസ്രത്ത്ബാല്‍ മസ്ജിദ് എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്. മസ്ജിദില്‍ തലമുടി ഉള്‍പ്പെടെ ശേഷിപ്പുകള്‍ സൂക്ഷിക്കാമെങ്കില്‍ ശേഷിപ്പുകള്‍ക്കായി മസ്ജിദുകള്‍ സ്ഥാപിക്കുന്നതും തെറ്റല്ലെന്നാണ് വാദം. കാന്തപുരത്തിന്റെ നേതൃത്വത്തില്‍ പടുത്തുയര്‍ത്താന്‍ പോകുന്ന മസ്ജിദുല്‍ ഹസാറിന് കരുത്തു പകരുന്നതും ഈ വാദങ്ങള്‍ തന്നെ.
ഏതാണ്ട് അമ്പതു കോടി രൂപയാണ് ഈ മസ്ജിദിന് പുറത്തു പറയുന്ന ചെലവ്. പൂര്‍ത്തിയാകുമ്പോള്‍ ഇതിന്റെ എത്രയോ കൂടുതലാകും നിര്‍മാണച്ചെലവെന്ന് വ്യക്തമാണ്. ഈജിപ്ത്, തുര്‍ക്കി, അമേരിക്ക, ബ്രിട്ടന്, സുഡാന്, പാക്കിസ്ഥാന് എന്നിവിടങ്ങളിലെല്ലാം തിരുശേഷിപ്പുകള്‍ സൂക്ഷിച്ചതു പോലെ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന തീര്‍ഥാടന കേന്ദ്രമാക്കി മാറ്റാനാണ് കാന്തപുരത്തിന്റെ പദ്ധതി. പണി പൂര്‍ത്തിയാകുമ്പോള്‍ ഒരു പഞ്ഞവുമില്ലാതെ തീര്‍ഥാടകര്‍ ഒഴുകിയെത്തുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. ഇന്നു തള്ളിപ്പറയുന്നവര്‍ തീര്‍ഥാടന കമ്മറ്റിയുടെ ഉസ്താദുമാരായി അന്നു മാറും. അല്ലെങ്കിലും പിറവം തെരഞ്ഞെടുപ്പു തീരുന്നതു വരെയേ തിരുകേശ വിവാദത്തിന് ആയുസ്സുള്ളൂ. അതോടെ സൃഷ്ടിച്ചവര്‍ തന്നെ വിവാദത്തെ ചാമ്പലാക്കും.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: