ജയ്‌പൂര്‍: ശമ്പള വര്‍ധനവും സയയബന്ധിതമായ ഉദ്യോഗക്കയറ്റവും ആവശ്യപ്പെട്ട് പതിനൊന്ന് ദിവസമായി രാജസ്ഥാനില്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണിത്. സംസ്ഥാന ഊര്‍ജവകുപ്പുമന്ത്രിയുമായി സംഘടനാ നേതാക്കളായ ഡോ. അജയ് ചൗധരിയും ഡോ. നസ്രീന്‍ ഭാരതിയും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് എല്ലാ ഡോക്ടര്‍മാരോടും ജോലിക്ക് ഹാജരാകാന്‍ അവര്‍ ആവശ്യപ്പെടുകയായിരുന്നു. സമരത്തെ നേരിടാന്‍ അവശ്യസര്‍വീസ് നിയമപ്രകാരം സര്‍ക്കാര്‍ എടുത്ത കേസുകളില്‍ തടവില്‍ കഴിയുന്ന ഡോക്ടര്‍മാരെ മോചിപ്പിക്കുവാനും തീരുമാനമായിട്ടുണ്ട്.
ഇവര്‍ക്കെതിരെയുള്ള കേസുകള്‍ അനുഭാവപൂര്‍വം പരിഗണിക്കാന്‍ അഞ്ചംഗ മന്ത്രിസഭാ സമിതിയെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ചുമതലപ്പെടുത്തി. സമരത്തിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടായ അച്ചടക്ക നടപടികളെക്കുറിച്ചും ഈ കമ്മറ്റി തീരുമാനം കൈക്കൊള്ളും. ആരോഗ്യമന്ത്രി ദുരുമിയാന്‍, ഊര്‍ജവകുപ്പുമന്ത്രി ജിതേന്ദ്രസിംഗ്, വ്യവസായമന്ത്രി രാജേന്ദ്രപരീഖ്, ആരോഗ്യ സഹമന്ത്രി രാജ്കുമാര്‍ ശര്‍മ്മ, ആഭ്യന്തര സഹമന്ത്രി വീരേന്ദ്ര സനിവാള്‍ എന്നിവരടങ്ങുന്നതാണ് മന്ത്രിസഭാ സമിതി. ഡിസംബര്‍ 21 മുതലാണ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.
















