ന്യൂദല്‍ഹി: ലോക്പാല്‍ പ്രശ്നത്തോടെ കേന്ദ്രത്തിന്റെയും അതിന്റെ നേതൃത്വത്തിന്റെയും വിശ്വാസ്യത തകര്‍ന്നിരിക്കുകയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. വോട്ടെടുപ്പില്‍നിന്ന് സര്‍ക്കാര്‍ ഓടിയൊളിച്ചതോടെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഗൂഢാലേചനാപരമായ മൗനത്തിലാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി കുറ്റപ്പെടുത്തി.
യുപിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം 2011 ഭീകരമായ വര്‍ഷമായിരുന്നുവെന്ന് പ്രസ്താവനയില്‍ അദ്വാനി ചൂണ്ടിക്കാട്ടി. ഭരിക്കാനുള്ള അവകാശത്തെ കവര്‍ന്നെടുക്കുന്ന തരത്തില്‍ ഒന്നിന് പുറകെ മറ്റൊന്നായി അഴിമതിക്കൂമ്പാരത്തിനകത്താണ് കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാര്‍. വിശ്വാസ്യത നശിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും വലിയ തലകള്‍ ഉരുളുന്നത് ഒഴിവാക്കാന്‍ ബലിയാടുകളെ സൃഷ്ടിക്കാനുള്ള വൃഥാശ്രമത്തിലാണ്.
രാജ്യസഭയില്‍ നടന്ന ലോക്പാല്‍ ചര്‍ച്ച അപൂര്‍ണമായി പര്യവസാനിക്കാന്‍ കാരണം പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സത്യസന്ധവും സുതാര്യവുമായ നേതൃത്വമാണ് ഇന്ത്യ മന്‍മോഹന്‍സിംഗില്‍നിന്ന് പ്രതീക്ഷിച്ചതെങ്കിലും നിഗൂഢമായ മൗനവും അപരാധങ്ങള്‍ക്കുനേരെ കണ്ണടക്കുകയും ചെയ്യുന്ന സമീപനമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. മുടന്തനായ പ്രധാനമന്ത്രിയായി മന്‍മോഹന്‍സിംഗ് അവതരിച്ചിരിക്കുന്ന സാഹചര്യത്തില്‍ 2012 ദേശീയരാഷ്‌ട്രീയത്തില്‍ ഒട്ടേറെ വലിയ അവസരങ്ങള്‍ ഗര്‍ഭം ധരിച്ചിരിക്കുന്ന വര്‍ഷമാണെന്ന് അദ്വാനി അഭിപ്രായപ്പെട്ടു. ഡിസംബര്‍ 29 ന്റെ രാത്രിയില്‍ രാജ്യം സാക്ഷ്യംവഹിച്ച ജനാധിപത്യ തട്ടിപ്പ് രാജ്യചരിത്രത്തില്‍ ആദ്യമാണ്. യുപിഎ സര്‍ക്കാരിന്റെ ‘അര്‍ധരാത്രിയിലെ പലായനം’ മന്‍മോഹന്‍സിംഗ് ഒരു മുടന്തന്‍ പ്രധാനമന്ത്രിയാണെന്ന് വ്യക്തമാക്കുന്നതാണ്. പുതുവര്‍ഷത്തില്‍ രാഷ്‌ട്രീയത്തിന്റെ ഗതി നിര്‍ണയിക്കാനുള്ള ദൗത്യം ബിജെപിയിലും എന്‍ഡിഎയിലും നിക്ഷിപ്തമായിരിക്കുകയാണെന്നും അദ്വാനി പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കാന്‍ പോയവര്‍ഷം ബിജെപിക്കും എന്‍ഡിഎക്കും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















