ഈ മഹാക്ഷേത്രം പല പ്രാവശ്യം ശത്രുക്കളാല്‍ നശിപ്പിക്കപ്പെട്ടതും പലപ്രാവശ്യം ഉദ്ധരിക്കപ്പെട്ടതുമാണ്. ഇപ്പോള്‍ കാണുന്ന പുതിയ ക്ഷേത്രം പുരാതനക്ഷേത്രം നിന്നിരുന്ന സ്ഥാനത്തുതന്നെയാണ് പണിയിച്ചിരിക്കുന്നത്. ഈ ക്ഷേത്രം സമുദ്രതീരത്താണ്.പുതിയ സോമനാഥക്ഷേത്രത്തില്‍ നിന്ന് അല്പംമാത്രം അകലത്തിലാണ് അഹല്യാബായിയാല് പണികഴിപ്പിക്കപ്പെട്ട സോമനാഥക്ഷേത്രം. ഇവിടത്തെ സോമനാഥലിംഗം ഭൂമിക്കടിയിലാണ്. അവിടെ ഭൂഗര്‍ഭത്തില്‍ പാര്‍വ്വതി, ലക്ഷ്മി, ഗംഗ, സരസ്വതി, നന്ദി ഇവരുടെ മൂര്‍ത്തികളുണ്ട്. ശരിക്കും ഇതിനു മുകളില്‍ അഹല്യേശ്വരലിംഗം ഇരിക്കുന്നു. ക്ഷേത്രമതില്ക്കുള്ളില്തന്നെ ഒരു ഭാഗത്ത് ഗണേശക്ഷേത്രവും കവാടത്തിനരുകില്‍ ആഘോരലിംഗമൂര്ത്തിയുമുണ്ട്.അഹല്യാബായി ക്ഷേത്രത്തിനടുത്ത് ഭദ്രകാളീക്ഷേത്രമുണ്ട്. നഗരത്തില്‍ ഗണേശന്, ഭദ്രകാളി, ദൈത്യസൂദനന് ഇവരുടെ ക്ഷേത്രങ്ങളുമുണ്ട്. നഗരകവാടത്തിനുസമീപം ഗൗരീകുണ്ഡമെന്ന സരോവരവും കാണാവുന്നതാണ്.
സോമനാഥം അനാദിതീര്ത്ഥമാണ്. ദക്ഷപ്രജാപതി തന്റെ ഇരുപത്തേഴു പുത്രന്മാരെ ചന്ദ്രനു വിവാഹം ചെയ്തുകൊടുത്തു. എന്നാല്‍ ചന്ദ്രന് രോഹിണിയോടാണ് പ്രേമമുണ്ടായത്. ഈ പക്ഷപാതത്തില്‍ കോപിയായ ദക്ഷന് ക്ഷയരോഗബാധയുണ്ടാവാന് ചന്ദ്രനെ ശപിച്ചു. ബ്രഹ്മാവിന്റെ ഉപദേശപ്രകാരം ഇവിടെവച്ചു സോമനാഥനെ ഭജിച്ച് ചന്ദ്രന് രോഗവിമുക്തി നേടി.
സൃഷ്ടിയുടെ പ്രാരംഭത്തില്‍ ബ്രഹ്മദേവന് ഭൂമികുഴിച്ചുകൊണ്ടിരുന്നപ്പോള് കോഴിമുട്ട വലിപ്പത്തിലുള്ള സ്വയംഭൂലിംഗമായി സോമനാഥദര്ശനമുണ്ടായി. ആ ലിംഗം തേന്‍, ദര്‍ഭ ഇവകൊണ്ടു മൂടി ബ്രഹ്മാവ് അതിന്മേല് ബ്രഹ്മശില വച്ചു. അതിനു മുകളില്‍ ബൃഹത് സോമനാഥലിംഗം സ്ഥാപിച്ചു. ചന്ദ്രന് ആ ബൃഹത്ലിംഗമാണു പൂജിച്ചത്. മൂലലിംഗം മനുഷ്യന്, ദേവന് മുതലായ സകലര്‍ക്കും അസ്പൃശ്യമാണ്. ആ സ്ഥാനത്തു സ്ഥാപിച്ച ലിംഗത്തെയാണ് സോമനാഥ ജ്യോതിര്ലിംഗമെന്നു പറയുന്നത്. ഈ ഭാവി അറിഞ്ഞാണ് ബ്രഹ്മദേവന് അപ്പോള്‍ ആ പ്രതിഷ്ഠാകര്‍മ്മം നടത്തിയത്.
സോമനാഥക്ഷേത്രം ചരിത്രമനുസരിച്ച് ഏഴുപ്രാവശ്യം തകര്‍ക്കപ്പെടുകയും പുനരുദ്ധരിക്കപ്പെടുകയും ചെയ്തു. ആറാംപ്രാവശ്യം അഹല്യാബായി അവിടെ നിന്ന് അല്പം അകലെയാണ് സോമനാഥക്ഷേത്രം പണിയിച്ചത്. ഇന്നു കാണുന്ന നവീനക്ഷേത്രത്തിന്റെ അടിസ്ഥാന ശില സര്‍ദാര്‍പട്ടേല്‍ മുഖാന്തിരം സ്വതന്ത്രഭാരതകാലത്താണു സ്ഥാപിച്ചത്. ഈക്ഷേത്രം പുരാതനക്ഷേത്രത്തിന്റെ സ്ഥാനത്തുതന്നെയാണ് നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: