ന്യൂദല്‍ഹി: സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി അഴിമതിക്കെതിരെയുള്ള സമരം തകര്‍ക്കാന്‍ കഴിയില്ലെന്നു ഹസാരെ സംഘാംഗം അരവിന്ദ് കെജ്രിവാള്. ഹസാരെ നിരാഹാരസമരം നടത്തുന്ന ജന്തര്‍ മന്തറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹസാരെ സംഘം നടത്തിയ സമരത്തിനു പിന്തുണ ലഭിക്കാന്‍ എസ്.എം.എസുകള്‍ സഹായിച്ചു. ഇതേത്തുടര്‍ന്നു ടെലികോം കമ്പനികള്‍ക്കു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഫെയ്സ് ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളെ നിയന്ത്രിക്കാന്‍ നീക്കം ആരംഭിച്ചു. നിയന്ത്രണങ്ങളെ അതിജീവിച്ചാണു ജന്തര്‍ മന്തറില്‍ ജനങ്ങള്‍ എത്തുന്നതെന്നും കെജ് രിവാള്‍ വ്യക്തമാക്കി.
ലോക്പാല്‍ ബില്ലിനെ അട്ടിമറിച്ചത് രാഹുല്‍ ഗാന്ധിയാണ്. പ്രധാനമന്ത്രി തങ്ങള്‍ക്ക് ഉറപ്പുനല്‍കിയ നിര്‍ദ്ദേശങ്ങള്‍ കരടില്‍ നിന്ന് ഒഴിവാക്കിയത് രാഹുല്‍ ഗാന്ധി ഇടപെട്ടതു കൊണ്ടാണെന്നും സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും കേജ്രിവാള് പറഞ്ഞു. ചില്ലറ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിനെ നഖശിഖാന്തം എതിര്‍ത്ത പശ്ചമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ലോക്പാലിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും കേജ്രിവാള് ചോദിച്ചു.
കോണ്‍ഗ്രസ് ഇപ്പോഴും സി.ബി.ഐയെ ദുരുപയോഗം ചെയ്യുകയാണ്. താജ് ഇടനാഴി കേസുമായി ബന്ധപ്പെട്ട് 2003 ഏപ്രില്‍ സി.ബി.ഐ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. 2005ല്‍ മായാവതിയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ 2010ല്‍ മായാവതിക്കെതിരെ യാതൊരു കേസും ഇല്ലെന്ന് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. ഇതിന് പകരമായി രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിഭാ പാട്ടീലിനെ തിരഞ്ഞെടുക്കുന്നതിന് ബി.എസ്.പി പിന്തുണ നല്കി.
എന്നാല്‍ ഈ വര്‍ഷം സെപ്തംബറില്‍, മായാവതിക്കെതിരെ കേസ് എടുക്കാന്‍ തെളിവുണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കിയിരിക്കുന്നുവെന്നും കേജ്രിവാള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: