തിരുവനന്തപുരം: പെരുമ്പാവൂരില്‍ ബസ് യാത്രക്കാരന് രഘുവിനെ കൊലപ്പെടുത്തിയ സംഭവം സഭാനടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പ്രതിപക്ഷത്ത് നിന്നും സാജു പോളാണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. കണ്ണൂര്‍ എം.പി കെ. സുധാകരന്റെ ഗണ്‍മാനാണ് ആക്രമണത്തിനു നേതൃത്വം കൊടുത്തതെന്നും അതിനാല്‍ പ്രേരണാക്കുറ്റം ചുമത്തി കെ. സുധാകരനെ പ്രതിചേര്‍ക്കണമെന്നും സാജുപോള്‍ ആവശ്യപ്പെട്ടു.
സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി നല്കി. രണ്ടു പ്രതികളെ സംഭവ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. ഒരാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. രഘുവിന്റെ കൊലപാതകം ക്രൂരമായ സംഭവമാണ്. സുധാകരന്റെ ഗണ്മാനായ പോലീസുകാരനെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.
നാട്ടുകാര്‍ നോക്കി നില്‍ക്കെ നടത്തിയ ആക്രമണം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതു മനുഷ്യത്വ രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്നായിരുന്നു പ്രതിപക്ഷ വാക്കൗട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: