കൊച്ചി: ദുബായ് പോര്‍ട്ടിന് ലാഭമുണ്ടാക്കാന്‍ കബോട്ടാഷ് നിയമം ഭേദഗതി ചെയ്യണമെന്ന ചിലരുടെ വാദഗതി രാജ്യദ്രോഹപരമാണെന്നും യാതൊരു കാരണവശാലും കബോട്ടാഷ് നിയമം ഭേദഗതി ചെയ്യരുതെന്നും സ്വദേശി ജാഗരണ്‍ മഞ്ച് ആവശ്യപ്പെട്ടു.
വ്യാപാരത്തിന്റെ വര്‍ധനവിന് ഭാരതത്തിന്റെ തന്നെ ഷിപ്പിംഗ് വ്യവസായം വളരണം. മറ്റു രാജ്യങ്ങളുടെ ഷിപ്പിംഗ് വ്യവസായം വളരുന്നതുകൊണ്ട് നമുക്ക് നേട്ടമൊന്നുമില്ല. കയറ്റിറക്കുമതിയുടെ ഭാരത്തിന്റെ അടിസ്ഥാനത്തില്‍ ലോകനിലവാരത്തില്‍ നാം 15-ാം സ്ഥാനത്തെത്തിയതും വികസ്വര രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യാപാരക്കപ്പലുകള്‍ ഉള്ള രാജ്യമായി മാറിയതും ഭാരതത്തിലെ ഇന്നുനിലവിലുള്ള കബോട്ടാഷ് നിയമത്തിന്റെ പിന്തുണയോടെയാണ്.
കബോട്ടാഷ് നിയമം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ക്ക് മാതൃരാജ്യത്തെ ഒരു തുറമുഖത്തുനിന്ന് മറ്റൊരു തുറമുഖത്തേക്ക് ചരക്ക് കൊണ്ടുപോകാന്‍ കഴിയൂ. അതിനാല്‍തന്നെ സ്വദേശി ഷിപ്പിംഗ് വ്യവസായം ഈ നിയമത്തിന് കീഴില്‍ വളര്‍ന്നു. നമ്മുടെ കമ്പനികള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചു, ജാഗരണ്‍ മഞ്ച് ദക്ഷിണ ഭാരത സഹസംയോജക് കെ.വി.ബിജു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കബോട്ടാഷ് നിയമം ഭേദഗതി ചെയ്താല്‍ മദര്‍ഷിപ്പുകള്‍ കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഇറക്കുകയും ഇവരുടെ തന്നെ ചെറു കപ്പലുകളില്‍ ഇന്ത്യയെ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നത് ആഭ്യന്തര കപ്പല്‍ വ്യവസായത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യും. മാത്രമല്ല കബോട്ടാഷ് നിയമത്തിലെ ഈ വ്യവസ്ഥ ഉണ്ടാക്കിയത് രാജ്യരക്ഷാ താല്‍പ്പര്യങ്ങളുടെ പേരിലാണ്. പരമാവധി വിദേശകപ്പലുകളെ ഇന്ത്യന്‍ തീരത്തുനിന്നും അകറ്റി നിര്‍ത്താന്‍ വേണ്ടിയിട്ടുകൂടിയായിരുന്നു ഇത്.
മുംബൈയില്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ നടത്തിയ തീവ്രവാദി ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത് തുറമുഖ തീരങ്ങള്‍ സുരക്ഷിതമല്ല എന്നാണ്. ഈ സാഹചര്യത്തില്‍ ആഭ്യന്തര ചരക്ക് നീക്കത്തിന് വിദേശ കപ്പലുകള്‍ക്ക് അനുമതി നല്‍കുന്നത് സുരക്ഷാ പ്രതിസന്ധി ഉണ്ടാക്കും. ബോംബെ ആക്രമണത്തിന്റെ വെളിച്ചത്തില്‍ എല്ലാ രാജ്യങ്ങളും രാജ്യസുരക്ഷ മുന്‍നിര്‍ത്തി ചരക്കുനീക്കത്തിനുള്ള നിയമങ്ങളുടെ കാര്യത്തിലും കസ്റ്റംസ് ക്ലിയറിംഗിനുള്ള സംവിധാനങ്ങളുടെ കാര്യത്തിലും മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുന്ന കാലഘട്ടത്തില്‍ നമ്മുടെ സര്‍ക്കാര്‍ ഈ കാര്യങ്ങളില്‍ വിപരീത നിലപാടാണ് എടുക്കുന്നത്.
എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ തുറമുഖങ്ങള്‍ വിദേശ കുത്തകകള്‍ക്ക് നല്‍കുന്നതിനെ സ്വദേശി ജാഗരണ്‍ മഞ്ച് എതിര്‍ത്തിരുന്നു. ചൈന, അമേരിക്ക, പാക്കിസ്ഥാന്, അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ഒരു രാജ്യത്തുനിന്നും ഉള്ള കമ്പനികള്‍ക്ക് തുറമുഖ നിയന്ത്രണങ്ങള്‍ നല്‍കരുതെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് എന്‍ഡിഎ സര്‍ക്കാരിനോടും ഇന്നത്തെ യുപിഎ സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേന്ദ്രഭരണത്തിലേയും കേരളത്തിലേയും സ്വാധീനശക്തികള്‍ അറബ് രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപത്തെ രാജ്യതാല്‍പ്പര്യം ബലി കഴിച്ചും പ്രോത്സാഹിപ്പിക്കുകയാണ്. ഈ നിലപാടില്‍ മാറ്റം വരണം. സ്വദേശി ജാഗരണ്‍ മഞ്ച് ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ക്ക് നിവേദനം നല്‍കും, ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: