തൃശൂര്‍: വേഷപ്രച്ഛന്നനായി സ്റ്റേഷനുകളില്‍ എത്തിയ എസ്പിക്ക് പോലീസിന്റെ ‘തനിനിറം’ ബോദ്ധ്യപ്പെട്ടു. ഒരിടത്ത് പോലീസിന്റെ ഏറ്റവും താഴ്ന്ന നിലവാരം അനുഭവിച്ചറിഞ്ഞ എസ്പിക്ക് പക്ഷെ ചിലയിടങ്ങളില്‍ മനസ്സ് നിറഞ്ഞു. കഴിഞ്ഞ ദിവസം തൃശൂര്‍ റൂറല്‍ എസ്പിയാണ് സ്റ്റേഷനുകളിലെ പോലീസുകാരുടെ പെരുമാറ്റം അടുത്തറിയാന്‍ വേഷം മാറി എത്തിയത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റേഷനെന്ന ഖ്യാതിയുള്ള വാടാനപ്പിള്ളി സ്റ്റേഷനിലാണ് റൂറല്‍ എസ്പിയായ ബഹറക്ക് ഏറ്റവും മോശം പെരുമാറ്റം കൊണ്ടറിഞ്ഞത്. താനും കുടുംബവും നാലമ്പലദര്‍ശനത്തിന് എത്തിയതാണെന്നും എന്നാല്‍ വഴിയില്‍ വാഹനം കേടായതായും തങ്ങളുടെ നാടായ കോയമ്പത്തൂരിലെത്താനുള്ള സാഹചര്യം ഒരുക്കിത്തരണമെന്നും ആവശ്യപ്പെട്ടാണ് എസ്പി സ്റ്റേഷനില്‍ എത്തിയത്. അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാകട്ടെ വന്നത് എസ്പിയാണെന്നറിയാതെ പോലീസിന്റെ സ്വഭാവം പുറത്തെടുത്തു. തൊപ്പി ധരിക്കാതെയും ഷൂഒരു സ്ഥലത്ത് മാറ്റിവെച്ചും കാലിന്മേല് കാല്കയറ്റിവെച്ചായിരുന്നു പരാതികേട്ടത്. പോലീസുകാരന്റെ പെരുമാറ്റം കണ്ട് റൂറല്‍ എസ്പിയും ഒന്നുഞ്ഞെട്ടി. അപ്പോഴും സംയമനം പാലിച്ച് താന്‍ പരാതിക്കാരന് തന്നെയാണെന്ന് അറിയിച്ച് ഉടന്‍ തന്നെ സ്ഥലം വിടുകയായിരുന്നു. എന്നാല്‍ എസ്പി പോയിക്കഴിഞ്ഞപ്പോള്‍ പന്തികേട് തോന്നിയ പോലീസുകാരന് ഉടന്‍തന്നെ പുറത്തുവന്ന് നോക്കിയപ്പോഴാണ് സ്റ്റേഷന് ഏതാനും മീറ്ററുകള്‍ അകലെ എസ്പി വാഹനത്തില്‍ കയറിപോകുന്നത് കണ്ടത് ഇതോടെ നേരത്തെ എസ്പി ഞെട്ടിയപോലെ പോലീസുകാരനും ഞെട്ടി. തുടര്‍ന്ന് സ്റ്റേഷനിലെത്തിയപ്പോഴേക്കും വാറോലയും പോലീസുകാരനെത്തേടിയെത്തിയതായി പറയുന്നു. പിന്നീട് എസ്പി പോയത് ചേര്‍പ്പ് പോലീസ് സ്റ്റേഷനിലേക്കാണ് അവിടെ റിസപ്ഷനിലുണ്ടായിരുന്ന വനിത പോലീസിനോട് തന്റെ ബൈക്ക് മോഷണം പോയതായി പറഞ്ഞു. ഉടന്‍തന്നെ പരിഹാരമാര്‍ഗ്ഗങ്ങളും പരാതി എങ്ങിനെ നല്‍കണമെന്നും വനിതാപോലീസ് പറഞ്ഞുകൊടുത്തു. സഹായത്തിനായി എഎസ്ഐയും എത്തി. ഇതോടെ എസ്പിയുടെ മനസ്സ് നിറഞ്ഞു.
രണ്ടുപേര്‍ക്കും റിവാര്‍ഡ് പ്രഖ്യാപിച്ചു. തുടര്‍ന്ന് ജനമൈത്രി പോലീസ് നടപ്പിലാക്കിയ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെത്തിയപ്പോഴും വാടാനപ്പിള്ളിയിലെഅത്ര മോശമായില്ലെങ്കിലും തരക്കേടില്ലാത്ത പ്രകടനം അവിടെയും പോലീസുകാര്‍ കാഴ്ചവെച്ചതായി പറയുന്നു. തുടര്‍ന്ന് ചില പോലീസ് സ്റ്റേഷനുകളില്‍ കൂടി സന്ദര്‍ശനം നടത്തിയതോടെ ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ സ്ഥിതി മനസ്സിലാക്കി എസ്പി മടങ്ങി. സ്റ്റേഷനുകളില്‍ ഇപ്പോഴും പരാതി നല്കാന് എത്തുന്നവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല ആക്ഷേപത്തെ തുടര്‍ന്നായിരുന്നു റൂറല്‍ എസ്പിയുടെ മിന്നല്‍ സന്ദര്‍ശനം. പുതിയതായി ചാര്‍ജ്ജെടുത്ത എസ്പിയുടെ മുഖപരിചയം പോലീസുകാര്‍ക്ക് ലഭിക്കാതിരുന്നതും വിനയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: