പത്തനംതിട്ട : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പാക്കിസ്ഥാന് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന് നടത്തിയ സന്ദര്‍ശനത്തിന്റ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്താണെന്ന് സമഗ്രമായ അന്വേഷണം നടത്തി സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഹിന്ദുമത വിശ്വാസിയല്ലാത്ത ഒരു ഉദ്യോഗസ്ഥന് നിലവിലുള്ള സാഹചര്യത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതില്‍ ക്ഷേത്ര വിശ്വാസികളുടെ ഇടയില്‍ വളരെയേറെ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ സുരക്ഷയെ സംബന്ധിച്ചും ഗുരുതരമായ ചില ചോദ്യങ്ങളാണ് ഈ സന്ദര്‍ശനം ഉയര്‍ത്തുന്നത്. ഇദ്ദേഹത്തിന്റെ ക്ഷേത്ര സന്ദര്‍ശനത്തെപ്പറ്റി യാതൊരു വിവരങ്ങളും മുന്‍കൂട്ടി പോലീസിന് ലഭ്യമായിരുന്നില്ലെന്നും പറയപ്പെട്ടുന്നു. സന്ദര്‍ശനം കഴിഞ്ഞതിന് ശേഷവും സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്. പാക്കിസ്ഥാന് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന് ഇത്തരത്തില്‍ സന്ദര്‍ശനം നടത്താന്‍ കാരണമെന്തായിരുന്നു എന്നത് അന്വേഷിക്കേണ്ട വസ്തുതയാണ്. ഭക്തജനങ്ങളുടെ ആശങ്കകളകററാന് ഈകാര്യത്തിലുളള സത്യാവസ്ഥ ആഭ്യന്തര വകുപ്പ് പുറത്തുവിടണം.
ക്ഷേത്രത്തിന്റെ സുരക്ഷയെ സംബന്ധിച്ച് സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുള്ള സാഹചര്യത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷശക്തിപ്പെടുത്താനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യണം. യൂണിഫോം ഇട്ട കുറേ സൈനികരേയും പോലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചതുകൊണ്ട് മാത്രം സുരക്ഷയുണ്ടാകുന്നില്ല. അവിടെ കടന്നുവരുന്ന ആളുകളെപ്പറ്റിയുള്ള വിവരങ്ങള്‍ മനസ്സിലാക്കാനുള്ള പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ ശേഷിയും വര്‍ദ്ധിപ്പിക്കണം. അതിനുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണം.
പാക് ഉദ്യോഗസ്ഥന്റെ സന്ദര്‍ശനം സംബന്ധിച്ച് രാജ്യവ്യാപകമായി ഊഹാപോഹങ്ങള്‍ പ്രചരിക്കുകയാണ്. രണ്ടുദിവസമായി ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥന്റെ സന്ദര്ശനത്തെപ്പറ്റിയുളള വിവരങ്ങള്‍ ഇതുവരെ അറിയാന്‍ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. രാജ്യത്ത് നടത്തുന്ന നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി പാക്കിസ്ഥാനുള്ള ബന്ധം വെളിപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം സന്ദര്‍ശനങ്ങള്‍ സംശയത്തിന്റെ നിഴലിലാകുന്നത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകളുടെ സംരക്ഷണത്തെപ്പറ്റി ക്ഷേത്ര വിശ്വാസികള്‍ക്ക് ആശങ്കയുണ്ട്. ഈ ആശങ്ക കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടേയും സുരക്ഷയുടെ കാര്യത്തിലുമുണ്ട്. കേരളത്തിലെ ക്ഷേത്ര ഭരണം നിര്‍വ്വഹിക്കുന്ന സംവിധാനം ക്ഷേത്രത്തോടും ക്ഷേത്ര വിശ്വാസങ്ങളോടും പ്രതിബദ്ധത ഉള്ളതല്ല എന്നതാണ് ഈ ആശങ്കയ്ക്ക് അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് വി.എന്‍.ഉണ്ണി, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.സൂരജ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: