മലയാളത്തിലെ വിശ്വസാഹിത്യകാരനാരാണെന്ന ചോദ്യത്തിന് ആരും പെട്ടന്നു തന്നെ ഉത്തരം നല്‍കും. അത്തരമൊരു ചോദ്യത്തിന്റെ ഉത്തരത്തിനായി ആര്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല, തകഴി ശിവശങ്കരപ്പിള്ളയെന്നു പറയാന്‍. തകഴിയെ മാറ്റി നിര്‍ത്തി മലയാള സാഹിത്യത്തെ പഠിക്കാനോ, ചിന്തിക്കാനോ കഴിയില്ല. അത്രത്തോളം അദ്ദേഹം മലയാള ഭാഷയിലും മലയാളികളിലും സ്വാധീനം ചെലുത്തിയിരിക്കുന്നു.
നോവലുകളും കഥകളുമായി നിരവധി രചനകള്‍ അദ്ദേഹം നമുക്കായി തന്നു. ഓരോന്നും വായിച്ച മലയാളികള്‍ മാത്രമല്ല, ലോകമെങ്ങുമുള്ള സാഹിത്യാസ്വാദകര് ശിവശങ്കരപ്പിള്ളയെന്ന കുട്ടനാട്ടുകാരന്റെ പ്രതിഭയുടെ സ്വാദറിഞ്ഞു. ഒട്ടുമിക്ക തകഴി നോവലുകളും കഥകളും ഇന്ത്യന്‍ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. അതെല്ലാം വായിച്ചറിഞ്ഞ വിദേശികള്‍ ഇന്ത്യയെന്ന രാജ്യത്ത് ഇങ്ങു തെക്ക് കേരളമനെന്നോരു സംസ്ഥാനമുണ്ടെന്നറിഞ്ഞ് ഇവിടേക്ക് തീര്‍ത്ഥയാത്ര നടത്തി. തകഴി നോവലുകളിലെ കഥാപാത്രങ്ങളെ, കഥകളിലെ പ്രദേശങ്ങളെ അടുത്തറിയുകയായിരുന്നു അവരുടെ ലക്ഷ്യം. തകഴിയെന്ന ചെറിയ മനുഷ്യന്, തനി കുട്ടനാടന്‍ നാട്ടുമ്പുറത്തുകാരനായ കര്ഷകന് എഴുതിവച്ചതാണിതെല്ലാം എന്നറിഞ്ഞ് അവര്‍ അത്ഭുതപ്പെട്ടു. കേരളത്തിന്റെ സൗന്ദര്യവും സൗരഭ്യവും തകഴിയിലൂടെ ലോകമെങ്ങുമെത്തുകയായിരുന്നു.
എഴുത്തുകാര്‍ അങ്ങിനെയാണ്. അവരുടെ രചനകളിലൂടെ, അതില്‍ പ്രതകിപാദിക്കുന്ന പ്രദേശങ്ങളെ കൂടി ലോകത്തിനു മുന്നില്‍ തുറന്നു വയ്ക്കുന്നു. നമ്മുടെ നാടിനെ കുറിച്ചുള്ള അവബോധം വിദേശികളുടെ മനസ്സിലെത്തിക്കാന്‍, നമ്മുടെ നാടിന്റെ ഗുണങ്ങള്‍ അവരിലെത്തിച്ച് അവരെ ഇവിടേക്കാകര്ഷിക്കാന് സര്‍ക്കാരുകല്‍ ടൂറിസത്തിന്റെ പേരില്‍ കോടികളാണ് ഒഴുക്കുന്നത്. അതില്‍ ഫലപ്രദമാകുന്നത് ചെറിയൊരംശം മാത്രമാണെന്ന് എല്ലാപേര്‍ക്കും അറിയാം. എന്നാല്‍ നാടിന്റെ ഏതോ ഒരു മൂലയിലിരുന്ന് ആ നാടിനെ കുറിച്ച് കഥകളും കവിതകളുമെഴുതുന്നവര് ചെയ്യുന്നത് അതിലുമെത്രയോ വലിയ കാര്യമാണ്. എഴുത്തിലൂടെ സ്വന്തം നാടിനെക്കൂടി അവര്‍ ലോകത്തിനു മുന്നില്‍ തുറന്നു വയ്ക്കുകയാണ്.
ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വായിച്ച്, ആകഥയ്ക്ക് ഭൂമികയായ ഗ്രാമം കാണാന്‍ പുറപ്പെട്ട എത്രയോ സാഹിത്യ പ്രേമികളുണ്ട്. തസ്രാക്ക് ഗ്രാമം ഇന്ന് ലോകത്തിനു മുന്നില്‍ തുറന്നു വച്ചിരിക്കുകയാണ്. തസ്രാക്കിലെ കരിമ്പനകളെ പരിചയമില്ലാത്ത എത്ര സാഹിത്യ പ്രേമികളുണ്ടാകും?. ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും വിഹരിച്ച ഗ്രാമീണതയുടെ ഭംഗികാണാനും സാഹിത്യപ്രേമികള്‍ എത്തിയിരുന്നു. മയ്യഴി എന്നത് കേരളത്തിനകത്തുള്ള ഒരു കേന്ദ്ര ഭരണപ്രദേശമാണ്. മലയാളി മയ്യഴിയെ ഏറ്റവും കൂടുതലറിയുന്നത് എം.മുകുന്ദനെന്ന സാഹിത്യകാരന്റെ രചനകളിലൂടെയാണ്. ആ കടല്‍ തീരത്തു ചെന്നു നിന്ന് അതാ വെള്ളിയാങ്കല്ലെന്ന് പറയാത്ത സാഹിത്യസ്വാദകരുണ്ടാകില്ല.
കായംകുളത്തിനടുത്ത് മുതുകുളം എന്ന ഗ്രാമം പ്രശസ്തമാകുന്നത് പി.പത്മരാജന്റെ പേരിലാണ്. അദ്ദേഹം കഥകലും നോവലുകളും നല്ല സിനിമകളും മലയാളിക്കു സമ്മാനിച്ചതിനൊപ്പം മുതുകുളം എന്ന ഗ്രാമത്തെ ലോകത്തിനു മുന്നില്‍ തുറന്നു വയ്ക്കുകയും ചെയ്തു. അരപ്പെട്ട കെട്ടിയ ഗ്രാമത്തിലെ സക്കറിയായും, കള്ളന് പവിത്രനിലെ പവിത്രനും, ഒരിടത്തൊരു ഫയല്‍വാനിലെ ഫയല്‍വാനും എല്ലാപേരും അവിടെയുണ്ട്. നക്ഷത്രങ്ങളേകാവല് എന്ന നോവലില്‍ കഥാപാത്രമായി തന്നെ മാറിയിരിക്കുന്ന ഗ്രാമവും മറ്റൊന്നല്ല.
പ്രശസ്തരായ ഓരോ എഴുത്തുകാരന്റെയും കഥാപാത്രങ്ങളെയും കഥകള്‍ക്കു കാരണമായ പ്രദേശത്തെയും എടുത്തുപറയാന്‍ ഈ സ്ഥലമൊന്നും മതിവരില്ല. പറഞ്ഞു വന്നത് തകഴിയെ കുറിച്ചാണ്. അദ്ദേഹം എഴുതിയത് കുട്ടനാടിനെ കുറിച്ചും ആലപ്പുഴയുടെ തീരപ്രദേശങ്ങളെ കുറിച്ചുമാണ്. കുട്ടനാടിനെ കുറിച്ചുള്ള ചിന്തകളില്‍ ആദ്യത്തേത് തകഴിയെന്ന എഴുത്താകാരനു വേണ്ടി മാറ്റിവച്ചിട്ടുള്ളതാണ്. കുട്ടനാടും ആലപ്പുഴയും വിട്ടാല്‍ തകഴി തിരുവിതാംകൂര്‍ വരെ തന്റെ എഴുത്തിന്റെ ഭൂമികയെ വ്യാപിപ്പിച്ചുവെന്ന് പറയാം.
മലയാളി ഇന്നും വായിച്ചുകൊണ്ടിരിക്കുന്ന, ചെമ്മീന്‍ എന്ന നോവലിനെ മറന്നു കൊണ്ട് കേരളത്തിന്രെ തെക്കന്‍ മേഖലയിലെ തീരദേശവാസികളുടെ ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ. ചെമ്മീനെന്ന് കോള്‍ക്കുമ്പോള്‍ പുതുതലമുറയ്ക്ക് അതൊരു സിനിമ മാത്രമായിരിക്കും. അതിനെ അങ്ങിനെമാത്രം പരിചയിക്കാനെ പുതുതലമുറ ശ്രമിക്കാറുള്ളൂ. ചെമ്മീന്‍ നോവല്‍ പ്രസിദ്ധീകരിച്ച ശേഷം പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അതു സിനിമയാകുന്നത്. ആ പത്തു വര്‍ഷങ്ങള്‍, മലയാളിയുെ# മനസ്സിനെ നീറ്റിക്കൊണ്ടിരുന്ന അക്ഷരങ്ങളുടെ സാന്നിധ്യമായിരുന്നു ചെമ്മീനെന്ന നോവല്‍. സ്നേഹിച്ചു പോയതിന്റെ പേരില്‍ കടലിനെ പുല്കി സ്വയം മരണം വരിച്ച കറുത്തമ്മയും പരീക്കുട്ടിയും പ്രണയത്തിന്റെ മാത്രം പ്രതീകങ്ങളായിരുന്നില്ല. കടലിന്റെയും കരയുടെ സാമൂഹ്യാവസ്ഥകള്‍ കൂടി അവര്‍ സമൂഹത്തിലേക്ക് സന്നിവേശിപ്പിക്കുന്നുണ്ടായിരുന്നു. ചെമ്മീന്‍ നോവലിന്റെ കഥ മനസ്സില്‍ കൊണ്ടു നടന്ന നാളുകളില്‍ തകഴി പുറക്കാട്ടും അമ്പലപ്പുഴയിലും കടപ്പുറങ്ങളില്‍ എന്നും പോയിരിക്കുമായിരുന്നത്രെ. അവിടുത്തുകാരായ ജനങ്ങളോട് അദ്ദേഹം സംസാരിച്ച് അവരുടെ ജീവിതം പഠിച്ചു.
സംസാര രീതി വശത്താക്കി. ചെമ്മീന്‍ പുറത്തു വരുന്നതിനു മുമ്പ് ഒരു ജനതയുടെ ജീവിതത്തെ കുറിച്ച് സവിസ്തരം പ്രതിിപാദിക്കുന്ന മറ്റൊരു കൃതി ഉണ്ടായിട്ടില്ല. പുസ്തകമെന്ന നിലയില്‍ ചെമ്മീന്‍ മലയാളത്തില്‍ വന്‍ ഹിറ്റായതിനു ശേഷമാണ് അത് സിനിമയാകുന്നത്. സിനിമയേക്കാള്‍ ഒരു പക്ഷെ പുസ്തകമാകും കൂടുതല്‍ സ്വീകരിക്കപ്പെട്ടിരിക്കുക.
ചെമ്മീനിനെ കൂടാതെ അതിനു മുന്നും പിന്നുമായി നിരവധി കഥകളും നോവലുകളും മലയാളിക്കു തന്നു അദ്ദേഹം. തോട്ടിയുടെ മകന്, തെണ്ടിവര്‍ഗ്ഗം, കയര്‍, ഏണിപ്പടികള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, എരിഞ്ഞടങ്ങല്‍, രണ്ടിടങ്ങഴി തുടങ്ങി നിരവധി നോവലുകള്‍. തകഴി എഴുതിയതെല്ലാം ലോകം കൈനീട്ടി സ്വീകരിച്ചു. ലോകം എന്നു പറയുന്നതു തന്നെയാണ് ശരി. ലോകത്തിനു വേണ്ടിയാണ് അദ്ദേഹം എഴുതിയത്. ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ രടനകള് വിവര്‍ത്തനം ചെയ്യപ്പെടുകയും ആ ഭാഷകളിലെല്ലാം അത് സ്വീകരിക്കപ്പെടുകയും ചെയ്തപ്പോള്‍ എല്ലാവരും കുട്ടനാടിനെ അറിയുകയായിരുന്നു. ആലപ്പുഴയെ അറിയുകയായിരുന്നു. കേരളത്തെ അറിയുകയായിരുന്നു….
തകഴിയെകുറിച്ച് ഇപ്പോള്‍ എന്തിനാണിത്രയും പരത്തി പറയുന്നതെന്ന് വായനക്കാര്‍ കരുതുന്നുണ്ടാകും. വെറുതെയൊരു എഴുത്തല്ലിത്. തകഴിയെന്ന പ്രതിഭാശാലിയായ മനുഷ്യനെ കൂടുതല്‍ അടുത്തറിയാനുള്ള സമയമാണിത്. 1912 ഏപ്രില്‍ 17നാണ് അദ്ദേഹം ജനിച്ചത്. അങ്ങനെ നോക്കുമ്പോള്‍ തകഴി ശിവശങ്കരപ്പിള്ള ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 99 വയസ്സു തികയുമായിരുന്നു. തകഴിയുടെ പ്രായം നൂറിലേക്ക് കടക്കുമായിരുന്നു. തകഴിയ്ക്ക് ജന്മശതാബ്ദി.
പ്രിയപ്പെട്ട വായനക്കാരാ, മലയാളി ഒട്ടും തര്‍ക്കമില്ലാതെ, രണ്ടാമതൊന്ന് ആലോചിക്കാതെ, ആഘോഷിക്കേണ്ട ഒരു ജന്മശദാബ്ദിയാണ് തകഴിയുടേതെന്ന് പറയാനാണ് ഇത്രയ്ക്ക് പരത്തി എഴുതിയത്. സാധാരണ ജന്മശദാബ്ദി ആഘോഷ ങ്ങള് ഒരു വര്‍ഷമാണ് കൊണ്ടാടുന്നത്. അതുപ്രകാരമാണെങ്കില്‍ കഴിഞ്ഞുപോയ ഏപ്രില്‍ മാസത്തില്‍ അതു തുടങ്ങണമായിരുന്നു. തെരഞ്ഞെടുപ്പു ജ്വരം സിരകളില്‍ കയറിയിരുന്നതുകൊണ്ടാകാം രാഷ്ട്രീയക്കാരായ ഭരണാധികാരികളെല്ലാം അതു മറന്നു. കഴിഞ്ഞ ദിവസം ഇടതു പക്ഷത്തിന് ഭരണ സമിതിയില്‍ ഭൂരിപക്ഷമുള്ള സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം തകഴി ജന്മശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു യോഗം നടത്തി. പ്രസംഗിച്ചത് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്. തകഴിയെ ഇടതു പക്ഷക്കാരാനാക്കാനുള്ള ശ്രമമാണ് അവിടെ നടന്നത്.
ആരുടെയെങ്കിലും പക്ഷക്കാരനാക്കേണ്ട വ്യക്തിയല്ല തകഴിയെന്ന തിരിച്ചറിവുണ്ടാകണം. ഈ ജന്മശദാബ്ദി നല്ല രീതിയില്‍ ആഘോഷിക്കാന്‍ സര്‍ക്കാരിനും സാംസ്കാരിക സ്ഥാപനങ്ങള്‍ക്കും കഴിയണം. കുട്ടനാട്ടിലെ തകഴിയുടെ വീട് ഇന്ന് അദ്ദേഹത്തിന്റെ സ്മാരകമാണ്. അവിടെ തകഴിയെ അടുത്തറിയാനുതകുന്ന തരത്തിലുള്ള വികസനം വേണം. അങ്ങനെ ഉണ്ടായാല്‍ അവിടേക്ക് ഭാഷാസ്നേഹികളും സാഹിത്യപ്രേമികളും തീര്‍ത്ഥയാത്ര നടത്തും. അതു ചെയ്യാനുള്ള മനസ് സര്‍ക്കാരിനും വേണം. തകഴിയെ അത്രപെട്ടന്ന് മറന്നു കളയുന്നത് നന്ദികേടാകും.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: