ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ നിലവറകളില്‍നിന്ന് ഇതുവരെ പുറത്തെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍, രത്നക്കല്ലുകള്‍, പൂജാ സാമഗ്രികള്‍ തുടങ്ങിയവയുടെ അതിബൃഹത്തായ ശേഖരം ലോകത്തിനുതന്നെ അത്ഭുതമായിരിക്കുകയാണ്. ഇന്നത്തെ നിലയില്‍ 90000 കോടിയില്‍ അധികം വിലമതിക്കുന്നതായി കണക്കാക്കിയിട്ടുണ്ട്. ഇനിയും ഏറ്റവും പ്രധാനപ്പെട്ടതെന്ന് കരുതുന്നതും ഏറെ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നതുമായ ഒരു അറ തുറക്കുന്നത് സുപ്രീംകോടതി തല്‍ക്കാലത്തേക്ക് വിലക്കിയിരിക്കുകയുമാണ്. അതുകൂടി തുറന്നാല്‍ ഒരുലക്ഷം കോടികവിയുമെന്ന് കരുതേണ്ടിയിരിക്കുന്നു.
നിലവറകളിലെ ഉടയാടകള്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങളും രത്നങ്ങളുമെല്ലാം ഭക്തജനങ്ങള്‍ ഭഗവാന് കാണിക്കയായി അര്‍പ്പിച്ചതാണ്. അല്ലാതെ രാജ്യം കൊള്ളയടിച്ചുണ്ടാക്കിയതല്ല. അവ നിധിയും പുരാവസ്തുക്കളുമൊന്നുമല്ല. പുരാണങ്ങളിലും മറ്റും പത്മനാഭസ്വാമി ക്ഷേത്രം പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ഒരുതീപ്പിടുത്തത്തെ തുടര്‍ന്ന് ക്ഷേത്രം ഇന്നത്തെ നിലയില്‍ പുനര്‍നിര്‍മ്മിച്ചത് 14-ാം നൂറ്റാണ്ടിലാണ്. രേഖകളുടെ വിപുലമായ ശേഖരം ക്ഷേത്രത്തിലുണ്ട്.
പത്മനാഭസ്വാമി ക്ഷേത്രത്തെക്കാള്‍ വലുപ്പത്തിലും പ്രശസ്തിയിലും വളരെ മുന്‍പന്തിയില്‍ നില്ക്കുന്ന ക്ഷേത്രങ്ങള്‍ രാജകുടുംബങ്ങളുടെ വകയായും അല്ലാതെയുള്ളവ രാജ്യത്തുണ്ട്. അവയില്‍ പലതിലേയും വിപുലമായ സ്വത്തുക്കള്‍ പുറമെ നിന്നുള്ള കാലാകാലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ കൊള്ളയടിക്കപ്പെടുകയായിരുന്നു. രാജകുടുംബങ്ങളുടെ കൈവശമുള്ള ക്ഷേത്രങ്ങള്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ നിര്‍ബന്ധിതമായപ്പോള്‍ ക്ഷേത്ര ഉടമകളായ മഹാരാജാക്കന്മാരും രാജാക്കന്മാരും ആ സ്വത്തുക്കളത്രയും എടുത്തുമാറ്റുകയായിരുന്നു. ഇതൊന്നും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വകയായ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സംഭവിച്ചില്ല. തൃപ്പടിദാനത്തിലൂടെ തങ്ങള്‍ക്ക് വന്നുകൂടിയ സമ്പത്തത്രയും പത്മനാഭസ്വാമിക്ക് സമര്‍പ്പിച്ച് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ അവര്‍ പത്മനാഭദാസന്മാരാവുകയായിരുന്നു. രാജപദവി ഇല്ലാതായിട്ടും ആ പാരമ്പര്യവും കീഴ്വഴക്കങ്ങളും ഇന്നും അഭംഗുരം തുടര്‍ന്നുപോരുന്നു. ഇപ്പോള്‍ നിലവറകളില്‍നിന്ന് കണ്ടെടുത്ത സ്വത്തുക്കള്‍ ഒന്നും കൊട്ടാരത്തിന്റെ വകയല്ലെന്നും എല്ലാം ക്ഷേത്രത്തിന്റേതാണെന്നും രാജകുടുംബം ഏകമനസ്സോടെ സുപ്രീംകോടതി മുമ്പാകെ ഏറ്റുപറയുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് രാജ്യമില്ലാതായിട്ടും പദവികള്‍ നഷ്ടപ്പെട്ടിട്ടും പത്മനാഭദാസന് ജനങ്ങളുടെ നാവില്‍ മഹാരാജാവായും മനസ്സില്‍ ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന് പുറത്തെടുത്ത സ്വര്‍ണാഭരണങ്ങളും രത്നക്കല്ലുകളെയും പോലെ വെട്ടിത്തിളങ്ങുന്നതും.
ഈ സ്വത്തുക്കളുടെ ഇനിയങ്ങോട്ടുള്ള സുരക്ഷിതത്വമാണ് ഏറ്റവും പ്രധാനം. കമാന്റോ അടക്കമുള്ള വലിയ സുരക്ഷാവ്യൂഹത്തെ നിയോഗിച്ചുകഴിഞ്ഞു. സുരക്ഷക്കായി 30 കോടിരൂപ ചെലവിടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊന്നുംതന്നെ പര്യാപ്തമായെന്നു വരില്ല. നാലുദിശകളില്‍ നിന്ന് മാത്രമല്ല ആകാശത്തിലൂടെയും ഭൂഗര്‍ഭത്തിലൂടെയുമുള്ള കവര്‍ച്ചാ ശ്രമങ്ങളുണ്ടാവാം. കരുതിയിരിക്കേണ്ടതുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച പ്രവര്‍ത്തനവും ഐക്യരാഷ്ട്ര സമിതിയുടെയും അല്ലാതെയുമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹകരണം വേണ്ടിവരും. ഭീകരന്മാരില്നിന്നുള്ള സംരക്ഷണം കൊണ്ടുമാത്രമായില്ല. ആഭരണങ്ങളുടെയും രത്നങ്ങളുടെയുമെല്ലാം തനിമ നിലനിര്‍ത്തുന്നതിന് ആവശ്യമായ ശീതോഷ്ണാവസ്ഥകളെ സദാ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളോടുകൂടിയാവണം ഇവ സംരക്ഷിക്കേണ്ടത്. ഇതെല്ലാം അന്താരാഷ്ട്ര തലത്തിലുള്ള മ്യൂസിയങ്ങളിലും പുരാവസ്തു പ്രദര്ശനശാലകളിലുമെല്ലാം സുലഭമാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ വായുസംക്രമണമുണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അറകള്‍ നിര്‍മിച്ചത് അന്നത്തെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിയാവും. അറകള്‍ തുറക്കുന്നതിന് മുമ്പ് ആവശ്യം വേണ്ടതായ മുന്‍കരുതലുകള്‍ പൂര്‍ണ്ണമായി പാലിക്കപ്പെട്ടുവോ എന്നുറപ്പു പറയാനാവില്ല. സുപ്രീംകോടതി കൊടുത്ത നിര്‍ദ്ദേശങ്ങളില്‍ ചിലത് നിരീക്ഷകര്‍ പാലിച്ചില്ലെന്നും കാണുന്നു. പാലിക്കാതിരുന്നതിന് പറയുന്ന കാരണം ക്ഷേത്രാചാരങ്ങളെ പിടിച്ചുള്ളതാണ്. സുപ്രീംകോടതിയെ അറിയിച്ച് സമ്മതം വാങ്ങേണ്ടിയിരുന്നു. അതുണ്ടായില്ല. മാത്രമല്ല നിലവറയില്‍നിന്ന് ശേഖരിച്ച് എടുത്തുപരിശോധിച്ച വിവരങ്ങള്‍ ഉടനുടന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് അക്ഷന്തവ്യമായ അപരാധമാണ്.
ഈ ക്ഷേത്രസമ്പത്ത് വിശ്വാസികളായ ഹിന്ദുക്കള്ക്കുമാത്രമവകാശപ്പെട്ടതാണ്. ഇവ എന്തുചെയ്യണമെന്നും എന്തു ചെയ്യാതിരിക്കണമെന്നും പറയാനുള്ള അവകാശം ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണ്. അതുകൊണ്ടുതന്നെ ചെറുതും വലുതുമായ ഹിന്ദുസംഘടനകളോടും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനോടും രാജ്യകുടുംബത്തോടും ആലോചിച്ചശേഷമേ ക്ഷേത്രസ്വത്ത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കാവൂ. അന്യമതസ്ഥര്‍ മാത്രമല്ല അവിശ്വാസികളും ഇതുവരെ ഹിന്ദു എന്ന് ഉച്ചരിക്കാത്തവരും ഇപ്പോള്‍ ഹിന്ദുവായി അഭിപ്രായപ്രകടനം നടത്തുകയാണ്. ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും പള്ളികളില്‍ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന കോടികോടി ലക്ഷങ്ങളുടെ സമ്പത്തിനെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ മടിക്കുന്ന രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും പണ്ഡിതവര്യന്മാരും ഇപ്പോള്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് എടുത്തുചാടുന്നത് അങ്ങേയറ്റത്തെ ശുംഭത്തരമാണ്. അത് വകവെച്ചുകൊടുക്കാനാവില്ല. ഇത് ഹൈന്ദവസമൂഹം ഒറ്റ ശബ്ദത്തില്‍ ഒറ്റക്കെട്ടായി പ്രതിരോധിച്ചേ തീരൂ. ലോകത്തിന്റെ കണ്ണും കാതും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും കേരളത്തിലേക്കും തിരിയാന്‍ ഇടയായിരിക്കുകയാണ്. ഇതിന്റെ സാധ്യതകള്‍ മുന്നില്‍ക്കണ്ട് പല കോണുകളില്‍ നിന്നും പല അഭിപ്രായപ്രകടനങ്ങളും വന്നുകൊണ്ടിരിക്കുകയുമാണ്. ഒരു ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്രസ്വത്തുക്കളെക്കുറിച്ചുമാണ് അഭിപ്രായം പ്രകടിപ്പിക്കുന്നതെന്നും പലരുമോര്‍ക്കുന്നില്ല. ഇത് ഹൈന്ദവരുടെ ഇടയില്‍ വലിയ പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്. ഹൈന്ദവ ഏകീകരണത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഈ ആവശ്യം പല കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുകയുമാണ്. ഇതിനോട് പ്രതികരിക്കാന്‍ ഇന്നുള്ള ഹൈന്ദവസംഘടനകള്‍ തയ്യാറാവുകയും ഒരു പുതിയ ഹൈന്ദവ സമൂഹത്തിന്റെ ഉദയം കുറിക്കാന്‍ കൈകോര്‍ക്കുകയും വേണം. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള മുഴുവന്‍ ഹിന്ദുക്കളുടെയും ഏകീകരണത്തിനാണ് എസ്എന്‍ഡിപി യോഗം നിലകൊള്ളുന്നതെന്ന് പ്രഖ്യാപിക്കുക മാത്രമല്ല, ഏതാനും ചുവടുകള്‍ മുന്നോട്ടുവെക്കുകയും ചെയ്തതുമാണ്. അതിന്റെ പിഴവുകള്‍ ആരുടെ മേലും ചുമതാനും അതെല്ലാം ഓര്‍മ്മപ്പെടുത്താനും മുതിരുന്നില്ല. നമുക്ക് ഒരു പുതിയ അധ്യായം കുറിക്കാം. ഹിന്ദു ഏകീകരണം കൊണ്ടുദ്ദേശിക്കുന്നത് മറ്റുമതവിഭാഗങ്ങളുടെ അവകാശത്തിലേക്കുള്ള കടന്നുകയറ്റമല്ല. അവകാശപ്പെട്ടത് പിടിച്ചുപറ്റാനും സാമൂഹ്യനീതി നേടിയെടുക്കാനുമാണ്. അതിന്നായി ഈ അവസരം ഉപയോഗപ്പെടുത്തണം. ഇപ്പോള്‍ പുറത്തെടുത്ത സ്വത്തുക്കള്‍ ക്ഷേത്രത്തില്‍ത്തന്നെ സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുള്ളത് എത്രയും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങളും തീരുമാനങ്ങളും ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവും രാജകുടുംബവും ഭക്തജനങ്ങളുമായി ആലോചിച്ചുമാത്രമേ കൈക്കൊള്ളാവൂ.
-വെള്ളാപ്പള്ളി നടേശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: