അമൃത്സര്‍: യൂറോപ്പിനെ കേന്ദ്രമാക്കിയുള്ള വ്യക്തിജീവിതം യുവജനത അനുകരിക്കുന്നത് രാജ്യത്തിന്റെ സാമൂഹ്യ ജീവിതത്തിന് നല്ലതല്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സഹകാര്‍ ഭാരതി ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ കുടുംബ വ്യവസ്ഥ ആയിരത്താണ്ടുകള്‍ പഴക്കമുള്ളതാണ്. പരസ്പര സഹകരണവും അങ്ങനെയുള്ളതാണ്. അത് ഭാരതത്തിന്റെ അടിസ്ഥാനതത്വവുമാണ്. എന്നാല്‍ പരസ്പരം സഹകരണമില്ലായ്മയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഈ അവസ്ഥ തിരുത്തുന്നതില്‍ യുവാക്കള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കും. അതിലേക്കായി ഭാരതത്തിന്റെ കുടുംബ വ്യവസ്ഥയും സാമാജിക ബോധവും യുവാക്കളില്‍ എത്തിക്കണം. ഇതില്‍ സഹകരണ മേഖലയ്‌ക്കും നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം പൂര്‍ണമായും വളര്‍ന്നുവെന്ന് പറയാന്‍ സാധിക്കില്ല. രാജ്യം അഭിവ്യദ്ധി പ്രാപിക്കുമ്പോഴും ദാരിദ്ര്യരേഖയ്‌ക്ക് താഴെ ജനങ്ങള്‍ ഉണ്ടാകുന്നു. പല ഉത്പ്പന്നങ്ങളും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നു. ഇതിന് മാറ്റം ഉണ്ടാക്കേണ്ടിയിരിക്കുന്നു. സമസ്ത മേഖലയേയും സ്പര്‍ശിക്കുന്ന സഹകരണ മേഖലയ്‌ക്ക് ഇതിന് മാറ്റം ഉണ്ടാക്കാന്‍ സാധിക്കും. അതിലേക്കായി സാമ്പത്തികവും ആധ്യാത്മികവും സമന്വയിപ്പിച്ച് സഹകരണ മേഖലയെ ശക്തിപ്പെടുത്തണം. സഹകാര്‍ഭാരതി ഈ ഉദ്യമം ഏറ്റെടുത്ത് ഗ്രാമങ്ങളിലേക്ക് ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ് ചന്ദ് കട്ടാരിയ ഫെര്‍ട്ടിലൈസര്‍ മാന്‍ ഓഫ് ഇന്ത്യ അവാര്‍ഡ് വിതരണം ചെയ്തു. അവാര്‍ഡിന് അര്‍ഹനായ ഇഫ്‌കോ എംഡി ഉദയ്ശങ്കര്‍ പ്രസംഗിച്ചു. സഹകാര്‍ഭാരതി പഞ്ചാബ് പ്രസിഡന്റ് ബല്‍റാം ദാസ് ബാവ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ദീനാനാഥ് ടാക്കൂര്‍, ജനറല്‍ സെക്രട്ടറി ഉദയ് വാസുദേവ് ജോഷി, സ്വാഗതസംഘം അധ്യഷന്‍ ഇന്ദ്രസിങ് ആനന്ദ് എന്നിവര്‍ സംസാരിച്ചു. സഹകരണ രംഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ദഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍, ദേശീയ സഹസമ്പര്‍ക്ക പ്രമുഖ് യു. കൈലാസ്മണി, ദേശീയസമിതി അംഗം എസ്. മോഹനചന്ദ്രന്‍, സംസ്ഥാന പ്രസിഡന്റ് അഡ്വ. കരുണാകരന്‍ നമ്പ്യാര്‍, ജനറല്‍ സെകട്ടറി കെ. രാജശേഖരന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: