പാരീസ്: ബാലണ്‍ ഡി ഓര് പുരസ്കാര നിറവോടെ പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുന്ന സ്പാനിഷ് താരം റോഡ്രി. ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍, ഇംഗ്ലണ്ടിന്റെ ജ്യൂഡ് ബെല്ലിങ്ഹാം(രണ്ടും റയല്‍ മാഡ്രിഡ് താരങ്ങള്‍) എന്നിവരെ പിന്നിലാക്കിയാണ് റോഡ്രി ബാലണ്‍ ഡി ഓര് ജേതാവായത്.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുടരെ നാലാം തവണയും ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ മദ്ധ്യനിരയില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ച്ചവച്ചത്. ഒപ്പം മാസങ്ങള്‍ക്ക് മുമ്പ് സ്പെയിന് നാലാം യൂറോ കിരീടം നേടിയ ടീമിലും റോഡ്രിസുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ആദ്യമായി റോഡ്രിയെ ബാലണ്‍ ഡി ഓറിന് തെരഞ്ഞെടുത്തത്. യുവതാരത്തിനുള്ള കോപ്പ ട്രോഫിക്ക് സ്പെയിന്റെ ബാഴ്സ താരം ലാമിനെ യമാല്‍ അര്‍ഹനായി.
വനിതാ താരത്തിനുള്ള ബാലണ്‍ ഡി ഓര് ഫെമിനൈന്‍ പുരസ്കാരത്തിന് തുടര്‍ച്ചയായ രണ്ടാം തവണയും സ്പെയിന്‍കാരി അയ്താനാ ബൊന്‍മാട്ടി തെരഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബ് ഫുട്ബോളില്‍ എഫ്സി ബാഴ്സിലോണയ്ക്കായാണ് ബൊന്‍മാട്ടി കളിക്കുന്നത്. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവര്‍ക്ക് നല്കി വരുന്ന ഗെര്‍ഡ് മുള്ളര്‍ ട്രോഫിക്ക് ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയും ഇംഗ്ലണ്ടിന്റെ ഹാരി കെയ്നും പങ്കുവച്ചു. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയ്ക്കായി ഗോള്‍ വല കാക്കുന്ന അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസ് മികച്ച ഗോളിക്കുള്ള യാഷിന് ട്രോഫി നേടി. അര്‍ജന്റീനയുടെ തുടര്‍ച്ചയായ കോപ്പ അമേരിക്ക കിരീടനേട്ടം എമിലിയാനോയ്ക്ക് ഗുണമായി.
റയല്‍ മാഡ്രിഡ് ആണ് വര്‍ഷത്തിലെ ഏറ്റവും മികച്ച ക്ലബ്ബ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച വനിതാ ക്ലബ്ബ് എഫ്സി ബാഴ്സിലോണയാണ്. മികച്ച കോച്ചിനുള്ള പുരസ്കാരം കാര്‍ലോ ആന്‍സെലോട്ടി തെരഞ്ഞെടുക്കപ്പെട്ടു. വനിതാ പരിശീലകയായി തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്കന്‍ ദേശീയ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കുന്ന എമ്മാ ഹായെസ് ആണ്. സ്പാനിഷ് താരം ജന്നി ഹെര്‍മോസോ സോക്രട്ടീസ് അവാര്‍ഡിന് അര്‍ഹയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: