പത്തനംതിട്ട: 56 വർഷം മുൻപുണ്ടായ സൈനിക വിമാനാപകടത്തിൽ മരിച്ച തോമസ് ചെറിയാന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്നു നടക്കും. അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കാരത്തിനായി പള്ളിയിലെത്തിച്ചു. രാവിലെ മുതൽ ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിക്കാനായി അദ്ദേഹത്തിന്റെ വസതിയിലേയ്ക്ക് എത്തിയത്.
ഉച്ചയ്ക്ക് രണ്ട് മണിക്ക് പത്തനംതിട്ട ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. തിരുവനന്തപുരത്തുനിന്ന് സൈന്യത്തിന്റെ പ്രത്യേകം അലങ്കരിച്ച വാഹനത്തിലാണ് തോമസ് ചെറിയാന്റെ ഭൗതികശരീരം ജന്മനാടായ ഇലന്തൂരിൽ ഇന്ന് രാവിലെ 10.15 ഓടെ എത്തിച്ചത്.
അവിടെനിന്ന് വിലാപയാത്രയായി അദ്ദേഹത്തിന്റെ കുടുംബ വീടായ ഇലന്തൂർ ഭഗവതിക്കുന്ന് ഒടാലിൽ വീട്ടിൽ എത്തിച്ചു. വലിയ ജനത്തിരക്കാണ് ഭൗതികദേഹം ഒരുനോക്കുകാണാനായി എത്തിക്കൊണ്ടിരിക്കുന്നത്. വീട്ടിലെ ശുശ്രൂഷകള്‍ക്ക് കുറിയാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പൊലീത്ത കാര്‍മികത്വം വഹിച്ചു.
തുടർന്ന് ഭൗതികശരീരം വിലാപയാത്രയായി സംസ്കാരചടങ്ങുകൾ നടക്കുന്ന ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തിച്ചു. സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കല്ലറയിൽ സംസ്കര ചടങ്ങുകൾ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: