ന്യൂദല്‍ഹി: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ സുപ്രീംകോടതിയുടെ ഉറപ്പിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ സമരം പിന്‍വലിച്ചു. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഡോക്ടര്‍മാര്‍ ജോലിക്കെത്താത്തതു മൂലം സാധാരണക്കാര്‍ ഏറെ ബുദ്ധിമുട്ടിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ അഭ്യര്‍ത്ഥന മാനിച്ച് ദല്‍ഹി എയിംസിലെയും ആര്എംഎല്ലിയേയും ഡോക്ടര്‍മാര്‍ സമരം അവസാനിച്ച് ജോലിയില്‍ പ്രവേശിച്ചു. സുപ്രീംകോടതിയില്‍ നിന്ന് ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് അറിയിച്ചു. സമരം ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരെ പ്രതികാര നടപടി പാടില്ലെന്ന കര്‍ശന നിര്‍ദേശം രാജ്യത്തെ ആശുപത്രികള്‍ക്ക് സുപ്രീംകോടതി നല്കി.
കൊല്‍ക്കത്ത സംഭവത്തില്‍ അന്വേഷണം നടത്തുന്ന സിബിഐ സംഘം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ പ്രതിയായ സഞ്ജയ് റോയ് മൃഗതുല്യമായ സ്വഭാവത്തിന് അടിമയാണെന്ന് മനശാസ്ത്ര വിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. അതിനിടെ, കൊല്‍ക്കത്തയിലെങ്ങും പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്. മമതാ ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് പതിനായിരങ്ങളാണ് ബിജെപി അടക്കമുള്ള പാര്‍ട്ടികളുടെ നേതൃത്വത്തില്‍ തെരുവിലുള്ളത്. മമത രാജിവെയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: