ന്യൂദല്‍ഹി: 2030-ഓടെ ഭാരതത്തില്‍ ദിനംപ്രതിയുള്ള യുപിഐ പണമിടപാടുകള്‍ ഏഴ് ട്രില്യണ്‍ ഡോളറിലേക്ക് ഉയരുമെന്ന് റിപ്പോര്‍ട്ട്. കെര്‍ണിയും ആമസോണ്‍ പേയും നടത്തിയ സംയുക്ത പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം. 2017-18 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ യുപിഐ പണമിടപാടുകളില്‍ 138 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ളതിനെ അപേക്ഷിച്ച് വരുന്ന ആറ് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പണമിടപാടുകള്‍ ഇരട്ടിയാകും.
2017-18 സാമ്പത്തിക വര്‍ഷം ഭാരതത്തില്‍ 300 ബില്യണ്‍ ഡോളറിന്റെ യുപിഐ ഇടപാടുകളാണ് നടന്നത്. ഇത് 2023-24 വര്‍ഷമായപ്പോള്‍ 3.6 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു. ഭാരതത്തിലെ ഇ-കോമേഴ്സ് മാര്‍ക്കറ്റും വളര്‍ച്ച കൈവരിക്കുകയാണ്. 2022ല്‍ 80 ബില്യണ്‍ ഡോളര്‍ വരെയാണ് ഇ-കോമേഴ്സ് മാര്‍ക്കറ്റില്‍ നിന്ന് ലഭിച്ചിരുന്നതെങ്കില്‍ 2030-ഓടെ ഇത് 21 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2022ല്‍, ലോകത്തിലെ ആകെ ഡിജിറ്റല്‍ ഇടപാടുകളില്‍ 46 ശതമാനവും ഭാരതത്തിലായിരുന്നു. കാര്‍ഡും ഡിജിറ്റല്‍ വാലറ്റും ഉപയോഗിച്ചുള്ള ഇടപാടുകളുടെ 10 ശതമാനവും രാജ്യം സംഭാവന ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 120 നഗരങ്ങളിലെ ഡിജിറ്റല്‍ പേയ്മെന്റ് നടത്തുന്ന 6,000 ത്തോളം പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ 90 ശതമാനവും അവരുടെ പണമിടപാടുകളുടെ 80 ശതമാനത്തിലേറെ ഡിജിറ്റലായാണ് നടത്തുന്നത്. സര്‍വേയില്‍ പങ്കെടുത്ത 1000 ലധികം വ്യാപാരികളില്‍ 69 ശതമാനം പേരും ഡിജിറ്റല്‍ പേയ്മെന്റ് രീതികള്‍ വാഗ്ദാനം ചെയ്യുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: