ന്യൂദല്‍ഹി: പ്ലേ ഓഫിസാധ്യതയ്ക്കായുള്ള നിര്‍ണായക പോരാട്ടത്തിനിറങ്ങാനിരിക്കെ ദല്‍ഹി ക്യാപിറ്റല്‍സ് നായകന് ഋഷഭ് പന്തിന് വിലക്ക്. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ കനത്ത ശിക്ഷയായാണ് മാച്ച് റഫറി പന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള ദല്‍ഹിയുടെ പോരാട്ടം നിര്‍ണായകമാണ്. ദല്‍ഹിയുടെ പ്ലേ ഓഫ് സാധ്യത ഈ മത്സരത്തെ ആശ്രയിച്ചാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെ ഋഷഭിനെ വിലക്കിയത്.
ശിക്ഷാ നടപടിയായി ഒരു മത്സരത്തിലാണ് വിലക്കുള്ളത്. രാജസ്ഥാന് റോയല്‍സിനെതിരെ ചൊവ്വാഴ്ച്ച നടന്ന മത്സരം അവസാനിക്കാന്‍ പത്ത് മിനിറ്റ് വൈകിയതായി കണ്ടെത്തിയാണ് നടപടി സ്വീകരിച്ചത്. വിലക്കിനൊപ്പം കനത്ത പിഴയും ചുമത്തിയിട്ടുണ്ട്. ഋഷഭ് ഒഴികെയുള്ള ദല്‍ഹി താരങ്ങള്‍ 12 ലക്ഷം വീതം പിഴയടക്കണമെന്നാണ് മാച്ച് റഫറിയുടെ തീരുമാനം. മാച്ച് ഫീയുടെ 50 ശതമാനം വരും ഇത്.
നടപടിക്കെതിരെ ദല്‍ഹി ടീം ബിസിസിഐ ഓംബുഡ്സ്മാന് അപ്പീല്‍ നല്കി. ഓംബുഡ്സ്മാന് പരിശോധിച്ച ശേഷം മാച്ച് റഫറിയുടെ തീരുമാനം അന്തിമമായിരിക്കുമെന്ന് വിധിച്ചു.
ഋഷഭിന്റെ അഭാവത്തില്‍ ഇന്നത്തെ മത്സരത്തില്‍ അക്ഷര്‍ പട്ടേല്‍ ആയിരിക്കും ദല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുക. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇതിന് മുമ്പും ഈ സീസണില്‍ ദല്‍ഹി ടീം നടപടിക്ക് വിധേയരായിട്ടുണ്ട്. തുടര്‍ന്നും അതേ തെറ്റ് ആവര്‍ത്തിച്ചതിനാലാണ് അധികൃതര്‍ കടുത്ത നടപടികളിലേക്ക് കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: