പരപ്പനങ്ങാടി: മാധ്യമ പ്രവര്‍ത്തനത്തിനിടെ പാലക്കാട് വച്ച് കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ മാതൃഭൂമി ന്യൂസ് സീനിയര്‍ ന്യൂസ് ക്യാമറാമാന് ചെട്ടിപ്പടി സ്വദേശി മുകേഷിന് നാടിന്റെ അന്ത്യാഞ്ജലി. സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ ചെട്ടിപ്പടിയിലെ വസതിയില്‍ അദ്ദേഹത്തിന് യാത്രമൊഴി നല്കി. മാധ്യമ രംഗത്തെ പ്രമുഖരും രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ബുധനാഴ്ച രാവിലെ എട്ടോടെയാണ് മുകേഷിന്റെ മരണത്തിനിടയാക്കിയ കാട്ടാനയുടെ ആക്രമണം നടന്നത്. കാട്ടാനക്കൂട്ടം പുഴ കടക്കുന്നത് തന്റെ ക്യാമറയില്‍ പകര്‍ത്താനുള്ള ശ്രമത്തിനിടെ ഒരു ആന മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലേക്കു ഓടി അടുക്കുകയായിരുന്നു. മുകേഷിനോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും ഓടി രക്ഷപ്പെട്ടു. മുകേഷ് വീണു പോവുകയും ആന അദ്ദേഹത്തെ ചവിട്ടുകയുമായിരുന്നെന്നു സംസ്കാര ചടങ്ങിനെത്തിയ സഹപ്രവര്‍ത്തകര്‍ വേദനയോടെ പറഞ്ഞു.
ചെറുപ്പത്തിലേ അച്ഛന് ഉണ്ണി മരിച്ച സാഹചര്യത്തില്‍ അമ്മ ദേവി വളരെയധികം കഷ്ടപ്പെട്ടാണ് തന്റെ രണ്ടു മക്കളെ വളര്‍ത്തിയത്. സഹോദരി ഹരിതയെ വിവാഹം കഴിച്ചയച്ചു. മുകേഷ് മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. കാസര്‍കോട് സ്വദേശി ടിഷയെ വിവാഹം കഴിച്ച ശേഷം ദല്‍ഹിയിലും പിന്നീട് പാലക്കാട്ടും ജോലി ചെയ്തുവരികയായിരുന്നു. തന്റെ സ്വന്തം നാട്ടിലേക്കു സ്ഥലംമാറ്റം കിട്ടാന്‍ അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും അതിനു സാഹചര്യമൊരുങ്ങിയിരുന്നില്ല. രാവിലെ 11ന് ചെട്ടിപ്പടിയിലെ വസതിയില്‍ മൃതദേഹം സംസ്കരിച്ചു. മുകേഷിന്റെ ആകസ്മിക മരണത്തില്‍ മാധ്യമരംഗത്തെ വിവിധ സംഘടനകള്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: