“കുടിലിലായിരുന്നു നമ്മുടെ രാമന്. അവിടെ നിന്നും ഇപ്പോള്‍ നമ്മള് രാമനെ മോചിപ്പിച്ചു,”.-മോദിയുടെ ഈ പ്രസംഗം കേട്ട് സാധ്വി ഋതംബര കണ്ണീരണിഞ്ഞു. അയോധ്യരാമക്ഷേത്ര നിര്‍മ്മാണത്തിന് ഏറെ ത്യാഗം സഹിച്ച സന്യാസിനിയായിരുന്നു സാധ്വി ഋതംബര.
1990 സപ്തംബര്‍ 25ന് ലാല്‍കൃഷ്ണ അദ്വാനി ഗുജറാത്തിലെ സോമനാഥില്‍ നിന്നും അയോധ്യയിലേക്ക് നടത്തിയ രാമരഥയാത്രയാണ് അയോധ്യ പ്രക്ഷോഭത്തില്‍ പ്രധാന വഴിത്തിരിവായത്. അന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്നു അദ്വാനി. 1984-85ല്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങാനുള്ള തീരുമാനത്തിലെത്തി. പ്രയാഗ് രാജിലെ അശോക് സിംഘാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ആ തീരുമാനം ഉയര്‍ന്നത്. രജ്ജു ഭയ്യ, ഡോ. മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, സുബ്രഹ്മണ്യ സ്വാമി, ഉമാഭാരതി, സാധ്വി ഋതംബര, വിനയ് കത്യാര്‍ തുടങ്ങി പ്രമുഖ നേതാക്കളും സംന്യാസിമാരും ആ യോഗത്തില്‍ പങ്കെടുത്തു.
“ഞങ്ങള്‍ സ്വപ്നം കണ്ടിരുന്ന അതേ രൂപമാണ് ബാലകരാമന് കണ്ടത്. 500 വര്‍ഷത്തെ അക്ഷമമായ കാത്തിരിപ്പിന് വിരാമമായി. ഞങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും ഞങ്ങള്‍ ഇപ്പോള്‍ മറക്കുന്നു. “- മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി സാധ്വി ഋതംബര പറഞ്ഞു.
16 വയസ്സുള്ളപ്പോള്‍ സ്വാമി പരമാനന്ദില് നിന്നും ദീക്ഷ സ്വീകരിച്ചവളാണ് സാധ്വി ഋതംബര. പിന്നീട് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകയായി. അയോധ്യരാമക്ഷേത്രത്തെ മോചിപ്പിക്കാനുള്ള പ്രസ്ഥാനത്തില്‍ പങ്കാളിയായി. അന്ന് അയോധ്യയ്ക്ക് വേണ്ടി 1992ല്‍ നടന്ന കലാപത്തില്‍ സാധ്വി ഋതംബരയും പങ്കാളിയായി. പിന്നീട് കലാപം നടത്തിയെന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജയലില്‍ അടക്കപ്പെട്ടു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കുറ്റത്തിന് ലിബറാന്‍ കമ്മീഷന് മറ്റ് 68 പേര്‍ക്കൊപ്പം സാധ്വി ഋതംബരയെയും പ്രതിയായി ചേര്‍ത്തു.
സിബിഐ കോടതി 2017ല്‍ സാധ്വി ഋതംബരയ്ക്കെതിരെ ക്രിമിനല്‍ കുറ്റം ചാര്‍ത്തി. 2020ല്‍ ജയില്‍ മോചിതയായി. മറ്റ് 32 പേര്‍ക്കൊപ്പം സാധ്വി ഋതംബരയും കുറ്റവിമുക്തയായി. പിന്നീട് പൊതുരാഷ്ട്രീയ ജീവിതത്തില്‍ നിന്നും ഈ തീപ്പൊരി പ്രസംഗക വിടവാങ്ങി. സ്വകാര്യമായി ആത്മീയജീവിതവുമായി മുന്നേറുകയാണ്.
ഉത്തര്‍പ്രദേശില്‍ ആശ്രമം തുടങ്ങാനിരുന്നെങ്കിലും മുഖ്യമന്ത്രി മുലായം സിങ്ങ് യാദവ് സ്ഥലം നിഷേധിച്ചു. പിന്നീട് വന്ന മുഖ്യമന്ത്രി പ്രകാശ് ഗുപ്ത സര്‍ക്കാര്‍ 17 ഹെക്ടര്‍ സ്ഥലം അനുവദിച്ചു. ഇവിടെ പെണ്‍കുട്ടികള്‍ക്ക് ആത്മീയത പഠിപ്പിക്കുന്നതോടൊപ്പം കുതിരയോട്ടം, തോക്ക് പരിശീലനം, കരാട്ടെ എന്നിവ പഠിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: