തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലും അനുബന്ധ സ്ഥാപനങ്ങളിലുമായി നിയമന തട്ടിപ്പിലൂടെ ഭാസുരാംഗന്‍ നേടിയെടുത്തത് പത്ത് കോടിയില്‍ അധികം രൂപ.
പ്യൂണ്‍, അറ്റന്‍ഡര്‍, സെയില്‍സ്മാന്‍ തസ്തികയില്‍ കളക്ഷന്‍ ഏജന്റുമാരെ നിയമിച്ചതിന് പുറമെ വകുപ്പിന്റെ അനുമതിയില്ലാതെ ഗ്രേഡും ശമ്പള പരിഷ്‌കരണവും നടപ്പാക്കി. ഇവര്‍ക്ക് നിയമനം നല്കുമ്പോള്‍ പത്ത് ലക്ഷം രൂപയും സ്ഥാനക്കയറ്റം നല്കുമ്പോള്‍ ഗ്രേഡ് അനുസരിച്ച് ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെയും ഭാസുരാംഗന് നല്കണം. ബാങ്കിന്റെ സഹകരണ ആശുപത്രിയില്‍ വിവിധ തസ്തികകളിലായി 77 നിയമനങ്ങള്‍ നടത്തി. ഇതില്‍ ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കള്‍, സിപിഎം, സിപിഐ നേതാക്കളുടെ ബന്ധുക്കള്‍ ഇവരെ ഒഴിവാക്കിയാല്‍ അമ്പതോളം പേരെ ഭാസുരാംഗന്‍ നേരിട്ട് നിയമിച്ചു.
അഞ്ചു മുതല്‍ പത്ത് ലക്ഷം രൂപ വരെ കോഴപ്പണം വാങ്ങിയാണ് നിയമനം. നിയമനങ്ങള്‍ എല്ലാം സഹകരണ നിയമവും ചട്ടവും രജിസ്ട്രാറുടെ സര്‍ക്കുലറിലെ വ്യവസ്ഥയും ലംഘിച്ചായിരുന്നു. അനുമതി ഇല്ലാതെ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ 6 പേരെ നിയമിച്ചു. ഇവരെ ഫുള്‍ടൈം സ്വീപ്പറാക്കി സ്ഥിരനിയമനം നല്കാമെന്ന വ്യവസ്ഥയില്‍ പത്ത് ലക്ഷം രൂപ വരെ ഓരോരുത്തരില്‍ നിന്നും ഈടാക്കി. പ്രധാന ഓഫീസ് ഉള്‍പ്പെടെ വെറും നാലു ശാഖകള്‍ മാത്രം ഉള്ളപ്പോഴാണ് ആറ് പേരെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരായി നിയമിച്ചത്.
ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് സഹ. സംഘം അസി. രജിസ്ട്രാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു. സഹ. വകുപ്പ് 65 പ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ അനധികൃത നിയമനങ്ങള്‍, നിക്ഷേപത്തുക വകമാറ്റി ചെലവഴിക്കല്‍, ബാങ്കിന്റെ ക്ലാസിഫിക്കേഷന്‍ യോഗ്യത സംബന്ധിച്ച തിരിമറി, മുന്‍കൂര്‍ അനുമതിയില്ലാതെ അനധികൃത നിര്‍മാണം, വായ്പ അനുവദിക്കുന്നതിലെ ക്രമക്കേട്, നിയമാവലിയില്‍ ഇല്ലാത്ത നിക്ഷേപം സ്വീകരിച്ചും അതിന് അമിത പലിശ നല്കിയും ബാങ്കിന് ഭീമമായ നഷ്ടം ഉണ്ടാക്കല്‍ എന്നിങ്ങനെ അഴിമതികള്‍ അക്കമിട്ടു നിരത്തി 92 പേജുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്കിയത്.
എന്നാല്‍ ഭരണസമിതിക്കെതിരെ നടപടിയെടുത്തത് ആറ് മാസം പിന്നിട്ട ശേഷം. അതും നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാതായതോടെ പോലീസിനെ സമീപിച്ചപ്പോള്‍. ഈ ആറു മാസത്തിനിടയില്‍ പല തരത്തിലുള്ള കൂടുതല്‍ തട്ടിപ്പ് നടത്തി ഭാസുരാംഗനും ബിനാമികളും ലക്ഷങ്ങളുടെ വായ്പകള്‍ തരപ്പെടുത്തി. ധൂര്‍ത്തടിയിലൂടെ മാത്രം 22.22 കോടി രൂപ ബാങ്കിന് നഷ്ടമുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പുറമെയാണ് വായ്പാ തട്ടിപ്പ്. ഈ തട്ടിപ്പിന്റെയെല്ലാം റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് സിപിഐയിലെ ഭാസുരാംഗനെ മില്‍മയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: