ടെല്‍അവീവ്: ഇസ്രായേല്‍-ഹമാസ് പോരാട്ടം ശക്തമാകുന്നതിനിടെ ഹമാസ് ബന്ദികളാക്കിയ പതിമൂന്നു പേര് കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. ഇവരില്‍ വിദേശികളുമുണ്ട്. ഇസ്രായേല്‍ പോര് വിമാനങ്ങള്‍ ഗാസയിലെ അഞ്ചു കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. ഇതിനിടെ ഇസ്രായേല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് ഗാസയില്‍ നിന്ന് ജനങ്ങളുടെ കൂട്ട പലായനം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഭീകരര്‍ ബന്ദികളാക്കിയ 250 ഇസ്രായേലികളെ പ്രതിരോധ സേന മോചിപ്പിച്ചു. ഗാസ അതിര്‍ത്തിക്കു സമീപത്തുനിന്ന് ഇവരെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ സേന പങ്കുവച്ചു. ഇസ്രായേല്‍ സൈന്യത്തിന്റെ ‘ഷായെറ്റെറ്റ് 13’ യൂണിറ്റാണ് സൂഫ ഔട്ട്പോസ്റ്റില്‍ കടന്നു കയറി 60 ഭീകരരെ വധിച്ച്, ബന്ദികളെ രക്ഷപ്പെടുത്തിയത്. ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് അബു ആലിയും കൊല്ലപ്പെട്ടവരിലുണ്ട്. 26 ഹമാസ് ഭീകരരെ സൈന്യം പിടികൂടി.
ഹമാസ് ഭീകരരില്‍ നിന്ന് സൂഫ പോസ്റ്റിന്റെ നിയന്ത്രണം പിടിച്ചെടുത്ത സേന, ചുറ്റും വലിയ തോതില്‍ സൈന്യത്തെ വിന്യസിച്ചു. ഇസ്രായേല്‍ ആക്രമണത്തിന് ഹമാസിനെ ആഗോള ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റ് സഹായിച്ചെന്ന് ഇസ്രായേല്‍ നയതന്ത്ര പ്രതിനിധി നൂര്‍ ഗിലോണ്‍ പറഞ്ഞു. അതിനിടെ, അമേരിക്കയ്ക്കു പുറമേ ബ്രിട്ടനും ഇസ്രായേലിന് സഹായവുമായെത്തി. കിഴക്കന്‍ മധ്യധരണ്യാഴിയില്‍ ബ്രിട്ടന് യുദ്ധക്കപ്പല്‍ വിന്യസിച്ചു.
ഇസ്രായേലിനെതിരേ വടക്കന്‍ അതിര്‍ത്തിയില്‍ പുതിയ ചേരി രൂപപ്പെടുമോയെന്ന ആശങ്ക ശക്തമായി. ഗാസ മുനമ്പിലെ ഇസ്രായേല്‍ നടപടികളെ ആശ്രയിച്ചാകും പുതിയ പോര് മുന്നണിയെന്ന് ഇറാന് മുന്നറിയിപ്പു നല്കി. പുതിയ ചേരി രൂപീകരിക്കണമെന്ന് പല രാജ്യങ്ങളും ആവശ്യപ്പെട്ടെന്ന് ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന് അമിര്‍ അബ്ദുല്ലാഹിയന്‍ വെളിപ്പെടുത്തി.
അതേസമയം, ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഗാസ വിട്ടുപോകാന്‍ പ്രദേശവാസികള്‍ക്കു ഇസ്രായേല്‍ മുന്നറിയിപ്പുകൊടുത്ത്. എന്നാല്‍, ഇസ്രായേലിന്റെ വാക്കുകേട്ട് ഒഴിഞ്ഞുപോകരുതെന്ന് ഹമാസ് നിര്‍ദേശിച്ചു. വടക്കന്‍ ഗാസയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോടും ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. ഗാസ മുനമ്പിലെ വടക്കന്‍ പ്രദേശങ്ങളില്‍ ഹമാസിനെതിരേയുള്ള പോരാട്ടം ബലപ്പെടുത്താനാണ് ഇസ്രായേല്‍ ലക്ഷ്യം. കരയുദ്ധമാരംഭിച്ചാല്‍ ശക്തമായി നേരിടുമെന്ന് ഹമാസും പ്രഖ്യാപിച്ചു.
12 പേരെ കാണാതായതിനു പിന്നാലെ തങ്ങളുടെ പൗരന്മാര് എത്രയും പെട്ടെന്ന് ഇസ്രായേല്‍ വിട്ടുപോരണമെന്ന് റഷ്യ അറിയിച്ചു. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി ഇന്നലെ ഇസ്രായേല്‍ സന്ദര്‍ശിച്ചു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ചകളുണ്ടായി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പാലസ്തീന് പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായും സംഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: