ന്യൂദല്‍ഹി: ഖലിസ്ഥാന്‍ ഭീകരനായ ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ പഴി ചാരി കാനഡയിലെ 7.7 ലക്ഷം വരുന്ന സിഖ് വോട്ടുകള്‍ തേടാന്‍ ശ്രമിക്കുന്ന കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പക്ഷെ കരിമ എന്ന ബലൂച് യുവതിയുടെ കൊലപാതകത്തില്‍ നിശ്ശബ്ദനാണ്. ഈ യുവതി കാനഡയുടെ മണ്ണിലാണ് കൊല ചെയ്യപ്പെട്ടതെങ്കിലും ഈ കൊലപാതകത്തെക്കുറിച്ച് മിണ്ടിയതുകൊണ്ട് ജസ്റ്റിന് ട്രൂഡോയ്ക്ക് പ്രത്യേകിച്ച് ഗുണമില്ല.
മാത്രമല്ല, ബലൂച് മനുഷ്യാവകാശപ്രവര്‍ത്തകയും പാക് വിമര്‍ശകയുമായ കരിമയെ വധിച്ചതിന് പിന്നില്‍ പാകിസ്ഥാന് രഹസ്യസേനയായ ഐഎസ് ഐയുടെ പങ്ക് ആരോപിക്കുന്നുണ്ട്. കരിമയുടെ വധം ചര്‍ച്ചയാക്കി പാകിസ്ഥാനെ പിണക്കാനും ജസ്റ്റിന് ട്രൂഡോ തയ്യാറല്ല. അപ്പോള്‍ കാനഡയുടെ മണ്ണില്‍ ഏത് കൊലപാതകം നടന്നാലും അതിന് ഉത്തരം തേടുമെന്ന ജസ്റ്റിന് ട്രൂഡോയുടെ വാദത്തില്‍ തെല്ലും കഴമ്പില്ല.
2020 ഡിസംബറിലാണ് കരിമയെ കാണാതാകുന്നത്. ദിവസങ്ങൾക്ക് ശേഷം കാനഡയിലെ ടൊറന്റോയിലെ നദിക്കരയിൽ നിന്നും കരിമയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.മരണത്തിൽ അസ്വഭാവികത ഇല്ലെന്നാണ് കനേഡിയൻ പോലീസ് അന്ന് പ്രതികരിച്ചത്. മരണത്തെക്കുറിച്ച് തുടർന്ന് അന്വേഷിക്കാനോ വിഷയം പാർലമെന്റിൽ ഉന്നയിക്കാനോ കനേഡിയൻ ഭരണകൂടം തയ്യാറായിരുന്നില്ല.
ബലൂചിസ്ഥാൻ ജനതയുടെ അവകാശങ്ങൾക്കായി പാക് സർക്കാരിനെതിരെ പോരാടിയ വ്യക്തിയാണ് കരിമ ബലോച്. രാഷ്ട്രീയ വിദ്യാർത്ഥി സംഘടനയായ ബലൂച് വിദ്യാര്‍ത്ഥി സംഘടനയുടെ അദ്ധ്യക്ഷയായിരുന്നു.
ബലൂച് ആക്ടിവിസ്റ്റുകളുടെ തിരോധാനത്തിനെതിരെ ഇവർ ശക്തമായി പാകിസ്ഥാനെ വിമര്‍ശിച്ചിരുന്നു. പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുറന്നുകാണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇവർ പിന്തുണച്ചിരുന്നു. കടുത്ത വിമര്‍ശകയായ കരിമ ബലോചിനെ പാകിസ്താൻ തീവ്രവാദ കുറ്റം ചുമത്തി നാടുകടത്തുകയായിരുന്നു. പിന്നീട് കരിമ കാനഡയില്‍ അഭയം തേടി.
കരീമയുടെ മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് കനേഡിയൻ പോലീസ് ഇപ്പോഴും പറയുന്നത്. എന്നാൽ ഇത് ആത്മഹത്യയാണെന്ന് വിശ്വസിക്കില്ലെന്നും ശക്തയായ ഒരു സ്ത്രീയായിരുന്നു കരിമയെന്നുമാണ് ഭർത്താവ് ഹമ്മൽ ഹൈദറിന്റെ വാക്കുകൾ.
കരീമയുടെ മരണത്തിൽ ഇതുവരെയും പ്രതികരിക്കാത്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പക്ഷെ ഖലിസ്ഥാന്‍ ഭീകരനായ ഹര്‍ദ്ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഉടന്‍ പ്രതികരിച്ചതിന് പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: