സതീഷ് കരുംകുളം
തിരുവനന്തപുരം: മുക്കോല സര്‍വശക്തിപുരം സ്വദേശി സുകുമാരന്റെ വീട്ടിലെ കിണറിനുള്ളിലെ നിര്‍ത്തിവച്ച പണി ഇന്നലെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് മഹാരാജനും മണികണ്ഠനും ദുരന്തത്തിലേക്ക് ഇറങ്ങിയത്. മണികണ്ഠന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടപ്പോള്‍ മഹാരാജന് ദുരന്തത്തിനിരയായി.
മണ്ണിന് ഇളക്കം തട്ടുന്നത് മനസിലാക്കിയ മണികണ്ഠന് മുന്നറിയിപ്പ് നല്‍കിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ കിണര്‍ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴുകയായിരുന്നു. നാല്പത് അടിയോളം മണ്ണ് മൂടിയ മഹാരാജന്റെ നിലവിളി കിണറിനുള്ളില്‍ കുടുങ്ങി. ഒന്നും ചെയ്യാനാകാതെ നിസഹായരായി നിന്ന സഹപ്രവര്‍ത്തകരുടെ ഉച്ചത്തിലുള്ള വിളികേട്ടെത്തിയ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.
കഴിഞ്ഞ ആഴ്ചയില്‍ നാല് ദിവസത്തെ പണിക്ക് ശേഷം മഴ കണക്കിലെടുത്ത് പണി നിര്‍ത്തിവച്ച കിണര്‍ ചതിക്കില്ലെന്ന ഉറച്ച വിശ്വാസത്തില്‍ മഹാരാജനും സംഘവും ഇന്നലെ അവസാനഘട്ട ജോലിക്കിറങ്ങിയത്. മഹാരാജനെ കൂടാതെ കരാര്‍ ഏറ്റെടുത്ത പുന്നകുളം സ്വദേശി മണികണ്ഠന്, മുക്കോല സ്വദേശികളായ വിജയന്, ശേഖര്‍, കണ്ണന് എന്നിവര്‍ രാവിലെ ഏഴരയോടെയാണ് കിണറിന്റെ ഉടമസ്ഥനായ മുക്കോല സര്‍വശക്തിപുരം സ്വദേശി സുകുമാരന്റെ വീട്ടില്‍ എത്തിയത്.
90 അടിയോളം താഴ്ചയുള്ള കിണറിനുള്ളില്‍ നേരത്തെ ഉണ്ടായിരുന്ന പതിനാറ് റിംഗുകള്‍ക്ക് പുറമെ പുതിയതായി ഇറക്കിയ പതിനഞ്ച് റിംഗുകള്‍ കൂടി അടുക്കിയിരുന്നു. ഇന്നലത്തെ പ്രധാന ദൗത്യം കിണറിനുള്ളിലെ മണ്ണും നേരത്തെ കുടുങ്ങിയ പമ്പ്സെറ്റും പുറത്തെടുകയായിരുന്നു. പണി ഏറ്റെടുത്ത മണികണ്ഠനും മഹാരാജനും കിണറിനുള്ളില്‍ ഇറങ്ങി.
ചെളിയില്‍ പുതഞ്ഞു കിടന്ന മോട്ടോര്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പത്തടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങി. ദുഷ്കരമെന്ന് മനസിലാക്കിയ തൊഴിലാളികള്‍ മോട്ടോര്‍ കരയ്ക്കെത്തിക്കുന്നതിനുള്ള ശ്രമം ഉപേക്ഷിച്ച് പുറത്ത് കടക്കാന്‍ തീരുമാനിച്ചു.
ഇതിനിടയില്‍ മുകളില്‍ നിന്നുള്ള മണ്ണിന് ഇളക്കം തട്ടുന്നതായി മനസിലാക്കിയ മണികണ്ഠന് മഹാരാജനോട് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടശേഷം വേഗത്തില്‍ മുകളിലേക്ക് കയറി രക്ഷപ്പെട്ടു. അപകടം മനസിലാക്കി മുകളിലേക്ക് കയറാന്‍ തുടങ്ങുന്നതിനിടയില്‍ റിംഗുകള്‍ തകര്‍ത്ത മണ്‍കൂന വലിയ ശബ്ദത്തോടെ താഴേക്ക് പതിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കിണറിന്റെ ആഴം നേര്‍പകുതിയായി ഉയര്‍ന്നു.
ഇതിനിടയില്‍പ്പെട്ട് അമര്‍ന്ന മഹാരാജന്റെ നിലവിളിയും ആരും കേട്ടില്ല. മഴ പെയ്തു കുതിര്‍ന്നതിനാല്‍ മണ്ണ് മാറ്റാനുള്ള ദൗത്യം അതീവദുഷ്കരമായി. ഉപജീവനത്തിനായുള്ള കിണര്‍ പണിക്കിടയില്‍ മണ്ണിനടിയില്‍ അകപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞും പുറത്തെടുക്കാനാകാത്ത തൊഴിലാളിയുടെ ജീവനുവേണ്ടി ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: