ജീജു തോമസ്
നിലമ്പൂര്‍: തെരുവുനായ് ഭീതിയിലാണ് മമ്പാട്ടുകാരും പരിസര പ്രദേശങ്ങളിലുള്ളവരും. റോഡുകളെല്ലാം തെരുവുനായ്ക്കള്‍ കൈയ്യടക്കിയിരിക്കുകയാണ്. ധാരാളം ഇറച്ചിക്കടകളും കോഴിക്കടകളും മത്സ്യക്കടകളും ഉള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ തെരുവുനായ്ക്കള്‍ പെരുകുകയാണ്.
വിജനപ്രദേശങ്ങള്‍ ധാരാളം ഉള്ളതിനാല്‍ നായ്ക്കളുടെ വിഹാര കേന്ദ്രമായിരിക്കുകയാണ് മമ്പാട് പഞ്ചായത്ത്. മമ്പാട് കോളേജ് -മമ്പാട് റോഡില്‍ നടക്കുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികള്‍ വഴിയില്‍ തെരുവുനായ്ക്കളെ കണ്ട് ഭയന്ന് നില്‍ക്കുകയായിരുന്നു. അതിലെ ജീപ്പില്‍ വന്നവര്‍ തിരികെ വന്ന് നായ്ക്കളെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും നായ്ക്കള്‍ പോകാന്‍ തയ്യാറാകാതെ റോഡില്‍ തന്നെ നിലയുറപ്പിച്ചു. ഏറെ പണിപ്പെട്ടാണ് നായ്ക്കള്‍ റോഡില്‍ നിന്നും പോയത്. അതുവരെ ഈ കുട്ടികള്‍ പ്രാണഭയത്തിലായിരുന്നു.
ഈ ഭാഗങ്ങളില്‍ പുലര്‍ച്ചെ സ്ത്രീകളടക്കം നിരവധി പേരാണ് പ്രഭാത നടത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ തെരുവുനായ്ക്കളെ ഭയന്ന് ആരും തന്നെ ഇവിടങ്ങളില്‍ നടക്കാനിറങ്ങുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന്റെ ലഭ്യതക്കുറവും ജനങ്ങളില്‍ ഭീതി ഇരട്ടിപ്പിച്ചിട്ടുണ്ട്. നിലമ്പൂര്‍ മയ്യംതാനിയില് നഴ്സറി വിദ്യാര്‍ത്ഥിയെ തെരുവുനായ് ആക്രമിച്ചപ്പോള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയച്ചത് വാക്സിന് ഇല്ലാത്തതിനാലായിരുന്നു എന്നും ആരോപണമുണ്ട്.
മുമ്പ് വിരട്ടിയാല്‍ ഓടിയകന്നിരുന്ന തെരുവുനായ്ക്കള്‍ ഇപ്പോള്‍ മനുഷ്യനെ ഭയമില്ലാത്ത അവസ്ഥയിലാണ്. വേണ്ടി വന്നാല്‍ ആക്രമിക്കാനും ഒരുക്കമാണ്. എബിസി പദ്ധതി പഞ്ചായത്തില്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ പഞ്ചായത്തിന് ഇതുവരെ ആയിട്ടില്ല. ഭരണാധികാരികള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും മമ്പാട്ടുകാരെ കാത്തിരിക്കുന്നത് ഇരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: