താനൂര്‍: താനൂര്‍ അപകടത്തില്‍ ബോട്ട് ഉടമ നാസറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നരഹത്യ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി. മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബോട്ടുടമ അപകടത്തില്‍പെട്ടവരുടെ ലിസ്റ്റും കൈമാറിയിട്ടില്ല.
മല്‍സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിച്ചെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. . രൂപമാറ്റം നടത്തിയത് പൊന്നാനിയിലെ ലൈസന്‍സില്ലാത്ത യാര്‍ഡില്‍ വച്ച്. ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വേയര്‍ കഴിഞ്ഞ മാസം ബോട്ട് സര്‍വേ നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കി. മീന്‍പിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്.ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തില്‍ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍ എന്നിവരുടെ ലൈസന്‍സ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസന്‍സ് നമ്പറും ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ബോട്ടിന് ഫിറ്റ്നസ് നല്കുമ്പോള് രൂപരേഖയുള്‍പ്പെടെ നിര്‍മാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണ് പോര്‍ട്ട് സര്‍വേയറുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയതെന്നാണ് വിവരം. രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. ഇതിനു മുന്‍പാണ് ബോട്ട് സര്‍വീസിനിറങ്ങിയത്.
ഒട്ടുംപുറം തൂവല്‍തീരത്ത് ഞായറാഴ്ച രാത്രി 7നും 7.40നും ഇടയില്‍, വിനോദ സഞ്ചായരികളായ യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിഞ്ഞു
ദുരന്തത്തില്‍ മരണം 22 ആയി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുരന്തരത്തില്‍ ദുഖം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഖാചരണമാണ്.മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രധാനമന്ത്രി പ്രഖ്യാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: