ന്യൂദല്‍ഹി : സൂപ്പര്‍ പവര്‍ ആകാനുള്ള ശ്രമത്തില്‍ മറ്റ് രാജ്യങ്ങളുടെ ഭൂമി പടിച്ചെടുക്കാന്‍ ഇന്ത്യയ്ക്ക് ഉദ്ദേശമില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ദല്‍ഹിയില്‍ നടക്കുന്ന 95ാമത് ഫിക്കി വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന. ലോക നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ പവര്‍ ആകാനാണ് രാജ്യം താത്പ്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ലോകത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ഒരു മഹാശക്തിയാകാന്‍ ആഗ്രഹിക്കുന്നു’ എന്ന പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗവും പരാമര്‍ശിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ പ്രസംഗം. എന്നാല്‍ ഇന്ത്യ ഒരു സൂപ്പര്‍ പവര്‍ ആകുന്നതിനെക്കുറിച്ച് ഞാന്‍ സംസാരിക്കുമ്പോള്‍, മറ്റ് രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു എന്നോ മറ്റൊരാളുടെ ഒരിഞ്ച് ഭൂമി പോലും ഞങ്ങള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നു എന്ന് തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഗാല്‍വാനായാലും തവാങ്ങായാലും നമ്മുടെ പ്രതിരോധ സേന അവരുടെ ധീരതയും വീര്യവും തെളിയിച്ചിട്ടുണ്ടെന്നും ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നത്തില്‍ അദ്ദേഹം പ്രതികരിച്ചു. തവാങ് സെക്ടറിലെ യാങ്സെ ഏരിയയിലെ എല്‍എസി ലംഘിച്ച് ഏകപക്ഷീയമായി നിലവിലെ സ്ഥിതി മാറ്റാന്‍ പിഎല്‍എ സൈനികര്‍ ശ്രമിച്ചതായി ഇതിന് മുമ്പും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
അതേസമയം അതിര്‍ത്തി തര്‍ക്കം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും രാജ്നാഥ് സിങ് പരോക്ഷമായി വിമര്‍ശിച്ചു. ചോദ്യം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ ഉദ്ദേശത്തെ ചോദ്യം ചെയ്തിട്ടില്ല. നയങ്ങളെ അടിസ്ഥാനമാക്കിയാണ് വാദപ്രതിവാദം നടന്നത്. സത്യം പറയുമ്പോഴാണ് രാഷ്ട്രീയം നടപ്പാകുന്നത്.
1949 ല്‍ ചൈനയുടെ ജിഡിപി ഇന്ത്യയേക്കാള്‍ കുറവായിരുന്നു. 1980 വരെ, മികച്ച 10 സമ്പദ്വ്യവസ്ഥകളുടെ പട്ടികയില്‍ പോലും ഇന്ത്യ ഉണ്ടായിരുന്നില്ല. 2014 ല്‍ ഇന്ത്യ ലോക സമ്പദ്വ്യവസ്ഥയില് 9-ാം സ്ഥാനത്തായിരുന്നു. ഇന്ന് ഇന്ത്യ 3.5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയ്ക്ക് അടുത്താണ്, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: