ന്യൂദല്‍ഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷിക്കുന്ന ഈ വേളയില്‍ സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യ രാഷ്ട്രപതിയായി സ്ഥാനം ഏറ്റെടുക്കാന്‍ സാധിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാഷ്ട്രപതി പദവിയിലേക്കുള്ള തന്റെ ഉയര്‍ച്ച നിരാലംബരും ദരിദ്രരുമായ ഒരോ ഭാരതീയരുടെയും വിജയത്തിന്റെയും ഉയര്‍ച്ചയുടെയും പ്രതിഫലനമാണെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.
ഇത് എന്റെ സ്വന്തം നേട്ടം മാത്രമല്ല, കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആത്മവിശ്വാസം കൂടിയാണ്. ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും അവകാശങ്ങളുടെയും പ്രതീകമായ ഈ വിശുദ്ധ പാര്‍ലമെന്റില്‍ നിന്ന് എന്റെ എല്ലാ സഹപൗരന്മാരെയും ഞാന്‍ താഴ്മയോടെ അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ വാത്സല്യവും വിശ്വാസവും പിന്തുണയുമാണ് എന്റെ പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുന്നതിനുള്ള ഏറ്റവും വലിയ ശക്തി. പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ദ്രൗപതി മുര്‍മു.
നിങ്ങളുടെ വോട്ട് രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരുടെ വിശ്വാസത്തിന്റെ പ്രതീകമാണ്. ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവിയിലേക്ക് തന്നെ തിരഞ്ഞെടുത്തതിന് എല്ലാ എംപിമാര്‍ക്കും നിയമസഭയിലെ എല്ലാ അംഗങ്ങള്‍ക്കും രാഷ്ട്രപതി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്ന രാം നാഥ് കോവിന്ദിന്റെ പിന്‍ഗാമിയായ ദ്രൗപതി മുര്‍മുവിന് ഇന്ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രാമണ്ണ സത്യവാചകം ചൊല്ലിക്കൊടുത്തു.
അറുപത്തിനാലുകാരിയായ ദ്രൗപതി മുര്‍മു രാജ്യത്തെ പരമോന്നത ഭരണഘടനാ പദവി വഹിക്കുന്ന ആദ്യത്തെ ആദിവാസിയും രണ്ടാമത്തെ വനിതയുമാണ്. എന്റെ നേട്ടമല്ല രാഷ്ട്രപതി സ്ഥാനത്തേക്ക് എന്നെ എത്തിച്ചത്, അത് ഈ നാട്ടിലെ എല്ലാ പാവപ്പെട്ടവരുടെയും നേട്ടമാണെന്നും അവര്‍ പറഞ്ഞു. ഒരു ദരിദ്ര വിദൂര വനവാസി മേഖലയില്‍ ജനിച്ച കുട്ടിക്കും ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവിയില്‍ എത്താന്‍ കഴിയുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയുടെ പ്രതീകമാണ്. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാരോട് ഉണ്ടായിരുന്ന പ്രതീക്ഷകള്‍ നിറവേറ്റാനുള്ള ശ്രമങ്ങള്‍ രാജ്യം വേഗത്തിലാക്കേണ്ടതുണ്ടെന്നും മുര്‍മു പ്രസംഗത്തില്‍ വ്യക്തമാക്കി.
ഏതാനും ദിവസങ്ങള്‍ക്കകം രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 50ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ എന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചതും ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ ഈ പദവിയിലേക്ക് ഞാന്‍ എത്തിചേര്‍ന്നതും യാദൃശ്ചികമായിതോന്നുന്നു.
സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച രാജ്യത്തിന്റെ ആദ്യത്തെ രാഷ്ട്രപതിയാണ് ഞാന്‍. സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാരായി നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ ഉണ്ടാക്കിയ പ്രതീക്ഷകള്‍ നിറവേറ്റാന്‍ നാം വേഗത്തില്‍ പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു. വരുന്ന 25 വര്‍ഷത്തില്‍ നാം അമൃതകല് എന്ന ലക്ഷ്യം പൂര്‍ത്തികരിക്കേണ്ടതുണ്ട്. എല്ലാവരുടെയും പരിശ്രമവും എല്ലാവരുടെയും ഉത്തരവാദിത്വവും എന്ന രണ്ടു പാതയിലൂടെയാണ് ഇത് സഫലമാകുക. ജൂലൈ 26 കാര്‍ഗില്‍ വിജയ് ദിവസ് ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയുടെയും സംയമനത്തിന്റെയും പ്രതീകമാണ്. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും സൈന്യത്തിനും കാര്‍ഗില്‍ വിജയ് ദിവസ് ആശംസകളും രാഷ്ട്രപതി നേര്‍ന്നു.
ഒഡീഷയിലെ ഒരു ചെറിയ ആദിവാസി ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ എന്റെ ജീവിത യാത്ര ആരംഭിച്ചത്, ഞാന്‍ വരുന്ന പശ്ചാത്തലത്തില്‍ നിന്ന്, പ്രാഥമിക വിദ്യാഭ്യാസം നേടുക എന്നത് എനിക്ക് ഒരു സ്വപ്നം പോലെയായിരുന്നു. വിദ്യാഭ്യാസം. എത്രയോ തടസ്സങ്ങള്‍ക്കിടയിലും എന്റെ ദൃഢനിശ്ചയം ശക്തമായി നിലകൊണ്ടു, കോളേജില്‍ പോകുന്ന എന്റെ ഗ്രാമത്തിലെ ആദ്യത്തെ മകളായി ഞാന്‍ മാറി, ഞാന്‍ ആദിവാസി സമൂഹത്തില്‍ പെട്ടവളാണ്, വാര്‍ഡ് കൗണ്‍സിലറില്‍ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതിയാകാന്‍ എനിക്ക് അവസരം ലഭിച്ചു. ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയുടെ മഹത്വമാണ് ഇതെന്നും രാജ്യത്തെ ഉന്നത സ്ഥാനത്തേക്കുള്ള തന്റെ യാത്രയെ ഊന്നിപ്പറഞ്ഞുകൊണ്ട് മുര്‍മു പറഞ്ഞു.
ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് സ്വപ്നം കാണാനും അത് യാഥാര്‍ത്ഥ്യമാക്കാനും കഴിയുമെന്നതിന്റെ തെളിവാണ് എന്റെ തിരഞ്ഞെടുപ്പ്. അത് എനിക്ക് വലിയ സംതൃപ്തി നല്കുന്ന കാര്യമാണ്. നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടവര്‍, വികസനത്തിന്റെ നേട്ടങ്ങളില്‍ നിന്ന് അകന്നുനിന്നവര്‍, പാവപ്പെട്ടവരും താഴെത്തട്ടിലുള്ളവരും പിന്നാക്കക്കാരും ആദിവാസികളും എന്നില്‍ അവരുടെ പ്രതിഫലനം കാണുന്നു. ഈ സ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോള്‍, അവരുടെ താല്‍പ്പര്യങ്ങള്‍ തനിക്ക് പരമപ്രധാനമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി.
രാജ്യത്തിന്റെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് മുതല്‍ രാം നാഥ് കോവിന്ദ് വരെ നിരവധി വ്യക്തിത്വങ്ങള്‍ ഈ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ഈ പദവിയ്ക്കൊപ്പം, ഈ മഹത്തായ പാരമ്പര്യത്തെ പ്രതിനിധീകരിക്കാനുള്ള ഉത്തരവാദിത്തവും രാജ്യം നിലവില്‍ എന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഭരണഘടനയുടെ വെളിച്ചത്തില്‍ ഞാന്‍ എന്റെ കടമകള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ എത്തിയ മുര്‍മുവിനെ കരഘോഷത്തോടെയാണ് വരവേറ്റത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, ചീഫ് ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ അവരെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: