ജീവിത പരീക്ഷണങ്ങളിലൂടെ സഞ്ചരിച്ച രാമന്റെ അനുഭവപാഠങ്ങളാണു രാമായണം കാവ്യരൂപത്തില്‍ പകര്‍ന്നു തരുന്നത്. രാമന്റ യാത്രാനുഭവ വിവരണം. ആ മനസ്സിലൂടെയുള്ള സഞ്ചാരമാണ് ഓരോ രാമായണ പരായണവും. അതു പാകംവന്ന മനസ്സാണ്. ഋഷി തുല്യമായ മനസ്സ്. ആത്മജ്ഞാനം നേടിയവരാണ് ഋഷിമാര്‍. ഇന്ദ്രിയങ്ങളെ ജയിച്ച ബ്രഹ്മജ്ഞാനികള്‍. വേദമന്ത്രങ്ങളുടെ ഉള്‍ക്കാമ്പ് അറിഞ്ഞവരാണവര്‍. പ്രപഞ്ച സത്യത്തിന്റെ അടിവേരു കണ്ടവര്‍. അവരില്‍ മഹര്‍ഷിമാരുണ്ട്, ബ്രഹ്മര്‍ഷിമാരുണ്ട്, ദേവര്‍ഷിമാരുണ്ട്, രാജര്ഷിയുണ്ട്.
രാമായണത്തെ മുന്‍നിര്‍ത്തി മഹര്‍ഷിമാരേക്കുറിച്ചു ചിന്തിക്കുമ്പോള്‍ വാല്മീകിയില് തുടങ്ങി നാരദനിലൂടെയും വസിഷ്ഠനിലൂടെയും വിശ്വാമിത്രനിലൂടെയും കടന്ന് ഗൗതമനിലൂടെയും ജഹ്നുവിലൂടെയും അഗസ്ത്യനിലൂടെയും മാതംഗ മുനിയിലൂടെയും മറ്റും ഏറെ ദൂരം സഞ്ചിരിക്കാനുണ്ട്. ഇവരെല്ലാം പറഞ്ഞു തരുന്നതു പ്രപഞ്ച തത്വങ്ങളെക്കുറിച്ചും അതില്‍ ഊന്നിയുള്ള ആധ്യാത്മിക സംസ്കാരത്തേക്കുറിച്ചുമാണ്. ജ്ഞാനത്തിന്റെ മറുകരകണ്ട അറിവിന്റെ വെളിച്ചമാണ് അവരുടെ മുഖത്തു കാണുന്ന തേജസ്സ്. നാമറിഞ്ഞ ഋഷിവര്യന്മാര് ചുരുക്കം മാത്രം. മറ്റ് എത്രയോ ധന്യാത്മാക്കള്‍ ഇവരെപ്പോലെ വനത്തിന്റെ ‘അഗാധത’കളില്‍ കൊടുംതപസ്സനുഷ്ഠിച്ചിട്ടുണ്ടാവും. പുറം ലോകം അവരേയോ അവര്‍ പുറം ലോകത്തേയൊ അറിഞ്ഞിട്ടുണ്ടാവില്ല. എങ്കിലും, പ്രപഞ്ച സത്യവും അതു നല്കുന്ന പരമാനന്ദവും അവര്‍ അറിഞ്ഞിട്ടുണ്ടാവും.
പക്ഷേ, മേല്‍ പറഞ്ഞവര്‍ മാത്രമാണോ രാമായണത്തിലെ മഹര്‍ഷിമാര്‍? ജടാവല്ക്കലങ്ങള് ധരിച്ചു തപസ്സിരുന്നവര്‍ മാത്രമല്ലല്ലോ ഋഷിമാര്‍. രാമന് തന്നെ മഹര്ഷിതുല്യനായിരുന്നില്ലേ? മനുഷ്യനായി പിറന്ന് പ്രവര്‍ത്തികൊണ്ട് ഈശ്വരത്വം ആര്‍ജിച്ച രാമന് ജ്ഞാനത്തിന്റെ പടവുകള്‍ കയറിയാണ് ആ പദത്തിലെത്തുന്നത്. അലയടിച്ചു മറിയുന്ന കടല്‍ പോലെയായിരുന്നു രാമന്റെ ജീവിതം. അവിടെയും അചഞ്ചലനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്, ഇന്ദ്രിയങ്ങളെ ജയിച്ചതുകൊണ്ടുതന്നെയാണ്. അതു നേടിയതു വനമധ്യത്തിലെ തപസ്സുകൊണ്ട് അല്ലെന്നു മാത്രം. രാജധാനിയില്‍ പോലും സുഖവാസമായിരുന്നില്ല രാമന്. പ്രജാഹിതത്തിനായി ജീവിതം മാറ്റിവച്ച രാജാവിനു ജീവിതം എന്നും മുള്‍മുനയിലായിരുന്നു. പ്രജകളുടെ വിശ്വാസത്തിനു മുന്‍ഗണന നല്കി. സ്വന്തം വാക്കുപാലിക്കാന്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതൊക്കെ ത്യജിച്ചു. അങ്ങനെ സീതയേയും ലക്ഷ്മണനേയും പിരിയേണ്ടിവന്നു. പിന്നീട് രാജധാനിയിലെ തിരക്കിനിടയിലും ഏകനായിരുന്നു. രാമനെ സംബന്ധിച്ചിടത്തോളം മനസ്സിനെ ഏകാഗ്രമാക്കാന്‍ വനത്തിന്റെ ഏകാന്തത വേണ്ടിവന്നില്ല. ഭരണഭാരത്തിന്റെ തിരക്കിനും ചുമതലകളുടെ ബാഹുല്യത്തിനും ഇടയിലും അതു സാധിച്ചു. അതു തപസ്സു തന്നെയല്ലേ?
വനവാസകാലത്തു ജ്യേഷ്ഠന്റെ സംരക്ഷണച്ചുമതല സ്വയം ഏറ്റെടുത്ത് മറ്റെല്ലാം വെടിഞ്ഞ് ആ ദൗത്യത്തില്‍ മാത്രം മനസ്സിനെ കേന്ദ്രീകരിച്ച ലക്ഷ്മണനോ? ജ്യേഷ്ഠന്റെ പകരക്കാരനായി ഭരണം കൈയാളുമ്പോഴും മരവുരി ധരിച്ച് കാനനതുല്യമായ ജീവിതം നയിച്ച ഭരതനും ഭരതന്റെ ആജ്ഞാനുവര്‍ത്തിയായി സുഖഭോഗങ്ങള്‍ വെടിഞ്ഞു രാജ്യകാര്യങ്ങള്‍ നോക്കിനടത്തിയ ശത്രുഘ്നനും നയിച്ചതും തപസ്സിനു തുല്യമായ ജീവിതമായിരുന്നു.
മനശ്ശക്തിയിലും ഇന്ദ്രിയശക്തിയിലും സ്ത്രീ അബലയല്ലെന്നു തെളിയിച്ചുകൊണ്ടു രാമനൊപ്പം വനവാസം സ്വയം സ്വീകരിച്ച സീത, കൊട്ടാരത്തിലിരുന്നുതന്നെ ഏകാഗ്രമനസ്സിന്റെ ശക്തികൊണ്ടു ലക്ഷ്മണനു രക്ഷാകവചം ഒരുക്കിയ ഭാര്യ ഊര്‍മിള, ഭര്ത്താക്കന്മാര് തൊട്ടടുത്തുണ്ടായിട്ടും അവരുടെ സ്പര്‍ശനമോ സാമീപ്യമോ പോലും മോഹിക്കാതെ സ്വയം തീര്‍ത്ത ഏകാന്തതയിലായിരുന്ന ഭരത പത്നി മാണ്ഡവിയും ശത്രുഘ്നന്റെ ഭാര്യ ശ്രുതകീര്‍ത്തിയും. സ്വന്തം തെറ്റു തിരിച്ചറിഞ്ഞ് ജീവിതം അറിവിന്റെ ലോകത്തേയ്ക്കുള്ള കടുത്ത പരീക്ഷകള്‍ക്കായി മാറ്റിവച്ച കൈകേയി, പുത്രവേര്‍പാടിന്റെ ദു:ഖം കര്‍ത്തവ്യനിര്‍വഹണത്തിന്റെ സമര്‍പ്പണബുദ്ധിയാക്കി മാറ്റിയ കൗസല്യയും സുമിത്രയും ഇവരെല്ലാം അവരവരുടെ ജീവിതം സ്വയം സമര്‍പ്പിച്ച ഋഷിതുല്യരാണ്. കാനനവാസം ചെയ്യാതെ തന്നെ തപസ്സനുഷ്ഠിച്ചവര്‍.
ഇവരിലൂടെ രാമായണം തരുന്നതു കാലാതീതമായൊരു സന്ദേശമാണ്. കര്‍ത്തവ്യങ്ങള്‍ ഏകാഗ്രതയ്ക്കും തപസ്സിനും ജ്ഞാനത്തിലേയ്ക്കുള്ള യാത്രയ്ക്കും തടസ്സമാകുന്നില്ല. കര്‍ത്തവ്യനിര്‍വഹണം തപസ്യതന്നെയാണ്. അതിനു സമര്‍പ്പണത്തിന്റെ ഭാവം നല്‍കണമെന്നു മാത്രം. നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും ഏറെ കഴിഞ്ഞാലും മനുഷ്യന് മനസ്സില്‍ സൂക്ഷിക്കേണ്ട അമൂല്യമായ സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: