തൃശ്ശൂരിലെ സ്വരാജ് റൗണ്ട് പേരുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരത്തിന്റെ ദീപ്ത സ്മരണകളുണര്‍ത്തുന്നതാണ്. രാജ്യത്തുതന്നെ സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മ്മ പേരില്‍ സൂക്ഷിക്കുന്ന സ്ഥലനാമങ്ങള്‍ കുറവാകുമ്പോഴാണ് സ്വരാജ് റൗണ്ട് തൃശ്ശൂര്‍നഗര മധ്യത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്.
സ്വരാജ് എന്ന റൗണ്ടിനു ചുറ്റുമാണ് തൃശ്ശൂര്‍ നഗരം
സ്വാതന്ത്ര്യ സമരത്തിന്റെ തൃശ്ശൂര്‍ പെരുമ അറിയണമെങ്കില്‍ ദിവസവും പലതവണ ഉരുവിടുന്ന സ്വരാജ് റൗണ്ട് എന്ന പേരൊന്നു വിശകലനം ചെയ്താല്‍ മാത്രം മതി. സ്വരാജ് റൗണ്ട് സ്വരാജ്യത്തിനു വേണ്ടിയുള്ള റൗണ്ടു തന്നെയായിരുന്നു ഒരു കാലത്ത്. സ്വരാജിനുവേണ്ടിയുള്ള സമരങ്ങളെല്ലാം നടന്നതു ഈ വട്ടത്തിലായതുകൊണ്ടാണ് പേരു പതുക്കെ സ്വരാജെന്നായത്. സ്വാതന്ത്ര്യസമരത്തിന്റെ ഓര്‍മ്മ സ്ഥലനാമമായത് ഇന്ത്യയില്‍ തന്നെ കുറവാണെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അപ്പഴാണ് നമ്മടെ റൗണ്ട് ഓര്‍മ്മിക്കപ്പെടാതെ ഇങ്ങനെ കിടക്കുന്നത്. മുംബെയില്‍ ഒരു ആഗസ്റ്റ് ക്രാന്തി മൈതാനമുണ്ട് ഇതേപോലെ സ്വാതന്ത്ര്യസമരത്തില്‍ നിന്നും വന്ന സ്ഥലനാമമായിട്ടു പറയാന്‍.
തുടക്കം, 1920 കളില്‍ തൃശ്ശൂരില്‍ 1920 കളില്‍ തന്നെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചിരുന്നു. നഗരത്തിലെ തന്നെ റൗണ്ടിനു ചുറ്റുമായിരുന്നു മിക്ക സമരങ്ങളും നടന്നിരുന്നത്. സ്വാതന്ത്ര്യസമരം കത്തിപ്പിടിച്ചിരുന്ന സമയത്ത് മൂന്നു തവണ ഗാന്ധിജി തൃശ്ശൂരില്‍ വന്നു. 1920 ല്‍ സിവില്‍ നിയമലംഘനവും വിദേശ വസ്ത്ര ബഹിഷ്കരണവും അരങ്ങേറി. പിന്നീട് വിവിധതരം സമരങ്ങള്‍ക്കും തൃശ്ശൂര്‍ സാക്ഷ്യംവഹിച്ചു.
ക്വിറ്റ് ഇന്ത്യ ആഗസ്ത് 11ന്
ക്വിറ്റ് ഇന്ത്യാ സമരം ഇന്ത്യയില്‍ ആരംഭിച്ചത് ആഗസ്ത് 9നാണ്. എന്നാല്‍ തൃശ്ശൂരില്‍ മാത്രം ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് ആഗസ്ത് 11 നാണ്. അതിന് കാരണവുമുണ്ട്. സമരനേതാക്കളായ കുറൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാടും നീലകണ്ഠശാസ്ത്രികളും ക്വിറ്റ് ഇന്ത്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബോംബെയില്‍ പോയതായിരുന്നു. ഇവര്‍ വന്നിട്ടാകാം ജില്ലയില്‍ സമരം തുടങ്ങുന്നതെന്നു ഇവിടുത്തെ നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് നേതാക്കള്‍ ട്രെയിന്‍ മാര്‍ഗം തൃശ്ശൂരില്‍ എത്തിയപ്പോള്‍ രണ്ടുദിവസം പിന്നിട്ടു.
തൃശ്ശൂരിന്റെ സമരസ്മരണകള്‍ ഏറെയാണ്. പലതും ചരിത്രത്തില്‍ ഒതുങ്ങിപ്പോയവ…. അധികാരപ്പോരിനിടയില്‍ കേരളം മറന്നുപോയവ, ആരും ഓര്‍മ്മിക്കാതിരിക്കാന്‍ ആസൂത്രിതമായി മറച്ചുവച്ചവ… പക്ഷേ സ്വരാജ് റൗണ്ട് പോലെ ചില പേരുകള്‍ പിന്നെയും ബാക്കിനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: