തൃശ്ശൂര്‍: Â പൂരത്തില്‍ ഇത്തവണ വെടിക്കെട്ട് Â കസറും. ആകാശമേലാപ്പില്‍ കരിമരുന്നിന്റെ വിസ്മയം തന്നെ ചമയ്ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് പാറമേക്കാവും തിരുവമ്പാടിയും. നാളെ നടക്കുന്ന സാമ്പിളിനും 11ന് പുലര്‍ച്ചെ നടക്കുന്ന പ്രധാന വെടിക്കെട്ടിനും കാത്തിരിക്കുകയാണ് പൂരപ്രേമികള്‍.
സാമ്പിള്‍ വെടിക്കെട്ട് ആസ്വദിക്കാനായി മാത്രം ജില്ലയ്ക്ക് അകത്തും പുറത്തു നിന്നടക്കം ആയിരങ്ങളാണ് ഓരോ വര്‍ഷവും പൂരനഗരിയിലെത്താറുള്ളത്. ഇത്തവണ പതിവിലും ഇരട്ടിയോളം ജനങ്ങള്‍ ‘മാനത്തെ പൂരം’ കാണാനെത്തുമെന്നാണ് വിലയിരുത്തല്‍. വെടിക്കെട്ടിനെത്തുന്നവരാരും നിരാശപ്പെടേണ്ടി വരില്ല. പരമ്പരാഗത ഇനങ്ങള്ക്കൊപ്പും പുതുമകളും നിറഞ്ഞതായിരിക്കും ഇത്തവണത്തെ വെടിക്കെട്ടെന്നാണ് ഇരുദേവസ്വങ്ങളും നല്കുന്ന ഉറപ്പ്.
തൃശ്ശൂര്‍ പൂരത്തെ പൂരങ്ങളുടെ പൂരമാക്കുന്നതില്‍ മുഖ്യ പങ്ക് വെടിക്കെട്ടിന് തന്നെയാണ്. കുഴിമിന്നലകളും അമിട്ടുകളും മാലപ്പടക്കങ്ങും ഗുണ്ടുകളും രൗദ്രതാണ്ഡവമാടുന്ന പൂരത്തിലെ ദൃശ്യ-ശ്രാവ്യ സുന്ദരക്കാഴ്ച. കണ്ണിനും കാതിനും ഒരുപോലെ ഇമ്പം പകരുന്ന കരിമരുന്ന് പ്രയോഗം കാണികള്‍ക്ക് എക്കാലത്തും അവിസ്മരണീയ അനുഭവമാണ് സമ്മാനിക്കുക. നിലയമിട്ടുകള്‍ ശബ്ദ ഗാംഭീര്യത്താലും അമിട്ടുകള്‍ വര്‍ണങ്ങളാലും പൂരനഗരിയെ ആനന്ദത്തിലാറാടിക്കും. പകല്‍പൂരവും കുടമാറ്റവും കണ്ട് വീട്ടിലേക്ക് മടങ്ങുന്ന പൂരപ്രേമികള്‍ അല്‍പ്പസമയത്തിന് ശേഷം പൂരനഗരിയിലേക്ക് തിരിച്ചെത്തും. രാത്രിപൂരം കഴിഞ്ഞാല്‍ സ്വരാജ് റൗണ്ടിലും ഇടറോഡുകളിലുമായി ജനങ്ങള്‍ തമ്പടിക്കും. കുഴിമിന്നലും ഓലപ്പടക്കവും അമിട്ടും മാനത്തു വിരിയിക്കുന്ന വിസ്മയവും പ്രകമ്പനവും കാണാനും കേള്‍ക്കാനുമായി തോര്‍ത്ത് മുണ്ടും കടലാസുകളും മറ്റും വിരിച്ച് പൂരപ്പറമ്പിലേക്ക് നോക്കി അക്ഷമയോടെയുള്ള കാത്തിരിപ്പ്.
പുലര്‍ച്ചെ മൂന്നിന് ഊഴമനുസരിച്ച് ആദ്യവിഭാഗം വെടിക്കെട്ടിന് തിരി കൊളുത്തുന്നതോടെ ജനസഹസ്രങ്ങള്‍ ഇരമ്പും. അമിട്ടുകള്‍ ആകാശത്ത് ഉയര്‍ന്ന് പൊട്ടി വര്‍ണമഴയായി പെയ്തിറങ്ങുമ്പോള്‍ വെടിക്കെട്ട് കമ്പക്കാര് ആഹ്ലാദത്താല്‍ ആര്‍ത്തുവിളിക്കും. ആദ്യവിഭാഗത്തിന്റെ വെടിക്കെട്ട് കഴിഞ്ഞാല്‍ പിന്നെ അടുത്ത വിഭാഗത്തിന്റെ വെടിക്കെട്ടിന് ചെറിയ ഇടവേളയുണ്ടാകും. ഈസമയം വെടിക്കെട്ട്പ്രേമികള് മറുഭാഗത്തേക്ക് നീങ്ങി തുടങ്ങുന്നതോടെ സ്വരാജ് റൗണ്ട് ആള്‍ക്കടലാകും. രണ്ടാം വിഭാഗക്കാരുടെ വെടിക്കെട്ട് കൂടി കഴിയുമ്പോള്‍ നേരം പുലര്‍ന്നിട്ടുണ്ടാകും. അവസാന അമിട്ടും പൊട്ടിതീര്ന്നാലേ ജനങ്ങള്‍ പൂരനഗരിയില്‍ നിന്ന് മടങ്ങൂ.
നാളത്തെ സാമ്പിള്‍ വെടിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പാറമേക്കാവിന്റേയും തിരുവമ്പാടിയുടെയും വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍മാരായ ജി.രാജേഷ്, പി.ശശിധരന് എന്നിവര്‍ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയായ വെടിക്കോപ്പുകള്‍ ഇരുവിഭാഗവും വടക്കുന്നാഥക്ഷേത്രമൈതാനത്തെ വെടിക്കെട്ട്പുരകളിലെത്തിച്ചു കഴിഞ്ഞു. മഴപെയ്യുമോയെന്ന ആശങ്കയാണ് ഇരുദേവസ്വങ്ങള്‍ക്കും. വെടിക്കെട്ട് സമയത്ത് മഴ മാറി നില്‍ക്കാനായി ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് താമരമാല വഴിപാടായി നേര്‍ന്നിരിക്കുകയാണ് ദേവസ്വം അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: