അര്ജുനനോട് ഏറ്റുമുട്ടി കൗരവപ്പട നശിച്ചതറിഞ്ഞ് കരകേറാന്‍ മാര്‍ഗം കാണാതെ ധൃതരാഷ്ട്രന് ആകെ വിഷമിച്ചു. തന്റെ മക്കളുടെ നിലയോര്‍ത്തു ഭയന്നും സേനയുടെ തകര്ച്ചയോര്ത്തും അതുവരെ കഥകളറിഞ്ഞ അദ്ദേഹം സഞ്ജയനോട് പറഞ്ഞു, ‘യുദ്ധത്തില്‍ നിങ്ങളുടെ അര്ജുനന് മുച്ചൂടും മുടിച്ചു. പോരില്‍ അവന് കാലനെയും വിടില്ല. അവന് ഒറ്റയ്ക്ക് സുഭദ്രാഹരണം ചെയ്തു. ഒറ്റയ്ക്ക് അഗ്നിക്കു തര്‍പ്പണം ചെയ്തു. ഒറ്റയ്ക്കു ഭൂമിയെ ജയിച്ചു. കാട്ടാളമൂര്ത്തിയായ രുദ്രനുമായി ഒറ്റയ്ക്കു പൊരുതി. ഒറ്റയ്ക്കു രുദ്രനെ അര്‍ച്ചിച്ചു. കിടയറ്റ രാജാക്കന്മാരെ ഒറ്റയ്ക്കെതിര്‍ത്തു ജയിച്ചു. ഒറ്റയ്ക്കു ഭാരതത്തെ കാത്തു. അവര്‍, പാണ്ഡവരാരും നിന്ദ്യരല്ല. അവര്‍ എല്ലാരും മാന്യന്മാരാണ്. അവര്‍ പിന്നീടു ചെയ്തതും ദുര്യോധനന് ചെയ്തതും എന്തെന്നു പറകെടോ സഞ്ജയ!’
സഞ്ജയന് പറഞ്ഞു: വിഷപ്പല്ലുപോയവരും ചവിട്ടേറ്റവരുമായ കൗരവര്‍ കൈനിലയ്ക്കുള്ളില്‍ മന്ത്രിച്ചിരിക്കെ അര്‍ജുനനെയോര്‍ത്ത് കുപിതനായ കര്ണന് പറഞ്ഞു, ‘ഉടനസ്ത്രപ്രയോഗംകൊണ്ട് അവന് നമ്മളെ വഞ്ചിച്ചു. ഞാന്‍ നാളെ അവന്റെ ആശയൊക്കെ തീര്‍ക്കും രാജാക്കളേ!’ നേരം പുലരവെ അവര്‍ പോരിനിറങ്ങി. കുരുശ്രേഷ്ഠനായ യുധിഷ്ഠിരന് ചമച്ചതും വ്യാഴത്തിനും ശുക്രനും സമ്മതമായതും മറ്റാര്‍ക്കും ജയിക്കാനാകാത്തതുമായ ആ വ്യൂഹം കണ്ടിട്ട് തങ്ങള്‍ക്കായി വ്യൂഹം കെട്ടുവാന്‍ സുയോധനന് കര്‍ണനെ ഓര്‍ത്തു. ധൃതരാഷ്ട്രന് പറഞ്ഞു, ‘കര്‍ണനെ തുണയായിക്കണ്ട് സുയോധനന് പോരിനൊരുമ്പെട്ടു.
ആ ദുര്യോധനനെ പാണ്ഡുപുത്രര്‍ മര്‍ദ്ദിച്ച് അവശനാക്കിയതും കണ്ടു. പാണ്ഡവരുടെ വിക്രമം മഹാരഥന്മാരെല്ലാം കണ്ടു. കര്‍ണനെ മന്ദബുദ്ധിയായ സുയോധനന് തുണയായിക്കണ്ട് പാണ്ഡവരെയും പുത്രന്മാരെയും കൃഷ്ണനെയും ജയിക്കാന്‍ മുതിര്‍ന്നു. എന്നാല്‍ യുദ്ധത്തില്‍ ആ പാണ്ഡുപുത്രരെ കര്ണന് കടന്നതില്ല. അതു ദൈവനിശ്ചയം! ചൂതുകളിയുടെ നിലയില്‍ ഈ യുദ്ധം ഘോരമായി തുടരുന്നു. ഞാന്‍ ദുര്യോധനന്‍മൂലം കഠിനമായ ദുഃഖങ്ങള്‍ ഏല്ക്കുന്നു. പാണ്ഡവന്മാരെ യുദ്ധത്തില്‍ തടുപ്പാന്‍ പറ്റിയവര്‍ ഒരുത്തരുമില്ലല്ലൊ.’
ഇതുകേട്ട സഞ്ജയന് പറഞ്ഞു, ‘ഹേ രാജാവേ! നിമിത്തങ്ങള്ക്കുമുമ്പേ ധര്‍മ്മത്തെ ചിന്തിക്കുക. കഴിഞ്ഞുപോയതിനെക്കുറിച്ചു ചിന്തിക്കേണ്ട. യുക്തമേതെന്നും അയുക്തമേതെന്നും മുമ്പേ വിചാരണചെയ്യാതിരുന്നതുകൊണ്ട് നീ ദുഃഖിക്കുന്നു. പലകുറി പാര്‍ത്ഥരോട് ഏല്‍ക്കരുതെന്നു പറഞ്ഞില്ലേ. നീ പാണ്ഡവരില്‍ പല ഘോരമായ പിഴകളും ചെയ്തു. നീ നിമിത്തമാണ് ഇപ്പോള്‍ ഘോരമായ ഹത്യകള്‍ നടക്കുന്നത്. ഇനി രാജാവേ! വിഷമിക്കേണ്ട. കേള്‍ക്കൂ, നേരം പുലര്‍ന്നപ്പോഴേ കര്ണന് രാജാവിന്റെ സമീപത്തെത്തി ദുര്യോധനനോട് പറഞ്ഞു, പേരുകേട്ട പാണ്ഡവനോട് ഇന്നു ഞാന്‍ ഏറ്റുമുട്ടും. ആ വീരന് എന്നെ കൊന്നെന്നും, ഞാന്‍ അവനെ കൊന്നെന്നും വരാം. എന്നാല്‍ കേള്‍ക്കൂ രാജാവേ! ഞാന്‍ അര്‍ജുനനെ പോരില്‍ കൊല്ലാതെ തിരിക്കില്ല. ബലം, ശൗര്യം, പരിജ്ഞാനം, വിക്രമം, ലക്ഷ്യജ്ഞാനം, യോഗം ഇവയ്ക്ക് അര്ജുനന് എന്നോടൊക്കില്ല. സര്വായുധങ്ങള്ക്കും എതിരാകുന്ന വിജയമെന്ന വില്ലെനിക്കുണ്ട്.
ഇത് ഇന്ദ്രന് ഇഷ്ടമാകുന്ന മട്ടില്‍ വിശ്വകര്‍മ്മാവ് തീര്‍ത്തതാണ്. ഇതുകൊണ്ടാണ് അസുരരെ ദേവരാജന്‍ ജയിച്ചത്. ഇതിന്റെ ശബ്ദംകേട്ടു പത്തുദിക്കിലെയും അസുരന്മാര് മയങ്ങിപ്പോയി. ദേവേന്ദ്രന് ഈ വില്ല് ഭാര്‍ഗവരാമനു കൊടുത്തു. ഭാര്ഗവരാമന് എനിക്കു തന്നു. പോരില്‍ ഒന്നിച്ചേറ്റ അസുരന്മാരോട് ഇന്ദ്രന് ജയിച്ചപോലെ ഞാന്‍ വീരനും വിജയിയുമായ അര്ജുനനോട് ഏറ്റുമുട്ടും. രാമന് തന്ന ഈ വില്ല് ഗാണ്ഡീവത്തേക്കാള് ഘോരചാപമാണ്. ഈ വില്ലുകൊണ്ടാണ് രാമന് 21 വട്ടം ക്ഷത്രിയരെ ജയിച്ചത്. ഈ വില്ല് എനിക്കു രാമന് തന്നത് പാര്‍ത്ഥനോട് പൊരുതാനായിട്ടുതന്നെയാണ്. ഇന്ന് ജയവീരനായ ഫല്‍ഗുനനെ കൊന്ന് ഞാന്‍ സുയോധന! ബന്ധുക്കളോടൊപ്പം നിന്നെ ഞാന്‍ ആനന്ദിപ്പിക്കും. കാട്ടുതീയിനെ വന്മരം താങ്ങാത്തതുപോലെ പോരില്‍ എന്നെ അര്ജുനന് താങ്ങില്ല.’
കര്ണന് തുടര്‍ന്നു,’പാര്ത്ഥന് ദിവ്യമായ വില്ലിന്റെ ഞാണൊടുങ്ങാത്ത ആവനാഴിയുണ്ട്. അവനു സൂതനായി ഗോവിന്ദനുണ്ട്. ആ നിലയ്ക്കൊരാള് എനിക്കില്ല. അവനു പോരില്‍ കേടറ്റ ഗാണ്ഡീവമുണ്ട്. എനിക്ക് ശ്രേഷ്ഠമായ വിജയമുണ്ട്. ഈ ദിവ്യമായ വില്ലുകള്‍ രണ്ടും ഉത്തമങ്ങളാണ്. വില്ലുകൊണ്ട് ഞാന്‍ പാര്ത്ഥനേക്കാളും മേലേയാണ്. വീരന് പാണ്ഡവന് എന്നേക്കാള്‍ വില്ലുകൊണ്ടു മേലേയാണ്.
അഗ്നിദേവന് കൊടുത്ത ദിവ്യമായ തേര് അവനുണ്ട്. അത് അച്ഛേദ്യമാണ്. മാനവേഗങ്ങളായ കുതിരകളുണ്ട്. ദിവ്യദ്യുതിയെഴുന്ന വിസ്മയ വാനരന്റെ ധ്വജമുണ്ടവന്ന്. വിശ്വം ചമയ്ക്കുന്ന കൃഷ്ണനാണ് ആ തേരു ഭരിക്കുന്നത്. ഇങ്ങനെ ദിവ്യയോഗഹീനനായ ഞാന്‍ പാണ്ഡുപുത്രനുമായി പൊരുതും. അവന്, ശല്യന്‍ മുകുന്ദനു തുല്യനാണ്, പോരില്‍ വിളങ്ങുന്നവനാണ്. ഇവന് എന്റെ സാരഥ്യമേറ്റെങ്കില് അങ്ങേക്ക് ജയം സുനിശ്ചിതം.’
‘ശത്രുക്കള്‍ക്ക് അസാധ്യനാകുന്ന ശല്യന്‍ എന്റെ സാരഥിയാകണം. കുഴിച്ചിറകുനാരാചങ്ങളെ മുഖ്യകുതിരകളെ പൂട്ടീട്ടുള്ള തേരിലേറ്റണം. രാജാവേ! എന്റെ പിമ്പേ നീ പോന്നീടണം. എന്നാല്‍ ഞാന്‍ പാര്‍ത്ഥനേക്കാള്‍ ഗുണങ്ങളാല്‍ മേലേയാകും. ശല്യന്‍ കൃഷ്ണനേക്കാള്‍ മേലേ. ശല്യനു കിടയായി ഹയജ്ഞാനത്തില് മറ്റാരുമില്ല. അതിനാല്‍ എന്റെ രഥം പാര്ത്ഥന്റേതിനേക്കാള് മേലേയാകും. ഇങ്ങനെയെല്ലാം ചെയ്യാനാണ് എന്റെ മോഹം.
എന്റെ ഈ കാമിതങ്ങളെയെല്ലാം നീ വൈകാതെ ചെയ്യുകില്‍ ഞാന്‍ സംഗരത്തില്‍ ചെയ്യുന്നതെന്തെന്നു നിനക്കു കാണാം. എല്ലാംകൊണ്ടും പോരില്‍ മിടുക്കരായ പാണ്ഡവരെ ഞാന്‍ ജയിക്കും. സുരന്മാരും അസുരന്മാരും എന്നോടേല്ക്കാന് അശക്തരാണ്. പിന്നെയോ മനുഷ്യയോനികളായ പാണ്ഡവര്‍.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: