തൃശൂര്‍: കെ റെയില്‍ വീഷയത്തില്‍ സര്‍ക്കാര്‍ പിടിവാശികള്‍ ഉപേക്ഷിക്കണമെന്ന് കവി കെ.സച്ചിദാനന്ദന്. കെ റെയില്‍ വിഷയത്തില്‍ പരിസ്ഥിതി സംരക്ഷകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കവി തള്ളിക്കളയുകയും ചെയ്തു.
കേരളസാഹിത്യ അക്കാദമിയുടെ കടിഞ്ഞാണ്‍ ഏല്പിക്കാന് ഇടതു സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്ന കവിയ്ക്ക് ഇനി വിലക്ക് വീഴും. കഴിഞ്ഞ ദിവസം കെ റെയിലിനെ വിമര്‍ശിച്ച് കവിത എഴുതിയ റഫീഖ് അഹമ്മദിനെയും സച്ചിദാനന്ദന് പിന്തുണച്ചിരുന്നു. ഇതോടെ ദല്‍ഹി വിട്ട് കേരളത്തില്‍ കഴിഞ്ഞ മാസം മുതല്‍ വിശ്രമജീവിതത്തിന് എത്തിയ കവിയ്ക്ക് ഇടതുസര്‍ക്കാര്‍ സഹയാത്രികന് എന്ന മേല്‍വിലാസം തുടക്കത്തിലേ നഷ്ടമാവുന്ന സാഹചര്യമാണ് ഒരുങ്ങുന്നത്.
കെ റെയില്‍ പദ്ധതി ഇന്നത്തെ കേരളത്തിലെ പല പ്രശ്നങ്ങളും പരിഗണിക്കുമ്പോള്‍ ഒരു മുന്‍ഗണന നല്‍കേണ്ടതാണോ എന്ന് വിനയത്തോടെ പുനരാലോജിക്കണമെന്നും പിടിവാശികള്‍ ഉപേക്ഷിക്കണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കവി സച്ചിദാനന്ദന് അറിയിച്ചു.
കെ റെയില്‍ ജനതയ്ക്ക് വരുത്തുന്ന തലമുറകള്‍ നീണ്ടു നില്ക്കുന്ന സാമ്പത്തിക ഭാരം കണക്കിലെടുക്കണമെന്നും പോസ്റ്റില്‍ സച്ചിദാനന്ദന് പറയുന്നു.കെ റെയിലിനെക്കുറിച്ചുള്ള തന്റെ അവസാനത്തെ പോസ്റ്റാണ് എന്ന് പറഞ്ഞുകൊണ്ടാണ് കവി ഈ പോസ്റ്റിട്ടിരിക്കുന്നത്. അതായത് ഭാവിയില്‍ ഇനി പ്രതികരിക്കുകയില്ലെന്ന സൂചനയും സച്ചിദാനന്ദന് നല്‍കുന്നുണ്ട്.
കേരളത്തിലെയും ബംഗാളിലെയും ബിജെപിയുടെ മോശം പ്രകടനത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കവിയുടെ ഫേസ് ബുക്ക് പേജ് ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. ബിജെപി വിരുദ്ധതയുണ്ടെങ്കിലും ഇടതുസര്‍ക്കാര്‍ നയപരിപാടികളുടെ ചട്ടക്കൂടില്‍ കവി ഒതുങ്ങിനില്‍ക്കില്ലെന്ന അഭിപ്രായമാണ് സിപിഎമ്മില്‍ ഉയര്‍ന്നുവരുന്നത്. കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ കെ റെയിലിന്റെ പേരില്‍ ഇടക്കാലത്തെ ഒരു മൗനത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. റഫീഖ് അഹമ്മദിനൊപ്പമാണ് സച്ചിദാനന്ദന്, സാറാ ജോസഫ് തുടങ്ങിയ എഴുത്തുകാര്‍. മുരുകന് കാട്ടാക്കടയും അശോകന് ചെരിവിലും മറുപക്ഷത്തെ നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: