ചെറുവത്തൂര്‍ (കാസര്‍കോട്): 24 വര്‍ഷമായി ഇളനീര്‍ മാത്രം ഭക്ഷണമാക്കി ജീവിക്കുന്ന ഒരാളുണ്ട്, കാസര്‍കോട് ജില്ലയിലെ ചന്തേരയില്‍… അറുപത്തിമൂന്നുകാരനായ ബാലന്‍ പാലായി. ഇദ്ദേഹത്തിന്റെ നിത്യയൗവനം ആരേയും അമ്പരപ്പിക്കും.
മുപ്പത്തിയഞ്ചാം വയസില്‍ അന്നനാളത്തെ ബാധിച്ച അസുഖമാണ് ഇദ്ദേഹത്തിന്റെ ജീവിതം ആകെ മാറ്റിമറിച്ചത്. ജീവന്‍ വേണമെങ്കില്‍ അരിഭക്ഷണമോ മത്സ്യ-മാംസാഹാരമോ കഴിക്കാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അങ്ങനെ പ്രകൃതി ചികിത്സകന്റെ നിര്‍ദേശ പ്രകാരമാണ് ഇളനീര്‍ മാത്രം കഴിക്കുന്നതെന്ന് ബാലന്‍ പറയുന്നു. ദിവസം മൂന്ന് ഇളനീരെങ്കിലും ഭക്ഷണമായി വേണം. ഇടയ്‌ക്ക് പച്ചക്കറികള്‍ മാത്രമാണ് നിത്യേനയുള്ള ആഹാരം.
അമ്പത്തിരണ്ടാം വയസില്‍ ദേശീയ സിവില്‍ സര്‍വീസ് മീറ്റിലും 2010ല്‍ മലേഷ്യയില്‍ നടന്ന മാസ്റ്റേഴ്സ് മീറ്റിലും ദീര്‍ഘദൂര ഓട്ടത്തില്‍ മികച്ച പ്രകടനത്തിനായതിനു പിന്നില്‍ ഇളനീര്‍ എനര്‍ജിയാണെന്ന് അദ്ദേഹം പറയുന്നു. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ആവശ്യമായ ഇളനീര്‍ എത്തിക്കുന്നത്. ചെറുപ്പം മുതല്‍ തന്നെ ഫുട്ബോളിലും ഓട്ടത്തിലും താത്പര്യമുള്ള ആളായിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് നേടാനായത്.
നിരവധി താരങ്ങളെ സമ്മാനിച്ച സുഭാഷ് മെട്ടമ്മല്‍ ക്ലബ്ബിലൂടെയാണ് ബാലനും പരിശീലനം നേടി വന്നത്. 2010ല്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് അത്ലറ്റിക്ക് മീറ്റില്‍ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ നാലാം സ്ഥാനം നേടിയിരുന്നു. ഈ മത്സരത്തില്‍ പങ്കെടുക്കുമ്പോഴും മലേഷ്യയില്‍ നിന്ന് ഇളനീര്‍ സംഘടിപ്പിച്ചു. റവന്യു വകുപ്പില്‍ ഫെയര്‍കോപ്പി സൂപ്രണ്ടായി വിരമിച്ചതിന് ശേഷം ഇപ്പോള്‍ പോലീസ്, എക്സൈസ് വകുപ്പിലെ പിഎസ്‌സി പരീക്ഷകള്‍ക്ക് തയാറെടുക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായി കായിക പരിശീലനം നല്‍കുന്നു. ഇദ്ദേഹത്തിന്റെ ശിക്ഷണം ലഭിച്ച ഇരുനൂറോളം പേര്‍ ഇതിനകം ജോലി നേടി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ ഭാഗത്തുള്ളവര്‍ പരിശീലനം നേടാന്‍ ഇവിടെയെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: