അക്സ അലക്സാണ്ടര്‍
കൊച്ചി ബീച്ചില്‍ കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരുന്ന മകനെ ഒരുപാട് തിരച്ചലിനുശേഷവും കിട്ടാതായപ്പോള്‍ മൊബൈലില്‍ മകന്റെ ചിത്രം നോക്കി വിതുമ്പുന്ന പിതാവ്. ഇനിയും തന്റെ മകനെ ഒരു നോക്ക് കാണാന്‍ കഴിയുമോ എന്നുപോലും ആ പിതാവിനു അറിയില്ല. ആ പിതാവിന്റെ നിസ്സഹായാവസ്ഥയെ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുക്കുമ്പോള്‍ ആ പത്രഫോട്ടോഗ്രാഫറുടെ മനസ്സും വേദനിച്ചിട്ടുണ്ടാവും. പക്ഷേ, കണ്ണിലുടക്കുന്ന കാഴ്ചകളെ, അത് കൗതുകമുള്ളതായാലും ഹൃദയഭേദകമായാലും ചിത്രമാക്കുക എന്നത് അവരുടെ കര്‍ത്തവ്യമാണ്. മകന്റെ ഫോട്ടോ നോക്കി വിതുമ്പുന്ന ആ പിതാവിന്റെ ചിത്രം കണ്ട് എത്ര ഹൃദയങ്ങള്‍ ഉലഞ്ഞുപോയിട്ടുണ്ടാവും. ഇതുപോലുള്ള ചിത്രങ്ങളുമായി, ആയിരം വാക്കുകള്‍ക്ക് സമമാണ് ഒരു ചിത്രം എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുകയായിരുന്നു കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന പത്രേഫാട്ടോഗ്രാഫര്മാരുടെ ചിത്രപ്രദര്ശനമായ പോര്‍ട്ട് ഫോളിയോ 2022.
കൊവിഡ് മഹാമാരിയിലും സ്വന്തം ജീവന് പണയം വച്ച് ജനങ്ങളെ സംരക്ഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍. ഒരു നിമിഷം പോലും പാഴാക്കാതെ മറ്റുള്ളവരുടെ ജീവന് രക്ഷിക്കുന്നവര്‍. സ്വന്തം കുഞ്ഞിനെയും വീട്ടുകാരെയും ബന്ധുക്കളെയുമൊക്കെ മാസങ്ങളോളം പിരിഞ്ഞിരിക്കേണ്ട അവസ്ഥയിലും പുഞ്ചിരി തൂകുന്ന മാലാഖമാരുടെ ചിത്രങ്ങള്‍, കഴിഞ്ഞ കൊവിഡ് കാലത്തെ നന്മയുടെ നേര്‍ക്കാഴ്ചകളായിരുന്നു.
പ്രകൃതിക്ഷോഭത്തില്‍ സകലതും നഷ്ടപ്പെട്ടിട്ടും പ്രതീക്ഷ കൈവിടാതെ, പുതിയ അഭയം തേടി പോകുന്ന മനുഷ്യരുടെ, ദുരിതത്തിലും കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ… അങ്ങനെ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന മനോഹരവും ഹൃദയസ്പര്‍ശിയുമായ കഥകള്‍ പറയുന്ന ചിത്രങ്ങള്‍. 2020-21 കാലഘട്ടത്തില്‍ നടന്ന സംഭവവികാസങ്ങളുടെ ഓര്‍മപ്പെടുത്തലായിരുന്നു ഓരോ ചിത്രവും. മനുഷ്യവികാരങ്ങളെ ഒരു ചിത്രകാരന് എപ്രകാരം മനോഹരമായി വരച്ചുകാട്ടുന്നുവോ അതു പോലെയാണ് ഓരോ ഫോട്ടോഗ്രാഫറും മനുഷ്യാവസ്ഥകളെയും പ്രകൃതിയുടെ ഭാവമാറ്റങ്ങളേയുമെല്ലാം ക്യാമറ ലെന്‍സിലൂടെ ഒപ്പിയെടുത്തിട്ടുള്ളത്.
നീണ്ട രണ്ടു വര്‍ഷത്തിന്റെ കാത്തിരിപ്പിനൊടുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്താന്‍ സാധിച്ച വിദ്യാര്‍ത്ഥികളുടെ ആഹ്ലാദത്തിന്റെയും വര്‍ണങ്ങള്‍കൊണ്ട് സമ്പന്നമായ ഉത്സവങ്ങളുടെ പ്രൗഢിയുടെയും വര്‍ഷങ്ങള്‍ക്കു മുന്നെ തലയെടുപ്പോടെ നിന്ന മരടിലെ ~ാറ്റ് നിമിഷങ്ങള്‍ കൊണ്ട് നിലംപതിക്കുന്നതിന്റെയും എല്ലാം ദൃശ്യങ്ങള്‍ പോയവര്‍ഷത്തിന്റെ അധ്യായങ്ങളായി അവശേഷിക്കുന്നു.
ഓരോ ചിത്രങ്ങളും ഓരോ അനുഭവങ്ങളും സ്മരണകളും നഷ്ടങ്ങളും നേട്ടങ്ങളുമാണ്. വാക്കുകള്‍കൊണ്ടും ചായങ്ങള്‍ കൊണ്ടും കഥ പറയുന്നവരെപോലെതന്നെ ക്യാമറ ലെന്‍സുകൊണ്ട് കഥ പറയുന്ന ഫോട്ടോഗ്രാഫര്‍മാരും തികഞ്ഞ കലാകാരന്മാര്‍തന്നെയാണെന്ന് തെളിയിക്കുന്നു. 1997 ല്‍ ആരംഭിച്ച ഫോട്ടോ പ്രദര്‍ശനത്തില്‍ പങ്കാളികളായിരുന്ന പത്രഫോട്ടോഗ്രാഫര്‍മാരെ ആദരിച്ചു.
വാര്‍ത്തകള്‍ പേജുകളില്‍ ഇടം നേടുമ്പോള്‍ ചിത്രങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്നു. എന്നാല്‍ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഫോട്ടോഗ്രാഫര്‍മാര്‍ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ലല്ലോ. വിവിധ പത്രങ്ങളില്‍ ജോലിചെയ്യുന്നവര്‍ ആണെങ്കിലും ഫീല്‍ഡിലെ മത്സരവും പത്രങ്ങളിലെ നയവ്യത്യാസങ്ങളും മറന്ന് സൗഹൃദപൂര്‍വം ഫോട്ടോഗ്രാഫര്‍മാര്‍ നടത്തിയ ഈ ചിത്രപ്രദര്‍ശനത്തിന് ആസ്വദകരായി അനേകം ആളുകളാണ് എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: