ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ആകാശ അഭ്യാസ പ്രദര്ശനസംഘം സാരംഗ് പ്രദര്‍ശനത്തിനായി റഷ്യയിലേയ്ക്ക്. റഷ്യയിലെ സുകൊവസ്കി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടക്കുന്ന മാക്സ് (MAKS) അന്താരാഷ്ട്ര വ്യോമ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാണ് സംഘം റഷ്യയിലേയ്ക്ക് തിരിച്ചത്. നിരവധി രാജ്യങ്ങളില്‍ പ്രകടനം കാഴ്ചവെച്ചിട്ടുള്ള സാരംഗ് മാക്സില്‍ ആദ്യമായാണ് പങ്കെടുക്കുന്നത്.
ഇന്ത്യയില്‍ പൂര്‍ണമായും നിര്‍മ്മിച്ച ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് സാരംഗ് സംഘം അഭ്യാസ പ്രകടനത്തിനായി ഉപയോഗിക്കുന്നത്. അത്യാധുനിക എവിയോനിക്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ എച്എഎല് നിര്‍മ്മിച്ച ധ്രുവ് ഹെലികോപ്റ്ററുകള്‍ കരസേന, നാവികസേന, തീരസംരക്ഷണസേന വിഭാഗങ്ങളിലും സേവനം അനുഷ്ഠിക്കുന്നുണ്ട്.
2003 ല്‍ ബാംഗ്ലൂരിലാണ് സാരംഗ് ടീമിന് രൂപം നല്‍കിയത്. രണ്ടായിരത്തി നാലില്‍ സിംഗപ്പൂരില്‍ വച്ച് നടന്ന ഏഷ്യന്‍ എയ്റോസ്പേസ് വ്യോമ പ്രദര്‍ശനമാണ് സംഘം പങ്കെടുത്ത ആദ്യ അന്താരാഷ്ട്ര പ്രദര്‍ശനം. തുടര്‍ന്ന് യുഎഇ, ജര്‍മ്മനി, യുകെ, ബഹറിന്‍, മൗറീഷ്യസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.
വ്യോമ പ്രദര്‍ശനങ്ങള്‍ക്കു പുറമേ നിരവധി മനുഷ്യാവകാശ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സംഘം പങ്കെടുത്തിട്ടുണ്ട്. 2013ല്‍ ഉത്തരാഖണ്ഡിലെ ഓപ്പറേഷന് റാഹത്ത്, 2017ല്‍ കേരളത്തിലെ ഓഖി ചുഴലിക്കാറ്റ്, 2018ല്‍ കേരളത്തിലെ ഓപ്പറേഷന് കരുണ പ്രളയദുരിതാശ്വാസം എന്നിവ സാരംഗ് സംഘം പങ്കെടുത്ത ചില ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: