കണ്ണൂര്‍ : പാനൂര്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍, കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുള്ള ഒദയോത്ത് അനീഷാണ് പിടിയിലായിരുക്കുന്നത്. ഒളിവിലായിരുന്ന ഇയാളെ തലശ്ശേരി പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് അന്വേഷണം കാര്യക്ഷമല്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
മന്‍സൂര്‍ കൊലപാതകക്കേസില്‍ ആദ്യം അനീഷിന്റെ പേര് ഉണ്ടായിരുന്നില്ല. പിന്നീടാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. പ്രതിപ്പട്ടികയിലുള്ള മിക്കവരും സിപിഎം നേതാക്കളു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമാണ്. എട്ടാം പ്രതി ശശി സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിര്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും, അഞ്ചാം പ്രതി സുഹൈല്‍ ഡിവൈഎഫ്ഐ പാനൂര്‍ മേഖല ട്രഷററുമാണ്.
നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ വെള്ളിയാഴ്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. രതീഷിന്റെ മൃതദേഹം ഇന്ന് കാലിക്കുളമ്പില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
അതേസമയം അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സിപിഎമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് ആരോപണം. എഫ്ഐആറിലുള്ള ഒരു പ്രതികളെയും ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. തലശ്ശേരി, ധര്‍മ്മടം ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. മന്‍സൂറിന്റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്സാപ്പിലൂടെയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. റിമാന്‍ഡിലായ പ്രതി ഷിനോസിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് കിട്ടിയത്.
കൊലപാതകം നടന്ന സമയത്ത് നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ച ഷിനോസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഗൂഢാലോചന തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്. കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന് മുഹ്സിനെ ആക്രമിക്കാമെന്ന തരത്തിലുള്ള വാട്സാപ്പ് സന്ദേശങ്ങള്‍ ഫോണിലുണ്ടായിരുന്നു. ബോംബും വടിവാളുകളും ശേഖരിച്ചതും വാട്സാപ്പ് വഴിയെന്നാണ് പോലീസിന്റെ നിഗമനം. ഫോണില്‍ നിന്ന് നീക്കം ചെയ്ത മെസേജുകള്‍ തിരിച്ചെടുക്കാനായി സൈബര്‍ സെല്ലിന് കൈമാറി. കേസിലെ മുഖ്യപ്രതികളായ സുഹൈലിനെയും ശ്രീരാഗിനെയും ഈ ഫോണില്‍ നിന്ന് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: