ഇന്ധനവില അനുദിനമെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നു എന്നത് ശരിയാണ്. ജനജീവിതത്തെ അത് നേരിട്ട് ബാധിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ കാര്യം പ്രത്യേകിച്ചും. അടിസ്ഥാന പ്രശ്നം പെട്രോളും ഡീസലും എങ്ങനെ മിതമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കാനാവും എന്നതാണ്. ഇന്ധനവിലവര്‍ധന രാഷ്ട്രീയായുധമാക്കി കേന്ദ്ര വിരുദ്ധ സമരം നടത്തുന്നവരൊന്നും ഈ വഴിക്ക് ചിന്തിച്ചു കാണുന്നില്ല. എന്നുമാത്രമല്ല, എന്തുകൊണ്ട് പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്നു എന്ന് വസ്തുനിഷ്ഠമായി വിശദീകരിക്കാന്‍ ശ്രമിക്കുന്നവരുടെ മേല്‍ കുതിര കയറി രസിക്കാനാണ് പലര്‍ക്കും താല്‍പ്പര്യം. ഇന്ധന വില കയറുക മാത്രമല്ല, പലപ്പോഴും വിലയില്‍ കുറവു വരാറുമുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്.
ഇന്ധനവിലവര്‍ധനയില്‍ ചിലര്‍ രാഷ്ട്രീയപ്രേരിതമായി കേന്ദ്ര സര്‍ക്കാരിനെ ഏകപക്ഷീയമായാണ് കുറ്റപ്പെടുത്തുന്നത്. ആഗോളതലത്തില്‍ അസംസ്കൃത എണ്ണയുടെ വില നിര്‍ണയിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് അധികാരമൊന്നുമില്ല. രാജ്യത്ത് എണ്ണവില തീരുമാനിക്കുന്നത് കമ്പനികളുമാണ്. കോണ്‍ഗ്രസ്സ് നേതൃത്വം നല്കിയ യുപിഎ ഭരണകാലത്താണ് ഇപ്രകാരം തീരുമാനിച്ചത്. ഈ വസ്തുത മറച്ചുപിടിച്ചുകൊണ്ടാണ് ഇന്ധനവില വര്‍ധിപ്പിച്ച് സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുകയാണ് മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ്സ് വിമര്‍ശിക്കുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷികളായ ഇടതുപാര്‍ട്ടികളും ഇത് ഏറ്റുപിടിക്കുന്നു. യഥാര്‍ത്ഥത്തില്‍ കേന്ദ്ര-സംസ്ഥാന നികുതികള്‍ ഒരേപോലെ ഇന്ധനവിലവര്‍ധനയ്ക്ക് കാരണമാണ്. കേരളത്തിന്റെ കാര്യമെടുത്താല്‍ കേന്ദ്രത്തിന് ലഭിക്കേണ്ട അത്രതന്നെ നികുതി സംസ്ഥാനത്തിനും ലഭിക്കുന്നുണ്ട്. കേന്ദ്ര നികുതിയില്‍നിന്ന് സംസ്ഥാനത്തിന് വിഹിതവും ലഭിക്കുന്നു. സംസ്ഥാന നികുതി വേണ്ടെന്നുവയ്ക്കുകയോ കുറയ്ക്കുകയോ ചെയ്താല്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് പെട്രോളും ഡീസലും നല്‍കാനാവും. എന്നാല്‍ ഇതിന് പല സംസ്ഥാന സര്‍ക്കാരുകളും തയ്യാറല്ല. അടുത്തകാലത്ത് അസമിലെയും രാജസ്ഥാനിലെയും സര്‍ക്കാരുകള്‍ പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയിട്ടുള്ള നികുതികള്‍ കുറച്ചിരുന്നു. പക്ഷേ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ഇതിനെതിരാണ്. ഇങ്ങനെയൊരു മോഹം ആര്‍ക്കും വേണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറയാതെ പറയുന്നത്. എന്നിട്ട് കേന്ദ്ര വിരുദ്ധ വികാരം കുത്തിപ്പൊക്കുകയും ചെയ്യുന്നു.
കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന പ്രധാന നികുതിവരുമാനമാണ് ഇന്ധനങ്ങളില്‍നിന്നുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പദ്ധതികള്‍ക്കുമായാണ് ഇത് വിനിയോഗിക്കുന്നത്. കൊവിഡ് പ്രതിരോധകാലത്ത് നികുതിവരുമാനം വേണ്ടെന്നു വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനാവില്ല. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഇത് ആവശ്യവുമാണ്. ഇന്ധനവില നിര്‍ണയം കമ്പനികള്‍ക്ക് വിട്ടുകൊടുത്ത രീതി പുനഃപരിശോധിക്കാവുന്നതാണ്. അങ്ങനെ ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ല. കോണ്‍ഗ്രസ്സ് ഭരണകൂടത്തിന്റെ ഒരു തെറ്റ് തിരുത്തുകയും ചെയ്യാം. പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് ചിലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അങ്ങനെയായാല്‍ കുറഞ്ഞ വിലയ്ക്ക് ഇന്ധനം നല്‍കാനാവും. ഇതിന് സംസ്ഥാനങ്ങള്‍ സഹകരിക്കണം. പല സംസ്ഥാനങ്ങളും ഇതിന് തയ്യാറല്ല. നികുതി പിരിക്കുന്നതില്‍ വലിയ താല്‍പ്പര്യമൊന്നും കാണിക്കാത്ത കേരളത്തില്‍ സ്വാഭാവികമായി ലഭിച്ചുകൊണ്ടിരിക്കുന്നതാണ് ഇന്ധന നികുതി. ഇത് പോകുന്നതാകട്ടെ കിഫ്ബി വഴി എടുത്ത കടത്തിന്റെ പലിശയടവിനും. ഇന്ധനവിലയുടെ കാര്യത്തില്‍ കക്ഷത്തിലുള്ളതു പോവാനും പാടില്ല, ഉത്തരത്തിലുള്ളത് എടുക്കുകയും വേണം എന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. അസമിലെ ബിജെപി സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ച് വഴികാട്ടിയിരിക്കെ പിണറായി സര്‍ക്കാര്‍ അതിന് തയ്യാറാവുമോ എന്നതാണ് ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: