പത്തനാപുരം: ഏറെക്കാലമായി പുകഞ്ഞുനിന്ന സിപിഎം തലവൂര്‍ ലോക്കല്‍ കമ്മറ്റിയിലെ ചേരിപ്പോര് കൂടുതല്‍ രൂക്ഷമായി. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ നേതാക്കള്‍ക്കിടയിലെ അഭിപ്രായഭിന്നതകളും കുതികാല്‍വെട്ടും വലിയ പ്രതിസന്ധിയിലേക്കാണ് പാര്‍ട്ടിയെ എത്തിച്ചിരിക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുളള തര്‍ക്കമാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണം. ജില്ലാപഞ്ചായത്തിലേക്ക് തലവൂര്‍ ഡിവിഷന് സ്ഥാനാര്‍ഥിയായി ആദ്യം പരിഗണിച്ചത് ജില്ലാകമ്മറ്റി അംഗമായ ബി. അജയകുമാറിനെയായിരുന്നു. എന്നാല്‍ ബി. അജയകുമാര്‍ മത്സരരംഗത്ത് നിന്ന് സ്വയം പിന്മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കൂടെയുളളവര്‍ തന്നെ തെരഞ്ഞെടുപ്പില്‍ പണികൊടുക്കുമെന്ന ഭയത്തെ തുടര്‍ന്നായായിരുന്നു പിന്മാറ്റം. അജയകുമാറിനോട് അടുപ്പമുളള ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ ആര്.എല്‍. വിഷ്ണുകുമാറിന്റെ പേര് പരിഗണനയില്‍ വന്നെങ്കിലും അതും വെട്ടിനിരത്തി. ഏറ്റവും ഒടുവില്‍ കേള്‍ക്കുന്നത് തലവൂര്‍ പഞ്ചായത്ത് പ്രസിഡന്റായി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ എസ്. രാകേഷിനെയും മത്സരരംഗത്ത് നിന്നും ഒഴിവാക്കിയെന്ന വാര്‍ത്തയാണ്.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി ജനറല്‍ സീറ്റായ തലവൂര്‍ ഡിവിഷനില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ഒടുവില്‍ രാജേഷിനെയും അടിച്ചമര്‍ത്തുകയായിരുന്നു. ബി. അജയകുമാറിന്റെ പക്ഷക്കാരെ പുറകെ നടന്ന് വേട്ടയാടുകയാണെന്ന ആക്ഷേപം തലവൂരിലെ സിപിഎമ്മിനുളളില്‍ രൂക്ഷമാണ്. കര്‍ഷകസംഘം ജില്ലാ നേതാവിന്റെ ആധിപത്യമാണ് അടിച്ചമര്‍ത്തലുകള്‍ക്ക് പിന്നിലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. തലവൂര്‍ ബ്ലോക്ക് ഡിവിഷനില്‍ സ്ഥാനാര്‍ഥിയെ ഇതുവരെയും നിശ്ചയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: