കൊല്ലം: കോര്‍പ്പറേഷന്റെ അങ്കത്തട്ടില്‍ കടപ്പാക്കട ഡിവിഷനില്‍ പട നയിക്കുന്നത് യുവത്വത്തിന്റെ കരുത്ത്. ഇന്നലെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ബിജെപിയുടെ ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന നിലയില്‍ ശ്രദ്ധേയ ആവുകയാണ് വി.ആര്. കൃപ. വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ ചൂടും ചൂരും അറിഞ്ഞ് പൊതുരംഗത്തേക്ക് വന്ന നിയമവിദ്യാര്‍ഥിനി. പ്രായം 21 വയസ്സും നാലു മാസവും.
ചിന്നക്കടയില്‍ വര്‍ഷങ്ങളായി തുന്നല്‍ കട നടത്തുന്ന കടപ്പാക്കട ശ്രീനഗര്‍ – 37 വിനോദ് മന്ദിരത്തില്‍ ആര്. വിനോദിന്റെയും വീട്ടമ്മയായ എസ്. രജിതയുടെയും രണ്ടാമത്തെ മകള്‍. കൊല്ലം എസ്എന്‍ ലോ കോളേജിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി. എബിവിപിയിലൂടെ 2017ല്‍ പൊതുപ്രവര്‍ത്തനത്തിലേക്കെത്തി. നേതൃഗുണവും ആദര്‍ശനിഷ്ഠയും ഒത്തുചേര്‍ന്ന വ്യക്തിത്വത്തെ തിരിച്ചറിഞ്ഞ എബിവിപിയിലെ മുതിര്‍ന്ന നേതാക്കള്‍ കൊല്ലം നഗര്‍ ജോയിന്റ് സെക്രട്ടറി ചുമതല ഏല്‍പ്പിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്കായി എബിവിപി നടത്തിയ സമരങ്ങളിലൂടെ കൃപ നായികയായി. പിന്നീട് നഗര്‍ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായി.
കൃപയ്ക്ക് പേരിട്ടതും ആദ്യ ഉരുള നല്കിയതും വിശ്വമാതാവായി ലോകം വാഴ്ത്തുന്ന മാതാ അമൃതാനന്ദമയി അമ്മയാണ്. എഴുത്തിനിരുത്തിയതാകട്ടെ അമ്മയില്‍ നിന്ന് നേരിട്ട് സന്ന്യാസം സ്വീകരിച്ച ശിഷ്യന് സ്വാമി തുരീയാമൃതാനന്ദപുരിയും. പേരൂര്‍ അമൃത വിദ്യാലയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം. പാരിപ്പള്ളി അമൃത സംസ്കൃത എച്ച്എസ്എസില്‍ നിന്ന് ഹ്യുമാനിറ്റീസില്‍ പ്ലസ്ടു മികച്ച മാര്‍ക്കോടെ വിജയിച്ചാണ് കൃപ നിയമപഠനത്തിന് ചേര്‍ന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ അച്ഛന് വിനോദില്‍ നിന്നാണ് കൃപയും ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യം ഏറ്റുവാങ്ങിയത്. സംഗീതം ഏറെ ഇഷ്ടപ്പെടുകയും സ്കൂള്‍ തലത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടുകയും ചെയ്ത കൃപ മികച്ച പ്രാസംഗിക കൂടിയാണ്.
കാമ്പിശ്ശേരി കരുണാകരന്റെയും പത്രപ്രവര്‍ത്തകരിലെ അതികായനായ വി. ലക്ഷ്മണന്റെയും തോപ്പില്‍ ഭാസിയുടെയും പ്രവര്‍ത്തനമേഖലയായിരുന്ന ചുവപ്പന്‍ കോട്ടയെന്ന് പേരുകേട്ട കടപ്പാക്കട വീറുറ്റ പോരാട്ടത്തിലൂടെ പിടിച്ചെടുക്കാനാണ് ബിജെപി യുവരക്തത്തെ തന്നെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കിയിരിക്കുന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഡിവിഷനിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളിലൊരുവളായി വോട്ടുചോദിക്കുകയാണ് കൃപ. വി.ആര്. അമൃത മൂത്തസഹോദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: