ഇടുക്കി: വാഹനാപകടത്തെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്ന എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി സാജന് മാത്യു(35) അന്തരിച്ചു. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ചിട്ടും സാജനെ നേതൃത്വം തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത്.
സിപിഎമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരിക്കെയാണ് എട്ട് വര്‍ഷം മുമ്പ് അപകടമുണ്ടാകുന്നത്. ഇതേ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചെങ്കിലും സാജന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതോടെ കിടപ്പിലായ സാജന് അന്ന് ചെറിയ തോതില്‍ സഹായങ്ങള്‍ ലഭിച്ചെങ്കിലും പിന്നീട് പാര്‍ട്ടിയുടെ ആളുകള്‍ തിരിഞ്ഞ് നോക്കിയിരുന്നില്ല. ചില സുഹൃത്തുക്കളും നാട്ടുകാരുമാണ് ഇയാള്‍ക്കും കുടുംബത്തിനും സഹായവുമായി പതിവായി എത്തിയിരുന്നത്. സഹോദരിയുടെ വീട്ടിലായിരുന്നു താമസം. മന്ത്രിമാരും എംഎല്‍മാരും വിദേശത്തടക്കം ചികിത്സ തേടി പോകുമ്പോഴാണ് പാര്‍ട്ടിയുടെ ജില്ലയിലെ തന്നെ മുതിര്‍ന്ന ഒരു നേതാവിന് ഇത്തരമൊരു ഗതി വന്നത്.
2012 സപ്തംബര്‍ ഏഴിന് ചെന്നൈയില്‍ നടന്ന എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ച് വരുമ്പോഴാണ് തമിഴ്നാട്ടില്‍വെച്ച് അപകടം ഉണ്ടാകുന്നത്. മുണ്ടക്കയത്ത് നിന്ന് കട്ടപ്പനയിലേക്ക് പഠനവുമായിട്ടാണ് സാജു എത്തുന്നത്. പിന്നീട് മൂന്നാര്‍ കോളേജില്‍ പഠനത്തിനെത്തി. ഇതോട മേഖല കേന്ദ്രീകരിച്ച് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. മൂന്നാര്‍ ഏരിയ കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭരണമുണ്ടായിട്ടും തളര്‍ന്ന് കിടന്നിരുന്ന സാജനെ പാര്‍ട്ടി അവഗണിക്കുകയായിരുന്നുവെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ തുറന്ന് പറയുന്നു. നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും അവഗണനമാത്രമായിരുന്നു ഫലം. നിലവില്‍ പലര്‍ക്കും പാര്‍ട്ടി സഹായം ചെയ്യുമ്പോഴും അര്‍ഹതപ്പെട്ട പലരും ഇത്തരത്തില്‍ പടിക്ക് പുറത്താണ്. ഈ മനോവിഷമം സാജനുണ്ടായിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: