തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ഇന്നലെ ഉപചാരം ചൊല്ലിപ്പിരിഞ്ഞത് ഭഗവതിമാരല്ല, പതിനായിരക്കണക്കിന് പൂരപ്രേമികളുടെ മനസ്സാണ്. ചരിത്രത്തിലിടം നേടിയ പൂരമാമാങ്കത്തിന് പരിസമാപ്തിയാകുമ്പോള്‍ വടക്കുന്നാഥന്റെ മണ്ണില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പൂരപ്രേമികള്‍ നല്കിയ സ്വീകരണം തങ്കലിപികളാല്‍ രേഖപ്പെടുത്തുമെന്നതില്‍ സംശയമില്ല. കാരണം ഇക്കഴിഞ്ഞത് രാമന്റെകൂടി പൂരമായിരുന്നു.
രാവിലെ പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും നായ്ക്കനാലില്‍ നിന്ന് തിരുവമ്പാടി ഭഗവതിയും എഴുന്നള്ളിയെത്തുമ്പോള്‍ സ്ത്രീകളും തട്ടകക്കാരുമടക്കം പതിനായിരങ്ങള്‍ ശ്രീമൂലസ്ഥാനത്ത് തിങ്ങിനിറഞ്ഞിരുന്നു. 15 വീതം ഗജവീരന്മാരണിനിരന്ന എഴുന്നള്ളിപ്പിന് അകമ്പടിയായി പെരുവനം കുട്ടന്മാരാരും കിഴക്കൂട്ട് അനിയന്‍മാരാരും നയിച്ച പാണ്ടി മേളത്തിന് പൂരനഗരി ഒന്നടങ്കം താളംപിടിച്ചു. ഉപചാരം ചൊല്ലല്‍ ചടങ്ങിനായി പാറമേക്കാവ് ഭഗവതിയുടെ തിടമ്പ് ഗുരുവായൂര്‍ നന്ദനില്‍ നിന്ന് പാറമേക്കാവ് ദേവീദാസനിലേക്ക് മാറ്റി. ദേവസോദരിമാര്‍ മുഖാമുഖം കണ്ടതോടെ ശ്രീമൂലസ്ഥാനത്ത് തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയ തിരുവമ്പാടി ചെറിയ ചന്ദ്രശേഖരനും പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ പാറമേക്കാവ് ദേവീദാസനും 12.50ന് തുമ്പിക്കൈകള്‍ ഉയര്‍ത്തി വിടചൊല്ലിയതോടെ പൂരത്തിന് സമാപനമായി.
വെടിക്കെട്ടിന് ശേഷം പൂരക്കഞ്ഞിയും കുടിച്ചാണ് പൂരപ്രേമികള്‍ മടങ്ങിയത്. ഇനി ലോകമെമ്പാടുമുള്ള പൂരപ്രേമികളുടെ മനസ്സില്‍ അടുത്ത മേടത്തിലെ പൂരം നാള് മാത്രം. 2020 മെയ് രണ്ടിനാണ് അടുത്ത വര്‍ഷത്തെ പൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: